തിരുവനന്തപുരം: ആൺകുട്ടികളും പെൺകുട്ടികളും അടുത്തടുത്ത് ഇരുന്നുവെന്ന് ആരോപിച്ച് തലസ്ഥാനത്ത് സർക്കാർ എഞ്ചിനീയറിങ് കോളേജിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബഞ്ച് പൊളിച്ചത് വിവാദമായിരിക്കുകയാണ്. സദാചാരവാദികളാണ് പൊളിച്ചതെന്നാണ് ആക്ഷേപം. ഒരാൾക്കു മാത്രം ഇരിക്കാൻ സാധിക്കുന്ന ബെഞ്ചിൽ പെൺകുട്ടികൾ ആൺകുട്ടികളുടെ മടിയിൽ ഇരുന്നുകൊണ്ടാണ് വിദ്യാർത്ഥികൾ ഇതിനെതിരെ പ്രതിഷേധിച്ചത്.

പ്രമുഖരടക്കം ഈ വിഷയത്തിൽ ശക്തമായ വിമർശനങ്ങളുമായി രംഗത്തെത്തി. വെട്ടിപ്പൊളിച്ച സിഇടി ബസ് കാത്തിരിപ്പു കേന്ദ്രം പൊളിക്കുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. നിലവിലെ ഷെഡ് അനധികൃതമായി നിർമ്മിച്ചതാണ്. അത് പൊളിച്ച് ആധുനിക സൗകര്യത്തോടു കൂടി ലിംഗ സമത്വ കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ചു കൊണ്ട് പുതിയ ബസ് കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കും. സിഇടിക്ക് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം സന്ദർശിക്കവെയാണ് മേയറുടെ പരാമർശം.

'വിദ്യാർത്ഥികൾ പ്രതിഷേധിക്കാനുണ്ടായ സാഹചര്യം കൂടി നമ്മൾ മനസ്സിലാക്കണം. അവർ അങ്ങനെ ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു ബസ് സ്റ്റാൻഡ് നശിപ്പിക്കപ്പെടുന്നു അല്ലെങ്കിൽ അതിന്റെ ഘടനയിൽ മാറ്റം വരുത്തുന്നു എന്നു പറയുന്നത് തെറ്റായ നടപടിയാണ്. അതിൽ പ്രതികരിക്കാൻ തീരുമാനിച്ചതിൽ വിദ്യാർത്ഥികൾക്ക് അഭിനന്ദനം അറിയിക്കുന്നു.' ആര്യ പറഞ്ഞു.

മേയറുടെ ഫേസ്‌ബുക്ക് കുറിപ്പ്:

തിരുവനന്തപുരം കോളേജ് ഓഫ് എൻജിന്റിങ്ങിന് അടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടം മുറിച്ച് മൂന്നാക്കിയത് അനുചിതവും പുരോഗമന സമൂഹത്തിന് ചേരാത്തതുമാണ്. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരുമിച്ച് ഇരിക്കാൻ നമ്മുടെ നാട്ടിൽ വിലക്കൊന്നുമില്ല. അങ്ങനെ ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ അവർ ഇപ്പോഴും കാളവണ്ടി യുഗത്തിൽ തന്നെയാണെന്ന് കരുതേണ്ടി വരും. ഇക്കാര്യത്തിൽ ശക്തമായി പ്രതികരിച്ച വിദ്യാർത്ഥികളെ അഭിനന്ദിക്കുന്നു. പ്രതികരണശേഷിയുള്ള തലമുറയാണ് നാടിന്റെ പ്രതീക്ഷ, അത് വീണ്ടും തെളിയിച്ച സിഇടിയിലെ കൂട്ടുകാർക്ക് എന്റെ വ്യക്തിപരമായ അഭിവാദ്യങ്ങൾ.
അല്പം മുൻപ് അവിടെ സന്ദർശിച്ചു. ബസ് ഷെൽട്ടർ ആകെ പൊളിഞ്ഞതാണ്. മാത്രമല്ല അത് അനധികൃതവും പൊതുമരാമത്ത് വകുപ്പിന്റെ NOC ഇല്ലാത്തതുമാണ്. അവിടെ നഗരസഭയുടെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ ബസ് ഷെൽട്ടർ നിർമ്മിക്കും. അത് ജൻഡർ ന്യുട്രൽ ആയിരിക്കും. കാലം മാറിയെന്ന് മനസ്സിലാക്കാത്തവരോട് സഹതപിക്കാനേ കഴിയു. ഇക്കാര്യത്തിൽ വിദ്യാർത്ഥികളുടെ നിലപാടിനൊപ്പം തന്നെയാണ് ഞങ്ങൾ.

സംഭവം ഇങ്ങനെ:

ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരുന്നുവെന്ന് ആരോപിച്ചാണ് സിഇടി കൊളേജിന് സമീപത്തുള്ള ബസ് സ്റ്റോപ്പിലെ ഇരിപ്പിടം സദാചാര വാദികൾ പൊളിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. ഒരുമിച്ച് ഇരിക്കാൻ സാധിച്ചിരുന്ന ബെഞ്ച് പൊളിച്ച് ഒരാൾക്കു മാത്രം ഇരിക്കാൻ സാധിക്കുന്ന ഇരിപ്പിടമാക്കി സദാചാര വാദികൾ മാറ്റുകയായിരുന്നു. ആദ്യം സംഭവം മനസ്സിലായില്ലെങ്കിലും ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് തിരിച്ചറിഞ്ഞതോടെ വിദ്യാർത്ഥികളിൽ നിന്നും പ്രതിഷേധമുയർന്നു. ബിജെപി നഗരസഭാ കൗൺസിലറുടെ വാർഡിലാണ് ഈ സംഭവം.

ഇതിനിടെയാണ് സദാചാര ഗുണ്ടകൾക്ക് മറുപടിയുമായി കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥികൾ രംഗത്തെത്തിയത്. ഒരാൾക്കു മാത്രം ഇരിക്കാൻ സാധിക്കുന്ന ബെഞ്ചിൽ പെൺകുട്ടികൾ ആൺകുട്ടികളുടെ മടിയിൽ ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. ഇതിന്റെ ചിത്രവും വിദ്യാർത്ഥികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. 'അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീൽ ഇരിക്കാലോല്ലെ' എന്ന കുറിപ്പോടെയാണ് പലരും ചിത്രം പങ്കുവച്ചത്. ഇത് വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ കോളേജിലെ മറ്റു വിദ്യാർത്ഥികളും ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തുകയായിരുന്നു.

ആൺകുട്ടികളും പെൺകുട്ടികളും കൂട്ടംകൂടി ഇരിക്കുന്നുവെന്ന പരാതിയെ തുടർന്ന് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് ചില സദാചാരവാദികൾ മുറിച്ചു മൂന്നു സീറ്റുകളാക്കി മാറ്റിയെന്നാണ് ആരോപണം. ബെഞ്ച് മുറിച്ച് മാറ്റിയതിൽ പ്രതിഷേധിച്ച് പുതിയ സീറ്റുകളിൽ ഒന്നിച്ചുകൂടിയെന്നാണ് ശബരിനാഥന്റെ പോസ്റ്റിൽ പറയുന്നത്. ബസ്‌കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മുറിച്ച് സീറ്റുകളാക്കി മാറ്റിയത് സ്ഥലത്തെ റെസിഡൻസ് അസോസിയേഷനാണ്. നാട്ടുകാർക്ക് വേണ്ടി നിർമ്മിച്ച കാത്തിരിപ്പ് കേന്ദ്രമായിരുന്നു ഇതെന്നും അതവർക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ പുതുക്കി പണിയുകയാണ് ചെയ്തതെന്നുമാണ് ഇക്കാര്യത്തിൽ റെസിഡൻസ് അസോസിയേഷൻ നൽകുന്ന വിശദീകരണം.

നാളുകളായി തകർന്നുകിടന്നിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പുതുക്കി പണിയുക മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് അസോസിയേഷൻ പറയുന്നത്. ബെഞ്ച് മുറിച്ച് ബസ് കാത്തിരിക്കുന്നവർക്ക് ഇരിക്കാൻ സൗകര്യപ്രദമായ രീതിയിൽ സീറ്റാക്കി മാറ്റുകയാണ് ചെയ്തത്. ഇപ്പോൾ, മൂന്ന് പേർക്ക് ഇരിക്കാവുന്ന തരത്തിലാണ് സീറ്റ് നിർമ്മിച്ചിരിക്കുന്നത്. കാത്തിരിപ്പ് കേന്ദ്രം നാട്ടുകാർക്ക് വേണ്ടി നിർമ്മിച്ചതാണ്. പക്ഷെ പ്രായമായവർ വന്നാൽ പോലും മാറിക്കൊടുക്കാതെയാണ് കുട്ടികൾ അതിൽ കിടക്കുന്നതെന്നും അവർ പറഞ്ഞു.

ബെഞ്ചായതുകൊണ്ടല്ലെ കിടക്കുന്നത്. സീറ്റാകുമ്പോൾ കിടപ്പ് ഒഴിവാകുമല്ലോ. ഇവിടെ ബസ് കയറാൻ വരുന്നവർക്കുള്ള കാത്തിരിപ്പ് കേന്ദ്രമാണ്. അവർക്ക് ഉപയോഗിക്കാനുള്ളതാണ് ഇത്. സത്യത്തിൽ നാട്ടുകാർ കാത്തിരിപ്പ് കേന്ദ്രം പുതുക്കി പണിതതിൽ സന്തോഷിക്കുന്നവരാണ്. നിരവധി തവണ ഇക്കാര്യത്തിൽ ആളുകൾ അസോസിയേഷനിൽ പരാതി നൽകിയിരുന്നു. പൊലീസിലുൾപ്പെടെ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതുകൊണ്ടാണ് ഇപ്പോൾ പുതുക്കി പണിയാണ് തീരുമാനിച്ചത്, അസോസിയേഷൻ പറയുന്നു.

ഒഴിവുസമയങ്ങളിൽ ഒത്തുചേർന്നിരിക്കാനായി തങ്ങളെത്തുന്ന സ്ഥലമാണിതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ആണും പെണ്ണും ഒന്നുചേർന്നിരിക്കുന്നതിൽ എന്താണ് തെറ്റെന്നാണ് മനസിലാകാത്തത് വിദ്യാർത്ഥികൾ ഒത്തുചേർന്നിരിക്കുന്ന സമയത്ത് രൂക്ഷമായ നോട്ടമുൾപ്പെടെ നേരിടേണ്ടി വരുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ പ്രവൃത്തിയെന്ന് കരുതുന്നുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു.