തിരുവനന്തപുരം: സദാചാര വാദികൾക്ക് രാഷ്ട്രീയമായി മറുപടി നൽകിയ തിരുവനന്തപുരം സിഇടി വിദ്യാർത്ഥികൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് മന്ത്രി വി ശിവൻകുട്ടിയും. 'ദുരാചാരവും കൊണ്ടു വന്നാൽ പിള്ളേര് പറപ്പിക്കും.' എന്ന് ശിവൻകുട്ടി ഫേസ്‌ബുക്കിൽ കുറിച്ചു. സദാചാര വാദികൾ മുറിച്ച ഇരിപ്പിടത്തിന്റെയും വിദ്യാർത്ഥി പ്രതിഷേധത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചായിരുന്നു ശിവൻകുട്ടിയുടെ കുറിപ്പ്. കോളേജ് ഓഫ് എഞ്ചിനീയറിങ്ങി(സിഇടി)ന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മുറിച്ച് മൂന്നാക്കിയതിനെതിരെ വിദ്യാർത്ഥി പ്രതിഷേധം സോഷ്യൽ മീഡിയയിൽ വൈറലായി. ഇതുസംബന്ധിച്ച് സിഇടി കോളേജിലെ മുൻ വിദ്യാർത്ഥിയും കോൺഗ്രസ് നേതാവുമായ കെ.എസ്.ശബരീനാഥനടക്കം പലരും ഈ ചിത്രം പോസ്റ്റ് ചെയ്തതോടെ വലിയ ചർച്ചകൾക്കാണ് വഴിയിട്ടത്.

ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരുന്നുവെന്ന് ആരോപിച്ചാണ് സിഇടി കൊളേജിന് സമീപത്തുള്ള ബസ് സ്റ്റോപ്പിലെ ഇരിപ്പിടം സദാചാര വാദികൾ പൊളിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. ഒരുമിച്ച് ഇരിക്കാൻ സാധിച്ചിരുന്ന ബെഞ്ച് പൊളിച്ച് ഒരാൾക്കു മാത്രം ഇരിക്കാൻ സാധിക്കുന്ന ഇരിപ്പിടമാക്കി സാദാചാര വാദികൾ മാറ്റുകയായിരുന്നു. ആദ്യം സംഭവം മനസ്സിലായില്ലെങ്കിലും ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് തിരിച്ചറിഞ്ഞതോടെ വിദ്യാർത്ഥികളിൽ നിന്നും പ്രതിഷേധമുയർന്നു. ബിജെപി നഗരസഭാ കൗൺസിലറുടെ വാർഡിലാണ് ഈ സംഭവം.

ഇതിനിടെയാണ് സദാചാര ഗുണ്ടകൾക്ക് മറുപടിയുമായി കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥികൾ രംഗത്തെത്തിയത്. ഒരാൾക്കു മാത്രം ഇരിക്കാൻ സാധിക്കുന്ന ബെഞ്ചിൽ പെൺകുട്ടികൾ ആൺകുട്ടികളുടെ മടിയിൽ ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. ഇതിന്റെ ചിത്രവും വിദ്യാർത്ഥികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. 'അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീൽ ഇരിക്കാലോല്ലെ' എന്ന കുറിപ്പോടെയാണ് പലരും ചിത്രം പങ്കുവച്ചത്. ഇത് വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ കോളേജിലെ മറ്റു വിദ്യാർത്ഥികളും ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തുകയായിരുന്നു.

ആൺകുട്ടികളും പെൺകുട്ടികളും കൂട്ടംകൂടി ഇരിക്കുന്നുവെന്ന പരാതിയെ തുടർന്ന് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് ചില സദാചാരവാദികൾ മുറിച്ചു മൂന്നു സീറ്റുകളാക്കി മാറ്റിയെന്നാണ് ആരോപണം. ബെഞ്ച് മുറിച്ച് മാറ്റിയതിൽ പ്രതിഷേധിച്ച് പുതിയ സീറ്റുകളിൽ ഒന്നിച്ചുകൂടിയെന്നാണ് ശബരിനാഥന്റെ പോസ്റ്റിൽ പറയുന്നത്. ബസ്‌കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മുറിച്ച് സീറ്റുകളാക്കി മാറ്റിയത് സ്ഥലത്തെ റെസിഡൻസ് അസോസിയേഷനാണ്. നാട്ടുകാർക്ക് വേണ്ടി നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രമായിരുന്നു ഇതെന്നും അതവർക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ പുതുക്കി പണിയുകയാണ് ചെയ്തതെന്നുമാണ് ഇക്കാര്യത്തിൽ റെസിഡൻസ് അസോസിയേഷൻ നൽകുന്ന വിശദീകരണം.

നാളുകളായി തകർന്നുകിടന്നിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പുതുക്കി പണിയുക മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് അസോസിയേഷൻ പറയുന്നത്. ബെഞ്ച് മുറിച്ച് ബസ് കാത്തിരിക്കുന്നവർക്ക് ഇരിക്കാൻ സൗകര്യപ്രദമായ രീതിയിൽ സീറ്റാക്കി മാറ്റുകയാണ് ചെയ്തത്. ഇപ്പോൾ, മൂന്ന് പേർക്ക് ഇരിക്കാവുന്ന തരത്തിലാണ് സീറ്റ് നിർമ്മിച്ചിരിക്കുന്നത്. കാത്തിരിപ്പ് കേന്ദ്രം നാട്ടുകാർക്ക് വേണ്ടി നിർമ്മിച്ചതാണ്. പക്ഷെ പ്രായമായവർ വന്നാൽ പോലും മാറിക്കൊടുക്കാതെയാണ് കുട്ടികൾ അതിൽ കിടക്കുന്നതെന്നും അവർ പറഞ്ഞു.

ബെഞ്ചായതുകൊണ്ടല്ലെ കിടക്കുന്നത്. സീറ്റാകുമ്പോൾ കിടപ്പ് ഒഴിവാകുമല്ലോ. ഇവിടെ ബസ് കയറാൻ വരുന്നവർക്കുള്ള കാത്തിരിപ്പ് കേന്ദ്രമാണ്. അവർക്ക് ഉപയോഗിക്കാനുള്ളതാണ് ഇത്. സത്യത്തിൽ നാട്ടുകാർ കാത്തിരിപ്പ് കേന്ദ്രം പുതുക്കി പണിതതിൽ സന്തോഷിക്കുന്നവരാണ്. നിരവധി തവണ ഇക്കാര്യത്തിൽ ആളുകൾ അസോസിയേഷനിൽ പരാതി നൽകിയിരുന്നു. പൊലീസിലുൾപ്പെടെ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതുകൊണ്ടാണ് ഇപ്പോൾ പുതുക്കി പണിയാണ് തീരുമാനിച്ചത്, അസോസിയേഷൻ പറയുന്നു.

ഒഴിവുസമയങ്ങളിൽ ഒത്തുചേർന്നിരിക്കാനായി തങ്ങളെത്തുന്ന സ്ഥലമാണിതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ആണും പെണ്ണും ഒന്നുചേർന്നിരിക്കുന്നതിൽ എന്താണ് തെറ്റെന്നാണ് മനസിലാകാത്തത് വിദ്യാർത്ഥികൾ ഒത്തുചേർന്നിരിക്കുന്ന സമയത്ത് രൂക്ഷമായ നോട്ടമുൾപ്പെടെ നേരിടേണ്ടി വരുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ പ്രവൃത്തിയെന്ന് കരുതുന്നുവെന്നും വിദ്യാർത്ഥികൾ പറയുന്നു.