വർക്കല: കോളേജ് കാമ്പസിനുള്ളിൽ വെച്ച് വാഹനം ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു. വർക്കല ചാവർകോട് സിഎച്ച്എംഎം കോളജിൽ ഫ്രഷേഴ്‌സ് ഡേയിൽ വിദ്യാർത്ഥികൾ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടാണ് അതേ കോളേജിലെ വിദ്യാർത്ഥിനി മരണപ്പെട്ടത്. കടയ്ക്കാവൂർ സ്വദേശിനിയായ മീര മോഹൻ ആണ് ഇന്നു പുലർച്ചെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്.

ഇന്നലെ രാവിലെ 11 മണിയോടു കൂടിയാണ് സംഭവം. എംസിഎ വിദ്യാർത്ഥി ആയ മീര മോഹൻ പ്രൊജക്ട് സമർപ്പിക്കാൻ എത്തിയതായിരുന്നു. കോളജിന് സമീപം കടയിൽ കൂട്ടുകാരി ഫോട്ടോസ്റ്റാറ്റ് എടുക്കാൻ കയറിയപ്പോൾ ഇരുചക്രവാഹനത്തിൽ പുറത്ത് കാത്തുനിൽക്കുന്ന സമയത്താണ് അമിത വേഗതയിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിച്ചത്.

അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണമെന്നാണ് ആരോപണം. നാട്ടുകാർ കാറിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളെ കയ്യേറ്റം ചെയ്തു. കാറിൽ ഉണ്ടായിരുന്ന 5 വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അമിത വേഗതയിലാണ് കാർ എത്തിയതെന്നാണ് ഉയരുന്ന ആരോപണം.