ന്യൂഡൽഹി: നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത ശേഷമാണ് ചില നിയമങ്ങൾ പൂർണമായും പ്രാവർത്തികമാക്കാമെന്ന് ജനത്തിന് അനുഭവഭേദ്യമായത്. സർക്കാർ ഓഫീസുകളിലെ ചുവപ്പ് നാടയെ ഇല്ലാതാക്കാൻ വേണ്ടി അദ്ദേഹം അനുവർത്തിച്ച യുദ്ധകാല പ്രവർത്തനങ്ങളും സ്വച്ഛഭാരത് പദ്ധതിയും ചില ഉദാരഹണങ്ങൾ മാത്രം. എന്നാൽ വ്യവസായ ഭീമൻ അദാനിക്ക് മുന്നിൽ പ്രധാനമന്ത്രി തന്റെ എല്ലാ ആദർശങ്ങളും പണയം വയ്ക്കുന്നുവോയെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയേണ്ടതില്ല. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴെ അദാനിയെ കൈയയച്ച് സഹായിച്ച മോദി പ്രധാനമന്ത്രിയായപ്പോഴും അദാനിയെ കൈവിട്ടിട്ടില്ലന്നാണ് പുതിയ സംഭവികാസങ്ങൾ വ്യക്തമാക്കുന്നത്. ഇപ്പോൾ 370 ഏക്കർ റിസർവ് വനഭൂമി അദാനിയുടെ തെർമൽ പവർ സ്‌റ്റേഷൻ സ്ഥാപിക്കാൻ വിട്ട് കൊടുത്ത് മോദി വീണ്ടും അദാനിയോടുള്ള തന്റെ കൂറ് തെളിയിച്ചിരിക്കുകയാണ്. വിദർഭയിലെ ഗോൻഡിയ ജില്ലയിലുള്ള ഭൂമിയാണ് അദാനിക്ക് പതിച്ച് കൊടുത്തിരിക്കുന്നത്.

ഇവിടെ 1980 മെഗാവാട്ട് കോൾ ബേസ്ഡ് തെർമൽ പവർ സ്റ്റേഷൻ സ്ഥാപിക്കാനാണ് അദാനിഗ്രൂപ്പ് പദ്ധതി തയ്യാറായക്കിയിരിക്കുന്നത്. 2008ൽ തന്നെ ഈ പ്രദേശം പ്രസ്തുതപദ്ധതിക്ക് വേണ്ടി കണ്ടെത്തിയിരുന്നു. എന്നാൽ ആറ് വർഷങ്ങൾക്ക് ശേഷം ഈ വർഷം ഓഗസ്റ്റ് 28നാണ് നരേന്ദ്ര മോദി സർക്കാർ ഇതു സംബന്ധിച്ച അനുമതി നൽകിയിരിക്കുന്നത്. ഇതിനെത്തുടർന്ന് സംസ്ഥാന വനംവകുപ്പ് ഈ ഭൂമി പ്രസ്തുത പ്രൊജ്ക്ടിന് അനുവദിച്ച് കൊണ്ട ഒക്ടോബർ 20ന് ഉത്തരവിറക്കിയിരിക്കുകയാണ്.

ഇതുമായി ബന്ധപ്പെട്ട സൂക്ഷമപരിശോധനയും ശിപാർശകളും കേന്ദ്രത്തിനായ മഹാരാഷ്ട്ര സർക്കാർ അയച്ചുവെന്നും ഈ സ്ഥലത്തിന്റെ നെറ്റ് പ്രസന്റ് വാല്യൂ അടച്ച് കഴിഞ്ഞുവെന്നും വനഭൂമി വെട്ടിത്തെളിക്കുന്നതിനുള്ള പണം സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടെന്നും അഡീഷണൽ പ്രിൻസിപ്പൽ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സുരേഷ് ഗൈറോള പറഞ്ഞു. കേന്ദ്ര സർക്കാർ പ്രസ്തുത പദ്ധതിക്ക് അനുമതി നൽകിയിട്ടുണ്ടെന്നും അതിനനുസരിച്ച് വനഭൂമി പരിവർത്തനം ചെയ്യാൻ തങ്ങൾ ഓർഡർ നൽകിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസ്തുത പ്രൊജക്ടുമായി ബന്ധപ്പെട്ട് 2008ൽ ഗോൻഡിയ ജില്ലാ കളക്ടർ ഒരു സർട്ടിഫിക്കറ്റ് പുറത്തിറക്കിയിരുന്നു. പ്രൊജക്ടിനായി ബാക്കിയെല്ലാം സംഗതികളും തയ്യാറായിട്ടുണ്ടെന്നും എന്നാൽ വനഭൂമിയല്ലാത്ത പ്രദേശം ഇതിന് ലഭ്യമായിട്ടില്ലെന്നുമാണ് അത് വ്യക്തമാക്കിയിരുന്നത്. ഗോരദ, മെൻഡിപൂർ, കച്ചെവാണി, ഖൈർബാദി ഗ്രാമങ്ങളെക്കൂടി അദാനിയുടെ പവർ പ്രൊജക്ടുകൾക്കായി കലക്ടർ പരിഗണിച്ചിരുന്നുവെന്നും ആ റിപ്പോർട്ടിലുണ്ട്.

ഫോറസ്റ്റ് അഡൈ്വസറി കമ്മിറ്റി ഓഫ് ദി മിനിസ്റ്ററി ഓഫ് എൻവയോൺമെൻര് ആൻഡ് ഫോറസ്റ്റ്‌സ് ഈ പ്രൊജക്ടിന് 2011 ഡിസംബർ ഒമ്പതിന് പ്രിൻസിപ്പൽ അപ്രൂവൽ നൽകിയിരുന്നു. ഇതു സംബന്ധിച്ച അന്തിമ അനുമതി മന്ത്രാലയം ഈ വർഷം ഓഗസ്റ്റ് 29നാണ് നൽകിയത്. 17 വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഭൂമി വിട്ട് കൊടുത്തിരിക്കുന്നത്. പവർ‌സ്റ്റേഷന് ചുറ്റും ഗ്രീൻബെൽററ് സ്ഥാപിക്കണമെന്നത് അതിൽ പ്രധാനപ്പെട്ട വ്യവസ്ഥയാണ്. വന്യജീവികളുടെ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളും നടത്തണം. മണ്ണൊലിപ്പ് തടയാനും മാലിന്യനിർമ്മാർജനം ചെയ്യാനുമുള്ള പ്രവർത്തനങ്ങളും കാര്യക്ഷമമായി നിർവഹിക്കാൻ വ്യവസ്ഥയുണ്ട്.

മോദിയുടെ തണലിൽ ചുരുങ്ങിയ കാലം കൊണ്ട് വളർന്നു വന്ന വ്യവസായിയാണ് അദാനിയെന്ന് കാണാം. വെറും ഒരു വർഷത്തിനുള്ളിൽ 152 ശതമാനം എന്ന തോതിലാണ് അദാനിയുടെ സ്വത്ത് വർധിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു കാലത്ത് മോദിക്ക് സഞ്ചരിക്കാൻ സ്വകാര്യ വിമാനം അനുവദിച്ച ഈ വ്യവസായി ഇന്ന് ഒരു വർഷം കൊണ്ട് സ്വരുക്കൂട്ടിയത് 44,000 കോടി രൂപയുടെ ആസ്തിയാണ്.

ചൈന ആസ്ഥാനമായ ലക്ഷ്വറി പബ്ലിഷിങ് ആൻഡ് ഇവന്റ് ഗ്രൂപ്പായ ഹൂരൂൺ ഗ്രൂപ്പ് വർഷം തോറും പുറത്ത് വിടുന്ന ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽ പുതുതായ സ്ഥാനം പിടിച്ചയാളാണ് ഗൗതം അദാനി. ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി വ്യാപാരി മാത്രമല്ല രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖത്തിന്റെ ഓപ്പറേറ്ററുമാണ് അദാനി. പുതിയ തെർമൽ പ്രൊജക്ട് യാഥാർത്ഥ്യമാകുന്നതോടെ അദാനി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്റെ കിരീടത്തിലേക്ക് കുതിക്കുമെന്നുറപ്പാണ്.