ന്യൂഡൽഹി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മിഷൻ കേരളം, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങൾക്ക് പ്രളയ മുന്നറിയിപ്പു നൽകി. മൂന്നു സംസ്ഥാനങ്ങളിലായി ആറു നദികൾ കരകവിഞ്ഞ് വെള്ളപ്പൊക്കമുണ്ടാവാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളത്തിലെ പല പ്രദേശങ്ങളിലും കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ അതി തീവ്ര മഴയാണ് പെയ്തതെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. തമിഴ്‌നാട്ടിലെ ചില പ്രദേശങ്ങളിലും ശക്തമായ മഴ പെയ്തിട്ടുണ്ട്. കേരളം, ആൻഡമാൻ, കർണാടക, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ തീവ്രമോ അതി തീവ്രമോ ആയ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം അടുത്ത മൂന്നു ദിവസം കനത്ത മഴയ്ക്കും കാറ്റിനും കാരണമാവുമെന്നാണ് വിലയിരുത്തൽ.

കേരളത്തിൽ ഇത്തിക്കരയാറിലാണ് രൂക്ഷമായ വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മിഷന്റെ മുന്നറിയിപ്പ്. അപകട നിലയ്ക്കും മുകളിലാണ് ഇത്തിക്കരയാർ ഒഴുകുന്നതെന്ന് മുന്നറിയിപ്പിൽ പറയുന്നു. 2018 ഓഗസ്റ്റ് 16ന് രേഖപ്പെടുത്തിയതിലും മുകളിലാണ് നദിയുടെ ഒഴുക്ക്.കർണാടകയിലെയും തമിഴ്‌നാട്ടിലെയും ഏതാനും നദികളും കര കവിഞ്ഞ് ഒഴുകയാണെന്ന് ജലകമ്മിഷൻ ചൂണ്ടിക്കാട്ടി. ഇവിടെ വെള്ളപ്പൊക്ക മുന്നൊരുക്കങ്ങൾ സ്വീകരിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

അതേസമയം, സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. മൂന്നു പേർ മരിച്ചു. സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി റവന്യു വകുപ്പ് മന്ത്രി ജില്ലാ കളക്ടർമാരുടെ അടിയന്തര യോഗം 3 മണിക്ക് ചേരുന്നു.

മലപ്പുറം ജില്ലയിൽ രണ്ടു കുട്ടികളും കൊല്ലത്ത് ഒരു വയോധികനുമാണ് മരിച്ചത്. മലപ്പുറം കരിപ്പൂരിൽ വീട് തകർന്നാണ് രണ്ടു കുട്ടികൾ മരിച്ചത്.മതാകുളത്തെ അബൂബക്കർ സിദ്ദിഖിന്റെ മക്കളായ ലിയാന ഫാത്തിമ, ലുബാന ഫാത്തിമ എന്നിവരാണ് മരിച്ചത്. വീടിന് പിൻഭാഗത്ത് ഉയർന്ന് നിന്നിരുന്ന ചെങ്കല്ലിന്റെ മതിലടക്കം കുട്ടികൾ കിടന്ന മുറിയിലേക്ക് ഇടിഞ്ഞു താഴുകയായിരുന്നു. മാതാവ് സുമയ്യയും വീട്ടിലുണ്ടായിരുന്നു.

ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞു. വീടുകളിൽ വെള്ളം കയറി. ജലനിരപ്പ് ഉയർന്നതോടെ പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ തുറന്നു. ചാലക്കുടിയിലെ റെയിൽവെ അടിപ്പാത വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളിൽനിന്ന് ആളുകളെ ഒഴുപ്പിക്കുകയാണ്. ജില്ലാ കലക്ടർ ഹരിത വി.കുമാർ, ദുരന്തനിവാരണ ഡപ്യൂട്ടി കലക്ടർ ഐ.ജെ.മധുസൂദനൻ, തഹസിൽദാർ ഇ.എൻ.രാജു എന്നിവർ സ്ഥലത്ത് ക്യാംപ് ചെയ്ത് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം ചാലക്കുടിയിലെത്തി. താലൂക്ക് കൺട്രോൾ റൂം പ്രവർത്തനം റവന്യൂ ഡിവിഷണൽ ഓഫിസറുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

അതിരപ്പിള്ളി റൂട്ടിൽ കാഞ്ഞിരപ്പിള്ളിയിൽ ഡ്രീംവേൾഡ് പാർക്കിന്റെ ഭാഗത്ത് വെള്ളം കയറി. അതിരപ്പിള്ളി യാത്രികർ യാത്രകൾ ഒഴിവാക്കണം

ആലുവാ പുഴയിൽ കിഴക്കുനിന്നുള്ള ഒഴുക്കു ശക്തമായതോടെ ജലനിരപ്പുയർന്നു. ശിവക്ഷേത്രത്തിന്റെ 95 ശതമാനത്തോളം ഇതിനകം വെള്ളത്തിനടിയിലായി. ഇതേത്തുടർന്നു പുഴയോരത്ത് നടത്തിയിരുന്ന ബലിതർപ്പണം മണപ്പുറത്തെ ദേവസ്വം ഹാളിലേക്ക് മാറ്റി. ഈ വർഷം പലതവണ ജലനിരപ്പുയർന്നുവെങ്കിലും ശിവക്ഷേത്രത്തിൽ ആറാട്ടായില്ല. ആലുവാ പുഴയിൽ ശിവക്ഷേത്രം പൂർണമായും മുങ്ങുന്നത് ശിവഭഗവാന്റെ ആറാട്ടായാണ് കണക്കാക്കുന്നത്. ജലനിരപ്പുയർന്നാലും ഇവിടെ പൂജാദി കർമ്മങ്ങൾ മുടങ്ങില്ല. ശിവക്ഷേത്രത്തിലേക്കു വെള്ളം കയറിയെങ്കിലും പെരിയാറിന്റെ മറ്റ് പ്രദേശങ്ങളിൽ കാര്യമായി പുഴ കരകവിഞ്ഞിട്ടില്ല. ഒഴുക്ക് ശക്തമായതിനാൽ പുഴയിൽ കുളിക്കാനിറങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

പത്തനംതിട്ടയിൽ രണ്ടു ദിവസമായി തുടരുന്ന മഴയിൽ അച്ചൻകോവിൽ ആറ് കരകവിഞ്ഞു. പത്തനംതിട്ട നഗരത്തിനു സമീപ പ്രദേശങ്ങളായ താഴൂർക്കടവ്, വെട്ടൂർ, കുമ്പഴ, ഓമല്ലൂർ റോഡുകളിൽ വെള്ളം കയറി. ചെറിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയില്ല. ലോറിയും ബസും ഒഴികെയുള്ള വാഹനങ്ങൾ ഓട്ടം നിർത്തി. ഇവിടെ ജലനിരപ്പ് ഇപ്പോഴും ഉയരുകയാണ്.

കോഴിക്കോട് കനത്ത മഴയെ തുടർന്ന് മാവൂർ - ചാത്തമംഗലം പെരുവയൽ ഗ്രാമ പഞ്ചായത്തുകളിലെ പല സ്ഥലങ്ങളിലും വ്യാപകമായ മണ്ണിടിച്ചിൽ. ഹെക്ടർ കണക്കിന് കൃഷി വെള്ളത്തിനടിയിലായി. വാഴ, നെല്ല് കൃഷിയാണ് വെള്ളം കയറി നശിക്കുന്നത്. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ അരയങ്കോട് ചിറ്റാരിപ്പിലാക്കൽ റോഡിൽ അടിപറമ്പ റോഡിന്റെ ഇരുവശവും ഇടിഞ്ഞുവീണ് അപകടാവസ്ഥയിലാണ്. സൗത്ത് അരയങ്കോട്ട് വീടിന്റെ മതിലിടിഞ്ഞ് ഒരു ഓട്ടോയും രണ്ട് ഇരുചക്ര വാഹനങ്ങളും തകർന്നു.