- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിപ്പ് ലംഘിച്ചതിന്റെ പേരിൽ മോൻസിനേയും ജോസഫിനേയും അയോഗ്യരാക്കി ആറു വർഷം മത്സര വിലക്കേർപ്പെടുത്താനുള്ള നീക്കവുമായി ജോസ് കെ മാണി പക്ഷം; തെരഞ്ഞെടുപ്പു കമ്മീഷന്റെ തീരുമാനം പിളർപ്പിനുള്ള അംഗീകാരമായതിനാൽ കൂറുമാറ്റ നിരോധനം ബാധകമല്ലെന്ന് പറഞ്ഞ് ജോസഫ് പക്ഷവും; സിഎഫ് തോമസിന്റെ ആരോഗ്യ നില വഷളായതും ജോസഫിന്റെ പ്രതിസന്ധി മൂർച്ഛിപ്പിച്ചു; യുഡിഎഫിൽ നിന്നും കേരളാ കോൺഗ്രസിനെ പുറത്താക്കി സ്വതന്ത്ര പാർട്ടിയെ നിലനിർത്തേണ്ടി വരുന്നതിൽ കോൺഗ്രസിലും ആശയക്കുഴപ്പം
കോട്ടയം: കേരളാ കോൺഗ്രസ് പാർട്ടിയും ചിഹ്നവും ജോസ് കെ മാണിക്ക് സ്വന്തമാകുമ്പോൾ വെട്ടിലാകുന്നത് യുഡിഎഫ് നേതൃത്വം തന്നെ. കെ എം മാണിയുടെ പാർട്ടിയെ യുഡിഎഫിൽ നിന്നും പുറത്താക്കിയത് കോൺഗ്രസ് നേതാക്കളാണെന്ന ചർച്ചകൾ സജീവമാക്കുന്നതാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിയ പാർട്ടി ചിഹ്നത്തിൽ വിധി അനുകൂലമായതോടെ കേരള കോൺഗ്രസ് ജോസ്പക്ഷത്തിന്റെ തുടർ നീക്കങ്ങൾ നിർണായകം. ഇടതു പക്ഷത്തിനോട് ചേർന്നാണ് ജോസ് കെ മാണിയും കൂട്ടരും നിൽക്കുന്നത്. അതുകൊണ്ട് തന്നെ രാജ്യസഭാ തെരഞ്ഞെടുപ്പിലെ ഇരട്ട വിപ്പ് ഏറെ ചർച്ചകൾക്ക് വഴിവയ്ക്കും. പിജെ ജോസഫും മോൻസ് ജോസഫും വമ്പൻ പ്രതിസന്ധിയിലാണ്.
തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏതെങ്കിലും മുന്നണിയുടെ ഭാഗമാകണോയെന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുത്തേക്കും. ജോസഫ് പക്ഷത്തെ എം.എൽഎമാരെ അയോഗ്യരാക്കാൻ സ്പീക്കർക്ക് കത്ത് നൽകണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമായി. ഇത്തരത്തിലൊരു കത്ത് കിട്ടിയാൽ ജോസ് കെ മാണിക്ക് അനുകൂലമായ തീരുമാനമേ സ്പീക്കറുടെ പക്ഷത്തു നിന്നുണ്ടാകൂവെന്നാണ് വിലയിരുത്തൽ. അതിൽ തെറ്റു പറയാനും കഴിയില്ല. പാർട്ടിയും ചിഹ്നവും ജോസ് കെ മാണിക്കാണ്. അതുകൊണ്ട് എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെടാൻ ജോസ് കെ മാണിക്ക് കഴിയുകയും ചെയ്യും. അഞ്ച് എംഎൽഎമാരാണ് കേരളാ കോൺഗ്രസ് ചിഹ്നത്തിൽ ജയിച്ച് എംഎൽഎമാരായത്. ഇതിൽ റോഷി അഗസ്റ്റിനും ജയരാജും ജോസ് കെ മാണിക്കൊപ്പം. ജോസഫും മോൻസും മറുഭാഗത്തും. സി എഫ് തോമസും ജോസഫിനൊപ്പമാണ്. എന്നാൽ അതീവ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ് സിഎഫ് തോമസ്.
അതുകൊണ്ട് തന്നെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ സിഎഫ് തോമസ് വോട്ട് ചെയ്തില്ല. ഫലത്തിൽ ജോസ് കെ മാണി പക്ഷത്തെ വിപ്പ് സി എഫ് തോമസ് ലംഘിച്ചുമില്ല. ജോസഫും മോൻസുമാണ് വിപ്പിനെ മുഖവിലയ്ക്കെടുക്കാത്തത്. പകരം മോൻസും യുഡിഎഫിന് അനുകൂലമായി വിപ്പ് നൽകുകയും ചെയ്തു. ഈ വിപ്പ് ലംഘിച്ചവർക്കെതിരെ നടപടി എടുക്കുമെന്ന് പരസ്യമായി അറിയിക്കുകയും ചെയ്തു. അതിനിടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം എത്തിയത്. ഇതോടെ ജോസ് കെ മാണിയായി ഔദ്യോഗിക പാർട്ടി. കൂറുമാറ്റത്തിന്റെ പരിധിയിൽ ജോസഫിനേയും മോൻസിനേയും കൊണ്ടു വരാൻ ജോസ് കെ മാണിക്ക് കഴിയുകയും ചെയ്യും. ഇത് ഇരുവർക്കും മത്സര വിലക്കിന്റെ സാഹചര്യവുമുണ്ടാക്കും. അതിനിടെ പാർട്ടി പിളർന്നുവെന്നും അതിനാൽ വിപ്പ് പോയെന്നും ജോസഫും വാദവുമായെത്തുന്നു.
ഇതെല്ലാം വെട്ടിലാക്കുന്നത് യുഡിഎഫിനെയാണ്. യഥാർത്ഥ കേരളാ കോൺഗ്രസ് യുഡിഎഫിൽ നിന്ന് അകന്നു. പിജെയെ പിന്തുണച്ചതാണ് ഇതിന് കാരണം. പിജെയും മോൻസും മാണിയുടെ കേരളാ കോൺഗ്രസിന്റെ ഭാഗമല്ലെന്ന വിധി കോൺഗ്രസിനേയും അലട്ടും. ഇനി ഇക്കാര്യത്തിൽ ന്യായമൊന്നും പറയാൻ കോൺഗ്രസിന് കഴിയില്ല. ചിഹ്നവും പാർട്ടിയും കിട്ടിയതോടെ ജോസ്പക്ഷം കൂടുതൽ കരുത്തരായി. സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ പാർട്ടി വിപ് ലംഘിച്ചതിന്റെ പേരിൽ പി.ജെ ജോസഫിനേയും മോൻസ് ജോസഫിനേയും അയോഗ്യരാക്കാൻ ജോസ് പക്ഷം സ്പീക്കറോട് ആവശ്യപ്പെടുമോയെന്നതാണ് ആദ്യചോദ്യം. ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് ഇപ്പോഴത്തെ വികാരം.
യഥാർഥ കേരള കോൺഗ്രസ് എം ആരെന്ന കാര്യത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിധി വന്നതോടെ ഇക്കാര്യത്തിൽ സ്പീക്കർക്കും തീരുമാനമെടുക്കേണ്ടിവരും. എന്നാൽ ഈ വിധി ഉപയോഗിച്ച് എം.എൽഎമാരെ അയോഗ്യരാക്കാൻ ആകില്ലെന്നാണ് ജോസഫ് പക്ഷത്തിന്റെ വിശദീകരണം. അവിശ്വാസ പ്രമേയത്തിൽ നിന്ന് വിട്ടുനിന്ന ജോസ് പക്ഷത്തെ മുന്നണിയിൽ പുറത്താക്കാൻ വ്യാഴാഴ്ച യുഡിഎഫ് യോഗം വിളിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ ജോസ് പക്ഷത്തോടുള്ള സമീപനം മുന്നണി പുനഃപരിശോധിക്കുമോ. തെറ്റുതിരുത്താൻ ഒരു അവസരം കൂടി കൊടുക്കണമെന്ന ആവശ്യം ഉയരും. ഉടൻ പുറത്താക്കാനുള്ള തീരുമാനം ഉണ്ടാകില്ലെന്നും സൂചനയുണ്ട്.
അതേസമയം ജോസ് പക്ഷത്തെ ഒപ്പം കൂട്ടാനുള്ള നീക്കം ഇടതുമുന്നണിയും ശക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കരുതലോടെയായിരിക്കും ജോസ്പക്ഷത്തിന്റെ നീക്കം. വിധിക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് ജോസഫിന്റെ തീരുമാനം. ഇത് എത്രകണ്ട് ഫലം കാണുമെന്നതാണ് ഉയരുന്ന പ്രശ്നം. വിപ്പിന്റെ പേരിൽ നടപടി വന്നാലും ജോസഫും മോൻസും കോടതിയിലേക്ക് പോകും. നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുന്ന കേരളാ കോൺഗ്രസിന് ഒപ്പമാകും താനെന്ന് സി എഫ് തോമസ് വിശദീകരിച്ചിരുന്നു. അസുഖ കിടക്കയിൽ ആയതിനാൽ സി എഫ് തോമസ് തൽകാലും ഈ രാഷ്ട്രീയ നീക്കങ്ങളുടെ സജീവ ഭാഗമാകില്ല. ഇതും ജോസഫിനും മോൻസിനും പ്രതിസന്ധിയാകും.
പി ജെ ജോസഫിന്റെ അവകാശവാദം തള്ളിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് കെ മണിക്ക് അനുകൂലമായി തീരുമാനമെടുത്തത്. രണ്ട് എംഎൽഎമാക്കൊപ്പം രണ്ട് എംപിമാർ കൂടി തങ്ങളുടെ പക്ഷത്തുള്ളതാണ് ജോസ് വിഭാഗത്തിന് അനുകൂലമായത്. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചിഹ്നം നഷ്ടമായത് ജോസഫ് പക്ഷത്തിന് കനത്ത തിരിച്ചടിയാണ്. പാർട്ടിയും ചിഹ്നവും സ്വന്തമായതോടെ നിയമസഭ വിപ്പ് തർക്കത്തിൽ ജോസഫ് വിഭാഗത്തിനെതിരെ ജോസ് വിഭാഗത്തിന് മേൽകോയ്മ കിട്ടുകയും ചെയ്തു.
കമ്മീഷനിൽ പരാതി പരിഗണിച്ച മൂന്നംഗ സമിതിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ, സുശീൽ ചന്ദ്ര എന്നിവർ രണ്ടില ജോസ് കെ മാണിക്ക് നൽകുന്നതിനെ അനുകൂലിച്ചു. എന്നാൽ അശോക് ലവാസ ഇതിനോട് വിയോജിച്ചു. രണ്ട് പേർക്കും ചിഹ്നം നൽകാൻ കഴിയില്ല എന്നായിരുന്നു അശോക് ലവാസയുടെ നിലപാട്. രണ്ട് വിഭാഗത്തെയും കേരള കോൺഗ്രസ് (എം) ആയി കണക്കാക്കാൻ കഴിയില്ല എന്നും ന്യൂനവിധിയിൽ അശോക് ലവാസ ചൂണ്ടിക്കാട്ടി. കെഎം മാണിയെ ഹൈജാക്ക് ചെയ്തവർക്കുള്ള മറുപടിയാണ് വിധിയെന്ന് ജോസ് കെ മാണി പറഞ്ഞു.
ആത്യന്തികമായി സത്യം വിജയിക്കുമെന്ന് തെളിയിക്കുന്നതാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയെന്ന് ജോസ് കെ. മാണി പ്രതികരിച്ചു. കേരള കോൺഗ്രസ് പ്രവർത്തകരുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കുന്ന വിധിയാണിത്. കെ.എം. മാണി ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്കുള്ള തിരിച്ചടി കൂടിയാണ് ഈ വിധിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കമ്മീഷനിലെ ഒരംഗം തീരുമാനത്തെ എതിർത്ത സാഹചര്യത്തിൽ അപ്പീൽ നൽകുമെന്ന് പി.ജെ. ജോസഫ് പ്രതികരിച്ചു.
രണ്ടില ചിഹ്നം ലഭിച്ചത് ജോസ് കെ.മാണിക്ക് വലിയ നേട്ടമായി മാറുമെന്നാണ് വിലയിരുത്തൽ. കെ.എം. മാണിയുടെ വിയോഗത്തിന് പിന്നാലെയാണ് കേരള കോൺഗ്രസിൽ ജോസ്-ജോസഫ് വിഭാഗങ്ങൾ തമ്മിൽ തർക്കങ്ങൾ ഉടലെടുത്തത്. ഇത് പിന്നീട് തിരഞ്ഞെടുപ്പ് ചിഹ്നത്തിലേക്കും നീണ്ടു. ചിഹ്നം സംബന്ധിച്ച തർക്കത്തെ തുടർന്ന് പാലാ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥി ജോസ് ടോം, 'കൈതച്ചക്ക' ചിഹ്നത്തിലാണ് മത്സരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ