- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പെൻഷൻ പോലും വേണ്ടെന്ന് വച്ച് പട്ടാളത്തിലെ ജോലി ഉപേക്ഷിച്ച് പോന്നത് കുറുപ്പിന്റെ ഇൻഷുറൻസ് തുകയിൽ കണ്ണു വച്ച്; നല്ല പിള്ള ചമഞ്ഞ് കുറുപ്പിന്റെ വീടു കാണിക്കാൻ പൊലീസിനൊപ്പം പോയത് കെണിയായി; കൈയിലെ ചോരയും ചലവും പൊലീസിന് പിടിവള്ളിയായി; ചാക്കോ വധക്കേസിലെ മുഖ്യസൂത്രധാരൻ ഭാസ്കരപിള്ള ഇപ്പോൾ വിശ്രമ ജീവിതത്തിൽ
ചെറിയനാട്(ആലപ്പുഴ): ചാക്കോ വധക്കേസിലെ യഥാർഥ സൂത്രധാരൻ പൊലീസ് പറയുന്നതു പോലെ സുകുമാരക്കുറുപ്പല്ല. ഭാര്യാ സഹോദരിയുടെ ഭർത്താവായ ഭാസ്കരപിള്ളയാണ്. ചാക്കോയെ കൊന്നതും കത്തിച്ചതും ഭാസ്കരപിള്ളയും ഷാഹുവും ചേർന്നായിരുന്നു. ഒടുവിൽ ഷാഹുവിനെ പൊലീസ് മാപ്പു സാക്ഷിയാക്കി കുറുപ്പ്, പിള്ള, പൊന്നപ്പൻ എന്നിവരെ പ്രതികളാക്കി. ഷാഹുവിന്റെ മാപ്പുസാക്ഷിത്വം ഉണ്ടായിട്ടു കൂടി പൊന്നപ്പനും പിള്ളയും ജയിലിൽ കിടന്നത് വെറും എട്ടുവർഷമാണ്.
കുറുപ്പിന്റെ ഭാര്യ സരസമ്മയുടെ അനിയത്തി തങ്കമണിയുടെ ഭർത്താവാണ് ഭാസ്കരപിള്ള. ഇയാളും പട്ടാളത്തിലായിരുന്നു. ഗൾഫിൽ നിന്ന് ഇൻഷുറൻസ് തുകയായ 30 ലക്ഷം കിട്ടുമെന്നും അതിനായി ഒരു നാടകം നടത്തണമെന്നും പിള്ള പറഞ്ഞത് നാലു പേരോടായിരുന്നു. ഇവർ നാലും ചേർന്നാണ് പദ്ധതി തയാറാക്കിയത്. ഇവരിൽ നിന്ന് മറ്റു രണ്ടു പേർ കൂടി പദ്ധതി മനസിലാക്കി. കുറുപ്പിന്റെ ഭാര്യ സരസമ്മയും അനിയത്തി തങ്കമണിയും.
30 ലക്ഷം ഇൻഷുറൻസ് തുക കിട്ടുന്നതിൽ വലിയൊരു പങ്ക് തനിക്ക് ലഭിച്ചേക്കുമെന്ന് മനസിലാക്കിയ ഭാസ്കരപിള്ള പെൻഷൻ പോലും വേണ്ടെന്ന് വച്ചാണ് പട്ടാളത്തിലെ ജോലി ഉപേക്ഷിച്ച് പോന്നത്. തന്റെ ജീവിതകാലം മുഴുവൻ പട്ടാളത്തിൽ കഷ്ടപ്പെട്ടാലും കിട്ടാത്തത്ര വലിയ തുകയായിരുന്നു കുറുപ്പിന്റെ ഓഫർ. പിന്നെ വരും വരായ്കകൾ ഒന്നും ചിന്തിച്ചില്ല. പട്ടാളജോലി വലിച്ചെറിഞ്ഞു പോന്നു. അബുദബിയിൽ കുറുപ്പിന്റെ വിശ്വസ്തനായിരുന്ന ഷാഹുൽ, കുറുപ്പിന്റെ അളിയൻ മധുസൂദനൻ, ഡ്രൈവർ പൊന്നപ്പൻ എന്നിവർക്കാണ് ഇൻഷുറൻസ് തട്ടാനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടായിരുന്നത്.
ചാക്കോയെ കൊന്ന് കത്തിച്ചതിന് ശേഷം കുറുപ്പ് ഒളിവിൽ പോയി. കുറുപ്പാണ് മരിച്ചതെന്ന് കരുതി ആ കൊലക്കേസാണ് ചെങ്ങന്നൂർ പൊലീസ് അന്വേഷിച്ചിരുന്നത്. കുറുപ്പിന്റെ പൂർവ കാല ചരിത്രവും ആലപ്പുഴയിൽ നിർമ്മിക്കുന്ന വീടിരിക്കുന്ന സ്ഥലവും തേടി പൊലീസെത്തി. ഈ വീടു കാണിച്ചു കൊടുക്കാൻ കുറുപ്പിന്റെ ബന്ധു അപ്പുക്കുട്ടൻ പിള്ളയെയാണ് പൊലീസ് സമീപിച്ചത്. പൊലീസ് ജീപ്പിന്റെ പിന്നിലിരുന്ന അത്രയും ദൂരം പോകാൻ കഴിയില്ലെന്ന് പിള്ള അറിയിച്ചു. പകരം സുകുമാരക്കുറുപ്പിന്റെ അനിയൻ സുരേഷ് കുറുപ്പിനെ വിടാമെന്ന് പറഞ്ഞു. സുരേഷ് പൊലീസ് ജീപ്പിൽ കയറാൻ തയ്യാറെടുക്കുമ്പോൾ ഭാസ്കരപിള്ള തടഞ്ഞു.
താൻ പോകാമെന്നായി പിള്ള. പൊലീസുകാർ സമ്മതിച്ചു. ജീപ്പിന് പിന്നിൽ കയറിയ ഭാസ്കരപിള്ളയുടെ ഇരിപ്പ് ആദ്യം മുതൽ പൊലീസുകാരിൽ സംശയം ജനിപ്പിച്ചു. ഫുൾ സ്ലീവ് ഷർട്ട് അഴിച്ചിട്ടാണ് ഇരുന്നത്. ഉടുത്തിരുന്ന മുണ്ടും ഇയാൾ മടക്കി കുത്താതിരുന്നത് പൊലീസ് ശ്രദ്ധിച്ചു. കൊടുംചൂടും വഴിയിലെ പൊടിയും കാരണം ജീപ്പിലിരുന്നവർ വെട്ടി വിയർത്തു. ഇതിനിടെയാണ് പിള്ളയുടെ ഷർട്ടിന്റെ അഴിച്ചിട്ട കൈയ്ക്ക് ഇടയിലൂടെ ചോരയും ചലവും വരുന്നത് പൊലീസുകാർ ശ്രദ്ധിച്ചത്. ഇതെന്താണ് ചോര വരുന്നത് എന്ന് ചോദിച്ചപ്പോൾ ബുള്ളറ്റിൽ നിന്ന് ഒന്നു വീണുവെന്നും ചൂടായ സൈലൻസർ കൊണ്ട് കൈയുടെ കുറച്ചു ഭാഗം പൊള്ളിപ്പോയെന്നും ഇയാൾ പറഞ്ഞു. പിന്നെയും യാത്ര തുടർന്നു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ പിള്ളയുടെ തുടയുടെ ഭാഗത്ത് നിന്നും ചോര കിനിഞ്ഞു.
ഇതോടെ എസ്ഐ വാഹനം നിർത്താൻ ആവശ്യപ്പെട്ടു. ഭാസ്കരപിള്ളയെ ഇതിനുള്ളിൽ വച്ച് തന്നെ ചോദ്യം ചെയ്തു. പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. പൊലീസ് ജീപ്പ് തിരിച്ചു വിട്ടു. പിള്ളയെ മാവേലിക്കര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പൊലീസ് മുറയിൽ ചോദ്യം ചെയ്തതോടെ പിള്ള സത്യം പറഞ്ഞു. പക്ഷേ, അതും കള്ളമായിരുന്നു. കൊല്ലപ്പെട്ടത് കുറുപ്പാണെന്നും മുൻ വിരോധം കാരണം താൻ തന്നെ കൊന്നു കത്തിച്ചതാണെന്നും അപ്പോഴാണ് പൊള്ളലേറ്റതെന്നും പിള്ള പറഞ്ഞു. കുറുപ്പിനെ കൊന്ന കുറ്റത്തിനാണ് പിള്ള അറസ്റ്റിലായത്.
പിന്നീടാണ് മരിച്ചത് കുറുപ്പല്ലെന്നും ചാക്കോയാണെന്നും തെളിഞ്ഞത്. കുറുപ്പിനെ കിട്ടില്ലെന്ന് വന്നതോടെ ഷാഹുവിനെ മാപ്പുസാക്ഷിയാക്കി പിള്ളയെയും പൊന്നപ്പനെയും പ്രതികളാക്കി. പാലക്കാട്ടെ ഒളിവിടത്തിൽ നിന്നും ആലപ്പുഴ സനാതനം വാർഡിലുള്ള സ്വന്തം വീട്ടിലേക്ക് പോകാൻ വരുന്ന വഴിയാണ് പൊന്നപ്പൻ പിടിയിലാകുന്നത്. ചങ്ങനാശേരിയിലെ ബോട്ടു ജെട്ടിയിൽ ബോട്ട് കയറാൻ നിൽക്കുമ്പോൾ ഒരു പരിചയക്കാരൻ കണ്ടതാണ് പൊന്നപ്പൻ പിടിയിലാകാൻ കാരണമായത്. പൊന്നപ്പന്റെ പിടിച്ചതോടെയാണ് മരിച്ചത് കുറുപ്പല്ലെന്നും ചാക്കോയാണെന്നും വ്യക്തമായത്.
എട്ടു വർഷത്തെ ജയിൽ ജീവിതം കഴിഞ്ഞ് ഭാസ്കരപിള്ള പുലിയൂരിലെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണ്. പുലിയൂർ ക്ഷേത്രത്തിന് സമീപത്തായിട്ടാണ് വീട്. വീടിനോട് ചേർന്ന കടമുറിയുമൊക്കെ ഉണ്ടായിരുന്നു. പിള്ള ഇപ്പോഴും നാട്ടിലിറങ്ങിൽ സഞ്ചരിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ചെറിയനാട്ടും ചെങ്ങന്നൂരുമൊക്കെ ഇദ്ദേഹം എത്താറുമുണ്ട്. കുറുപ്പ് സിനിമ വിവാദമാകുമ്പോഴും പിള്ള പ്രതികരിക്കാനില്ല. മാധ്യമങ്ങൾ പിള്ളയെ തേടി ചെന്നിരുന്നു. പക്ഷേ, കാണാൻ സമ്മതിച്ചില്ല.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്