കണ്ണൂർ:നഗര ഗ്രാമവ്യത്യാസമില്ലാതെ മെർക്കുറി മാലിന്യം ആശങ്കയുയർത്തി കേരളത്തിലെങ്ങും പടരുന്നു. വിഷപ്പച്ചക്കറി തടയാൻ അയൽ സംസ്ഥാനങ്ങളുമായി യോജിച്ച നടപടിക്കൊരുങ്ങുന്ന കേരളസർക്കാർ സംസ്ഥാനം മുഴുവൻ വിഷലിപ്തമാക്കുന്ന മെർക്കുറി മാലിന്യമുണ്ടാക്കുന്ന അപകടം മനസിലാക്കുന്നില്ല.

സി.എഫ്. എൽ ബൾബുകളിലേയും ട്യൂബുകളിലേയും മെർക്കുറി മാലിന്യമാണ് കേരളം നേരിടുന്ന ഏറ്റവും വലിയ വിഷഭീഷണി. ഒരു സി. എഫ്. എൽ ബൾബ് പൊട്ടി നിലത്തു പതിച്ചാൽ രണ്ടു ലക്ഷത്തോളം ലിറ്റർ ശുദ്ധജലം മലിനമാകുമെന്നാണ് കണക്ക്. വൈദ്യുത ഉപയോഗം കുറയ്ക്കാൻ ശാസ്ത്രസാഹിത്യപരിഷത്തും കെ.എസ്.ഇ.ബി.യും കൊട്ടിഘോഷിച്ചു കൊണ്ടുവന്ന സി.എഫ്. ബൾബുകൾ ഇന്ന് കേരളത്തെ വിഷഭൂമിയാക്കി മാറ്റുകയാണ്. ഉപയോഗശൂന്യമായ സി.എഫ്.ബൾബുകളും ട്യൂബുകളും വീട്ടുമുറ്റത്തോ തൊടിയിലോ ഉപേക്ഷിക്കുന്ന ശീലമാണ് മലയാളിക്കുള്ളത്. എന്നാൽ ഇവ പൊട്ടിയാൽ പടരുന്ന മർക്കുറി മാലിന്യത്തെക്കുറിച്ച് ബോധവാന്മാരായവർ വിരളം. സി.എഫ്.(കോംപാക്ട് ഫ്ഌറസന്റ്) ബൾബ് നൽകുന്ന പ്രകാശംപോലും ഇരുപതു വയസ്സിൽ താഴെയുള്ളവരുടെ കണ്ണിനും തലച്ചോറിനും ഹാനികരമാണെന്നും രാജ്യാന്തര പഠനറിപ്പോർട്ടിൽ പറയുന്നു.

ആക്രി സാധനങ്ങൾ ശേഖരിക്കുന്നവരാണ് മെർക്കുറി മാലിന്യം ഭൂമിയിൽ പടർത്താൻ പ്രധാന കാരണക്കാർ. ഉപയോഗം കഴിഞ്ഞ സി.എഫ്.ബൾബുകൾ അലക്ഷ്യമായി ഉപേക്ഷിക്കുന്ന സ്വഭാവമാണ് മലയാളികൾക്കുള്ളത്. ആക്രി ശേഖരിക്കുന്നവർ സി.എഫ്.ബൾബ് പൊളിച്ച് അതിലെ ഇലക്ട്രിക്ക് സർക്യൂട്ടുകൾ എടുത്തുകൊണ്ടുപോയി വിൽപ്പന നടത്തും. ഇത്തരത്തിൽ ലക്ഷക്കണക്കിനു ബൾബുകൾ കേരളത്തിന്റെ മണ്ണിൽ പൊളിച്ചു കഴിഞ്ഞു. ഇതിലെ മാരകമായ മാലിന്യം ഭൂമിയിലും വെള്ളത്തിലും പടർന്നു കേരളം വിഷലിപ്തമായിക്കൊണ്ടിരിക്കുകയാണ്.
ഗുരുതരമായ രോഗങ്ങളുണ്ടാക്കുന്ന മെർക്കുറി മാലിന്യം കേരളം മുഴുവൻ പടരുമ്പോഴും ഇതേക്കുറിച്ചുള്ള ബോധവൽക്കരണം ഇനിയും ആരംഭിച്ചിട്ടില്ല. നൂറ്റിയമ്പത് സെന്റീ മീറ്ററിനകത്തുനിന്നും സി.എഫ്.വെളിച്ചം ഏൽക്കുന്നതുപോലും ദോഷകരമാണെന്ന് യൂറോപ്യൻ കമ്മീഷൻ സയന്റിഫിക്ക് കമ്മിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. സി.എഫ്. വെളിച്ചത്തിൽ ലബോറട്ടറിയിൽ പരീക്ഷണത്തിനുപയോഗിച്ച സെൽ നശിച്ചതായും പറയുന്നു.

മെർക്കുറി വിഷമായതിനാൽ ഉപേക്ഷിക്കപ്പെടുന്ന സി.എഫിലൂടെ വായുവിലും ജലത്തിലും മാലിന്യം പടരുന്നു. അമേരിക്കയിലെ എൻവയോൺമെന്റ് പ്രൊട്ടക്ഷൻ ഏജൻസി സി.എഫ് ബൾബുകൾ മറ്റു മാലിന്യത്തിൽ കളയരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. അമേരിക്കയിലും മറ്റും ഉപയോഗിച്ച സി.എഫ്.എൽ വീടുകളിൽ നിന്നും ശേഖരിച്ച് സൗജന്യമായി സംസ്‌ക്കരിക്കപ്പെടുന്നുണ്ട്. എന്നാൽ ഇവിടെ ഡൽഹിയിലെ ഐ.ആർ.ജി എന്ന സ്ഥാപനത്തെ പഠനത്തിനായി നിയോഗിച്ചതല്ലാതെ മറ്റു നടപടികൾ ഒന്നുമുണ്ടായില്ല. സി.എഫ്. ബൾബ് പുറപ്പെടുവിക്കുന്ന അൾട്രാ വയലറ്റ് രശ്മികൾ ചർമ്മത്തിനും ദോഷകരമാണെന്ന് പഠനറിപ്പോർട്ടിൽ പറയുന്നു. മൂന്നു മുതൽ അഞ്ചുവരെ മില്ലീഗ്രാം മെർക്കുറിയാണ് ഒരു സി.എഫ്.എൽ ബൾബിലുള്ളത്. അതുപൊട്ടിയാൽ ഉണ്ടാകുന്ന വിപത്ത് ഏറെ മാരകമാണ്. എന്നാൽ ഈ ഭീഷണി നേരിടാൻ സർക്കാർ കാട്ടുന്ന അമാന്തം ആശങ്കാജനകമാണ്.