മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണിൽ പന്തുകൊണ്ട് വിസ്മയം തീർക്കുകയായിരുന്നു യുസ്വേന്ദ്ര ചാഹൽ ഇന്നലെ. രാജസ്ഥാൻ റോയൽസിന്റെ ഹിമാലൻ സ്‌കോർ അനായാസം ചേസ് ചെയ്ത് മുന്നേറുന്നതിനിടെ കൊൽക്കത്തയ്ക്ക് മുന്നിൽ വഴിമുടക്കി ചാഹൽ എത്തി. വിജയിക്കാമെന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ ശ്രേയസ് അയ്യരുടേയും ടീം അംഗങ്ങളുടേയും പ്രതീക്ഷകൾ ചാഹൽ ഒരു നിമിഷം കൊണ്ട് അവസാനിപ്പിച്ചു.

ഹാട്രിക് അടക്കം ഒരോവറിൽ നാല് വിക്കറ്റുകളും മത്സരത്തിലാകെ അഞ്ച് വിക്കറ്റ് നേട്ടവും കീശയിലാക്കിയാണ് വിധി നിർണയിക്കുന്ന താരമായി മാറിയത്. മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും ചാഹലായിരുന്നു.

രാജസ്ഥാൻ റോയൽസ് മുന്നോട്ടുവെച്ച 218 റൺസ് വിജയലക്ഷ്യം പിന്തുടരവേ നായകൻ ശ്രേയസ് അയ്യരുടെ തകർപ്പൻ ബാറ്റിംഗിൽ കൊൽക്കത്ത വിജപ്രതീക്ഷയിൽ നിൽക്കുമ്പോഴാണ് ചാഹൽ തന്റെ അവസാന ഓവർ എറിയാനെത്തിയത്. കൊൽക്കത്ത ഇന്നിങ്സിലെ 17-ാം ഓവർ കൂടിയായിരുന്നു ഇത്. ചാഹൽ പന്തെടുക്കുമ്പോൾ 178-4 എന്ന അതിശക്തമായ നിലയിലായിരുന്നു കെകെആർ. ശ്രേയസ് അയ്യർ അയ്യർ 50 പന്തിൽ 85 ഉം വെങ്കടേഷ് അയ്യർ 6 പന്തിൽ ആറ് റൺസുമായി ക്രീസിലുണ്ടായിരുന്നു.

ആദ്യ പന്തിൽ വെങ്കടേഷ് അയ്യരെ സഞ്ജു സാംസൺ സ്റ്റംപ് ചെയ്തപ്പോൾ അടുത്ത പന്തിൽ റൺസൊന്നു പിറന്നില്ല. പിന്നാലെ ഷെൽഡൻ ജാക്സിന്റെ വക ഒരു റൺ. തൊട്ടടുത്ത പന്ത് ശ്രേയസ് അയ്യർക്കെതിരെ ചാഹൽ വൈഡ് എറിഞ്ഞു. വീണ്ടും എറിഞ്ഞപ്പോൾ ശ്രേയസ് എൽബിയിൽ കുടുങ്ങി. 51 പന്തിൽ 85 റൺസെടുത്താണ് കെകെആർ നായകൻ മടങ്ങിയത്. തൊട്ടടുത്ത പന്തിൽ ശിവം മാവി ഗോൾഡൻ ഡക്കായി. റിയാൻ പരാഗിനായിരുന്നു ക്യാച്ച്. അവസാന പന്തിൽ പാറ്റ് കമ്മിൻസും ഗോൾഡൻ ഡക്കായി. ഇത്തവണ സഞ്ജു ക്യാച്ചെടുത്തു. ഇതോടെ ചാഹൽ ഒരേ ഓവറിൽ ഹാട്രിക്കും നാല് വിക്കറ്റും പേരിലാക്കി.

നേരത്തെ കൊൽക്കത്ത ഇന്നിങ്സിലെ 13-ാം ഓവറിലെ അവസാന പന്തിൽ നിതീഷ് റാണയെ പുറത്താക്കിയിരുന്ന ചാഹൽ അഞ്ച് വിക്കറ്റ് തികയ്ക്കുകയും ചെയ്തു. ഇതോടെ പ്രതിരോധത്തിലായ കൊൽക്കത്ത ഉമേഷിന്റെ കരുത്തിൽ പൊരുതിയെങ്കിലും വിജയ തീരമണഞ്ഞില്ല.

മത്സരം പുരോഗമിക്കുംതോറും ക്യാമറക്കണ്ണുകൾ തിരയുന്നത് രാജസ്ഥാൻ നിരയിലെ ഒരു താരത്തിന്റെ ഭാര്യ ധനശ്രീ വർമയുടെ ആഹ്ലാദ പ്രകടനങ്ങളായിരുന്നു. ഹാട്രിക് പ്രകടനത്തിന് പിന്നാലെ ആഹ്ലാദം അലതല്ലി. ജയത്തിന് ശേഷം യുസ്വേന്ദ്ര ചഹലിനെ ഗാലറിയിൽ നിന്നുകൊണ്ട് അഭിമുഖം ചെയ്ത ഭാര്യ ധനശ്രീ വർമയുടെ വീഡിയോ ഇപ്പോൾ വൈറലാകുകയാണ്.

രാജസ്ഥാൻ റോയൽസിന്റെ മത്സരങ്ങൾക്കിടെയിലെ സ്ഥിരസാന്നിദ്ധ്യമാണ് കൊറിയോഗ്രാഫർ കൂടിയായ ധനശ്രീ. അഭിമുഖത്തിന്റെ വീഡിയോ രാജസ്ഥാൻ റോയൽസ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലെ ഔദ്യോഗിക പേജിലൂടെ പങ്കുവച്ചത്.'യൂസിക്ക് സന്തോഷം, ചേച്ചിയമ്മയ്ക്ക് സന്തോഷം, ഞങ്ങൾക്കും വളരെ സന്തോഷം, എന്തൊരു ഹാട്രിക്' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

'ഞാൻ ഇപ്പോൾ ബബിളിനു പുറത്താണ്, എന്തു തോന്നുന്നുവെന്ന ഭാര്യയുടെ ചോദ്യത്തിന് അതൊരു മികച്ച അനുഭവമായിരുന്നുവെന്ന് ചാഹൽ മറുപടി നൽകി. .. ഹാട്രിക് നേട്ടത്തിൽ സന്തോഷിക്കുന്നോ എന്ന് ചോദിച്ചപ്പോൾ പുഞ്ചിരിയോടെയായിരുന്നു മറുപടി. അതെ, ആദ്യത്തെ ഹാട്രിക് ആണല്ലോയെന്ന് താരം പറഞ്ഞു.