- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്തിൽ മുദ്രാവാക്യം വിളിച്ച രണ്ടുയാത്രക്കാരെ ഇ പി ജയരാജൻ തള്ളുന്നതും കൈകാര്യം ചെയ്യുന്നതും വീഡിയോയിൽ കാണാം; മന്ത്രിക്ക് എതിരെ എഫ്ഐആർ ഇടാത്തത് എന്തുകൊണ്ടാണ്? ഇന്ത്യയിൽ നീതി ചിലർക്ക് മാത്രമാണോ? ഹൈബി ഈഡന്റെ ട്വീറ്റിൽ നടപടി എന്ന് വ്യോമയാന മന്ത്രി
ന്യൂഡൽഹി: കണ്ണൂർ-തിരുവനന്തപുരം വിമാനത്തിൽ വച്ചുണ്ടായ അനിഷ്ട സംഭവങ്ങളിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം ഇടപെടുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതിലും, മന്ത്രി ഇ.പി.ജയരാജൻ പ്രവർത്തകരെ തള്ളിമാറ്റിയതുമാണ് വിവാദമായത്.
ഇ.പി.ജയരാജൻ രണ്ട് യാത്രക്കാരെ കൈയേറ്റം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിലൂടെ ഹൈബി ഈഡൻ ഉന്നയിച്ച പരാതിയിൽ പരിശോധിച്ച് നടപടിയെടുക്കുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മറുപടി നൽകി.
'മുദ്രാവാക്യം വിളിച്ച രണ്ട് യാത്രക്കാരെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ കൈയേറ്റം ചെയ്യുന്നതും തള്ളിയിടുന്നതും ഈ വീഡിയോയിൽ വ്യക്തമായി കാണാം. എന്തുകൊണ്ടാണ് ജയരാജനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത്, പുതിയ ഇന്ത്യയിൽ നീതി ചിലർക്ക് മാത്രമാണോ' കോൺഗ്രസ് എംപി ഹൈബി ഈഡൻ ട്വീറ്റ് ചെയ്തു. സിന്ധ്യ, ഇൻഡിഗോ, ഡിജിസിഎ എന്നിവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഹൈബിയുടെ ട്വീറ്റ്.
ഇതിന് മറുപടിയായി 'ഞങ്ങളിത് പരിശോധിക്കുകയും ഉടൻ നടപടിയെടുക്കയും ചെയ്യുമെന്ന് സിന്ധ്യ ഇതിന് മറുപടി നൽകി. അറസ്റ്റ് ജയരാജൻ എന്ന ഹാഷ്ടാഗോട് കൂടിയായിരുന്നു ഹൈബി പരാതി ഉന്നയിച്ചത്.
We're looking into this & will take action soon. https://t.co/5bpKnMDLYw
- Jyotiraditya M. Scindia (@JM_Scindia) June 16, 2022
അതേസമയം, സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാനും പരാതിക്കാരനുമായ അനിൽകുമാറിനെയും കൂട്ടി െപാലീസ് പരിശോധന നടത്തി. തെളിവെടുപ്പ് സംബന്ധിച്ച് പൊലീസ് മഹസർ തയാറാക്കി. മുഖ്യമന്ത്രി കണ്ണൂരിൽനിന്നു തിരുവനന്തപുരത്തെത്തിയ ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ.കെ.നവീൻകുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് എന്നിവരാണ് 'മുഖ്യമന്ത്രി രാജിവയ്ക്കുക' എന്ന മുദ്രാവാക്യവുമായി പ്രതിഷേധിച്ചത്. ഇവരെ ഇ.പി.ജയരാജൻ സീറ്റുകൾക്കിടയിലേക്കു തള്ളിയിട്ടെന്നാണ് പരാതി.
ഇതിനിടെ വിമാനത്തിലെ പ്രതിഷേധവും തുടർന്നുണ്ടായ സംഭവങ്ങളും അന്വേഷിക്കാൻ ഇൻഡിഗോ ആഭ്യന്തര സമിതി രൂപീകരിച്ചു. റിട്ട.ജഡ്ജിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര സമിതിയാണ് അന്വേഷണം നടത്തുക. എയർലൈൻ പ്രതിനിധിയും യാത്രക്കാരുടെ പ്രതിനിധിയും സമിതിയിലുണ്ടാകും. സംഭവത്തിൽ ഇൻഡിഗോ റിപ്പോർട്ടിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പരാതി നൽകിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ