- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
'ന്യൂനപക്ഷ വിഭാഗങ്ങളെ നിശ്ചയിക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിൽ നിക്ഷിപ്തം'; നിലപാട് മാറ്റി കേന്ദ്ര സർക്കാർ; സംസ്ഥാനങ്ങളുമായി കേന്ദ്രം ചർച്ച നടത്തണമെന്ന് സുപ്രീംകോടതി; മൂന്ന് മാസത്തെ സമയം
ന്യൂഡൽഹി: ഭൂരിപക്ഷം അല്ലാത്ത സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകുന്നത് സംബന്ധിച്ച ചർച്ചകൾക്ക് കേന്ദ്ര സർക്കാരിന് സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചു. സംസ്ഥാനങ്ങളുമായി ചർച്ച നടത്തുന്നതിന് മൂന്നുമാസത്തെ സമയമാണ് അനുവദിച്ചത്. അതേസമയം കേന്ദ്രത്തിന് വിഷയത്തിൽ ഇപ്പോഴും കൃത്യമായ തീരുമാനത്തിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഹിന്ദുക്കൾ എണ്ണത്തിൽ കുറവുള്ള സംസ്ഥാനങ്ങളിൽ ന്യൂനപക്ഷ പദവി നൽകണമെന്ന ഹർജിയിൽ കേന്ദ്രസർക്കാർ നിലപാടു മാറ്റിയിരുന്നു. അഡ്വക്കേറ്റ് അശ്വിനി ഉപാദ്ധ്യായ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് നിലപാടുമാറ്റം. 'ന്യൂനപക്ഷവിഭാഗങ്ങളെ നിശ്ചയിക്കാനുള്ള അവകാശം കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാണ്. സംസ്ഥാനങ്ങളും തൽപരവിഭാഗങ്ങളുമായും ചർച്ച ചെയ്ത് ഇക്കാര്യത്തിൽ തീരുമാനമെടുക്കും'- കേന്ദ്രസർക്കാർ വ്യക്തമാക്കി.
'ന്യൂനപക്ഷ പദവി നിർണയാധികാരം സംസ്ഥാനങ്ങൾക്ക് അനുവദിച്ചാൽ ദൂരവ്യാപകമായ ഫലങ്ങളുണ്ടായേക്കാം. സമഗ്ര ചർച്ച നടത്താതെ തീരുമാനമെടുക്കുന്നത് നന്നല്ല. അത് അപ്രതീക്ഷിതമായ പ്രശ്‌നങ്ങൾക്ക് ഇടയാക്കും'- കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി.
നേരത്തെ, ഹിന്ദുക്കൾക്ക് ന്യൂനപക്ഷപദവി നൽകുന്നതിൽ അതാത് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ഭരണഘടനയുടെ മുപ്പതാം വകുപ്പ് അനുമതി നൽകുന്നുണ്ടെന്നും കേന്ദ്രസർക്കാർ പറഞ്ഞിരുന്നു. ഇതിൽനിന്നു വ്യത്യസ്തമാണ് കേന്ദ്രം പുതിയ നിലപാട് സ്വീകരിച്ചത്.
ഓഗസ്റ്റ് 30-ന്, ഹർജി ഇനി പരിഗണിക്കുന്നതിന് മുൻപ് ചർച്ചകളുടെ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തിനോട് കോടതി നിർദ്ദേശിച്ചു. എല്ലാ വിഷയങ്ങളിലും കോടതിക്ക് ഉത്തരവിടാൻ കഴിയില്ല. ഇത്തരം ചില വിഷയങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കുന്നതാണ് നല്ലതെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകുന്നതിന് സംസ്ഥാനങ്ങളുമായി ചർച്ച അനിവാര്യമാണെന്ന കേന്ദ്രത്തിന്റെ ആവശ്യം അംഗീകരിച്ച് കൊണ്ടാണ് സുപ്രീം കോടതിയുടെ തീരുമാനം.
മുൻ നിലപാട് മാറ്റി, കേസ് പരിഗണിക്കുന്നതിന് തൊട്ടുമുൻപ് പുതിയ സത്യവാങ്മൂലം ഫയൽ ചെയ്ത കേന്ദ്രസർക്കാർ നിലപാടിനെ സുപ്രീം കോടതി വിമർശിച്ചു. ഹിന്ദുക്കൾ ഭൂരിപക്ഷം അല്ലാത്ത സംസ്ഥാനങ്ങളിൽ അവർക്ക് ന്യൂനപക്ഷപദവി നൽകുന്നതിനെ സംബന്ധിച്ച് ചർച്ച നടത്തുമെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ചൊവ്വാഴ്ച രാത്രിയാണ് സത്യവാങ്മൂലം ഫയൽ ചെയ്തത്. സംസ്ഥാനങ്ങളോടും ബന്ധപ്പെട്ട കക്ഷികളോടും ചർച്ച നടത്തുമെന്നാണ് പുതിയ സത്യവാങ്മൂലത്തിൽ വിശദീകരിച്ചിരിക്കുന്നത്.
ഭാവിയിൽ അപ്രതീക്ഷിതമായ സങ്കീർണതകൾ ഒഴിവാക്കാനാണ് ചർച്ചയെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളെ തീരുമാനിക്കേണ്ടത് സംസ്ഥാനങ്ങൾ എന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ ആദ്യ നിലപാട്. ദേശിയ ന്യൂനപക്ഷ കമ്മിഷൻ നിയമ പ്രകാരം രാജ്യത്ത് ആറ് മത വിഭാഗങ്ങൾക്ക് മാത്രമാണ് ന്യൂനപക്ഷ പദവി നൽകുന്നത്. നിലവിൽ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന എന്നീ വിഭാഗങ്ങൾക്കാണ് കേന്ദ്രസർക്കാർ ന്യൂനപക്ഷ പദവി നൽകിയിട്ടുള്ളത്.




