മുംബൈ: കഴുത്തിൽ കിടന്ന സ്വർണമാല കവർന്ന് കടന്നുകളയാൻ ശ്രമിച്ച കള്ളനെ ഓടുന്ന ബസിൽ നിന്ന് ചാടി പിടികൂടി 19കാരിയുടെ ധീരത. പൊലീസുകാരന്റെ സഹായത്തോടെയാണ് പെൺകുട്ടി പ്രതിയെ പൊക്കിയത്.

മുംബൈയിലാണ് സംഭവം. സഞ്ജന ബാഗുലിന്റെ 40,000 രൂപ വിലമതിക്കുന്ന സ്വർണ മാല കവർന്ന് ഓട്ടോയിൽ കടന്നുകളയാൻ ശ്രമിച്ച മുകേഷ് ഗെയ്ക്ക്വാദിനെയാണ് 19കാരിയുടെ മനസാന്നിധ്യം കൊണ്ട് പിടികൂടാൻ സാധിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സ്വകാര്യ കമ്പനിയിൽ ടെലികോളറായി ജോലി ചെയ്യുകയാണ് സഞ്ജന. ജോലിക്ക് പോകാൻ ബസിൽ കയറിയപ്പോഴാണ് കവർച്ച നടന്നത്. ബസിൽ നല്ല തിരക്കായിരുന്നു. യുവാവ് സ്വർണ മാല കവർന്ന് ബസിൽ നിന്ന് ചാടി രക്ഷപ്പെടുന്നത് യുവതിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടനെ തന്നെ ഓടുന്ന ബസിൽ നിന്ന് ചാടി മുറവിളി കൂട്ടിക്കൊണ്ട് 19കാരിയും പിന്നാലെ ഓടി.

ഇത് കണ്ട ട്രാഫ് പൊലീസ് കോൺസ്റ്റബിൾ ഇടപെടുകയായിരുന്നു. ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് കോൺസ്റ്റബിൾ പിടികൂടിയത്.