ന്യൂഡൽഹി: യുപിഎ സർക്കാറിന്റെ കാലത്ത് പ്രവാസികാര്യം കൈകാര്യം ചെയ്യാൻ മന്ത്രിയുണ്ടായിരുന്നു. എന്നാൽ ഇങ്ങനെ മന്ത്രിയുണ്ടായിരുന്നിട്ടു. മലയാളികൾ അടക്കമുള്ളവർക്ക് എന്ത് പ്രയോജനം ലഭിച്ചു എന്ന് ചോദിച്ചാൽ കാര്യമായ നേട്ടമൊന്നുമില്ലെന്ന് തന്നെ പറയേണ്ടി വരും. എന്നാൽ സുഷമ സ്വരാജിന്റെ കീഴിൽപ്രവാസി ക്ഷേമ നടപടികൾ നടക്കുമ്പോഴും കൂടുതൽ കാര്യക്ഷമമാക്കാൻ വേണ്ടി പ്രവാസികാര്യ മന്ത്രി വേണമെന്ന കോൺഗ്രസ് എംപി ശശി തരൂരിന്റെ വാക്കുകൾ കേന്ദ്രം മുഖവിലയ്‌ക്കെടുത്തു. കാര്യകാരണം സഹിതം തരൂർ തന്റെ നിലപാട് വ്യക്തമാക്കിയപ്പോൾ സുഷമ സഹമന്ത്രിയെ നിയമിക്കുന്ന കാര്യം പരിഗണിക്കാമെന്ന ഉറപ്പു നൽകി.

പ്രവാസികാര്യ മന്ത്രാലയം വിദേശകാര്യ ന്താലത്തിൽ ലയിപ്പിക്കുമ്പോൾപ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയെയും മുഴുവൻ സമയ സെക്രട്ടറിയെയും നിയമിക്കാമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഡോ. ശശി തരൂർ എംപിക്ക് ഉറപ്പുനൽകി. ഇത് സംബന്ധിച്ച് ഡൽഹിയിൽ നടന്ന ഉപദേശക സമിതി യോഗത്തിൽ തരൂർ ശക്തമായി ആവശ്യപ്പെട്ടതിനെ തുടർന്ന് കേന്ദ്രമന്ത്രി ഇക്കാര്യം അംഗീകരിക്കുകയായിരുന്നു.

ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ നേരിടുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും അവയ്ക്ക് പരിഹാരം കാണുന്നതിനുമായാണ് കേന്ദ്ര സർക്കാർ പ്രവാസികാര്യ മന്ത്രാലയത്തിന് രൂപം നൽകിയത്. എന്നാൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിനെതുടർന്ന് പ്രവാസികാര്യ മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിൽ ലയിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന് കീഴിൽ ഗൾഫ് മേഖലയെ കേവലൊരു വിഭാഗമായി ഉൾപ്പെടുത്താനായിരുന്നു തീരുമാനം. ഈ മേഖലയിൽ ജോലി ചെയ്യുന്ന മലയാളികളെ വളരെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ഇതിനെതിരെ കേരളത്തിൽ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തു.

കേന്ദ്ര സർക്കാർ തീരുമാനം ചർച്ച ചെയ്യാൻ സുഷമ സ്വരാജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉപദേശക സമിതി യോഗത്തിൽ പാർലമെന്റിന്റെ വിദേശകാര്യ സമിതി അദ്ധ്യക്ഷൻ കൂടിയായ ഡോ. ശശി തരൂർ കേരളത്തിന്റെ ആശങ്ക അറിയിക്കുകയും പ്രവാസികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയെയും മുഴുവൻസമയ സെക്രട്ടറിയെയും നിയമിക്കണമെന്ന് ആവശ്യപ്പെടുക ആയിരുന്നു.