ആലപ്പുഴ: സ്‌കൂട്ടറിൽ സഞ്ചരിച്ച് മാലപൊട്ടിച്ചുകടക്കുന്ന വിരുതന്റെ വിളയാട്ടം തുടർക്കഥയായി. ഉടൻ പൊക്കുമെന്ന് പൊലീസ്. അന്വേഷണം കാര്യക്ഷമമല്ലന്ന് പരക്കെ ആക്ഷേപം. മാരാരിക്കുളം വടക്ക് 4-ാംവാർഡിൽ പട്ടാപ്പകൽ 10 വയസ്സുകാരിയുടെ മാലപൊട്ടിച്ച് കടന്നതിന് പിന്നാലെ ഇതെ ആൾ തന്നെ കഴിഞ്ഞ ദിവസം അമ്പലപ്പുഴയിലും ഇത്തരത്തിൽ തന്നെ മാല പൊട്ടിക്കൽ നടത്തിയതായുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്.

കഴിഞ്ഞ മാസം 22 -ന് പൊക്ലാശേരി ക്ഷേത്രത്തിനടുത്തുവച്ച് രാവിലെ 10 മണിയോടെയാണ് നീല ഫാസിനോ സ്‌കൂട്ടറിലെത്തിയ ആൾ പൊക്ലാശേരി തോപ്പിൽ കണ്ണന്റെ മകൾ ലക്ഷമിയുടെ ഒന്നരപവൻ വരുന്ന മാലപൊട്ടിച്ചെടുത്ത് കടന്നത്. കഴിഞ്ഞ ദിവസം ഇതെ അൾ തന്നെ ബന്ധുവായ 5 വയസ്സുകാരനോടൊപ്പം പാതയോരത്തുകൂടി നടന്നുപോകുകയായിരുന്ന 8 വയസ്സുകാരന്റെ ഒരു പവൻ തൂക്കം വരുന്ന മാലപൊട്ടിച്ചെടുത്ത് കടന്നതായിട്ടാണ് പുറത്തുവന്നിട്ടുള്ള സി സി ടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാവുന്നത്.'

മാരാരിക്കുളത്ത് കുട്ടി ട്യൂഷൻ കഴിഞ്ഞ് തിരികെ വരുമ്പോൾ വഴി ചോദിക്കാനെന്ന വ്യാജേന അടുത്തുചെന്നാണ് സ്‌കൂട്ടറിലെത്തിയ ആൾ പെൺകുട്ടിയുടെ മാല കവർന്നത്. ഭയപ്പാടിലായ പെൺകുട്ടി അടുത്ത വീട്ടിലെത്തി കാര്യം പറഞ്ഞപ്പോഴാണ് വിവരം പുറത്തറിയുന്നത്.പിന്നീട് സ്‌കൂട്ടറിൽ എത്തിയ കവർച്ചക്കാരനെ നാട്ടുകാർ തിരഞ്ഞങ്കിലും കണ്ടുകിട്ടിയില്ല.

പെൺകുട്ടിയിൽ നിന്നും വിവരം ശേഖരിച്ച മാരാരിക്കുളം പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് അമ്പലപ്പുഴയിൽ നിമാലപൊട്ടിക്കൽ സംഭവം റിപ്പോർട്ടുചെയ്യപ്പെട്ടിട്ടുള്ളത്.അമ്പലപ്പുഴ ചിറയിൽ വിനോദിന്റെ മകൻ ആർവിയുടെ മാലയാണ് വ്യാഴാഴ്്ച ഉച്ചയ്ക്ക് 1.20 തോടെയായിരുന്നു സംഭവം.ആമിയട എൻ എസ്സ എസ്സ് സ്‌കൂളിന് സമീപം റോഡിിലൂടെ നടന്നുവരവെയാണ് ആർവിയുടെ മാലപൊട്ടിച്ചെടുത്ത് കവർച്ചക്കാരൻ സ്ഥലം വിട്ടത്.രണ്ട് സംഭവങ്ങളും സമാനരീതിയിൽത്തന്നെയാണ് നടന്നിട്ടുള്ളത്.

സമീപ പ്രദേശങ്ങളിലെ സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിനെത്തുടർന്നാണ് ഈ രണ്ട് മാലപൊട്ടിക്കൽ സംഭവങ്ങളിലും പ്രതി ഒരാളാണെന്നുള്ള നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നിരിക്കുന്നത്.ഇയാളെ പിടികൂടാൻ നീക്കം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ടെന്നും ഉടൻ കസ്റ്റഡിയിൽ എടുക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും മാരാരിക്കുളം സി ഐ മറുനാടനോട് വ്യക്തമാക്കി.

ക്ഷേത്രങ്ങളിൽ ഉത്സവ കാലമായതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും.സ്വർണ്ണാഭരണങ്ങൾ ധരിക്കുന്നത് കഴിവതും ഒഴിവാക്കണമെന്നും പൊലീസ് പൊജനങ്ങൾക്കായുള്ള അറിയിപ്പിൽ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 10 വയസ്സുകാരിയുടെ മാലപൊട്ടിച്ചെടുത്ത സംഭവത്തിൽ അന്വേഷണം കുറച്ചുകൂടി കാര്യക്ഷമമാക്കിയിരുന്നെങ്കിൽ അമ്പലപ്പുഴയിൽ മാലപൊട്ടിയിക്കൽ സംഭവം ഉണ്ടാവില്ലായിരുന്നെന്നും ഇതിനകം തന്നെ പ്രതി അഴിക്കുള്ളിലാവുമായിരുന്നെന്നുമാണ് നാട്ടുകാരുടെ വിലയിരുത്തൽ.

ഇപ്പോഴും പുറത്തുവിലസുന്ന കവർച്ചക്കാരൻ വീണ്ടും ഇതെ കൃത്യം തന്നെ ആവർത്തിച്ചേക്കാമെന്നും ഇത്തരം സംഭവങ്ങളിൽ ഇരകൾ റോഡിൽ വീണും മറ്റും പരിക്കേൽക്കുന്നതിനും ചിലപ്പോൾ ജീവൻ നഷ്ടപ്പെടുന്നതിനും സാധ്യത നിലനിൽക്കുന്നുണ്ടെന്നും അതിനാൽ എത്രയും വേഗം മാലപൊട്ടിക്കുന്ന ആളെ പികൂടാൻ പൊലീസ് തയ്യാറാവണെമന്നുമാണ് ഇവർ ആവശ്യപ്പെടുന്നത്.