നെടുമങ്ങാട്: നെടുമങ്ങാട്, വിതുര പൊലീസ് സ്‌റ്റേഷനുകളിലായി രണ്ടു ദിവസത്തിനിടെ മൂന്ന് സ്ത്രീകളുടെ മാല പൊട്ടിച്ചുകടന്ന യുവാവിനെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. പനവൂർ ഇരഞ്ചിയം, ഉണ്ടപ്പാറ തൊഴുകുമ്മേൽ കിഴക്കുംകര പുത്തൻ വീട്ടിൽ ബിജു(26 )വാണ് അറസ്റ്റിലായത്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പനയമുട്ടം, തൊളിക്കോട്, തുടങ്ങിയ സ്ഥലങ്ങളിലായി സ്ത്രീകളുടെ മാല പൊട്ടിച്ചു കടക്കുകയും മാല പൊട്ടിക്കുന്നതിനിടെ സ്ത്രീകൾക്ക് വീണ് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് തിരുവനന്തപുരം ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഡാൻസാഫ് ടീം അന്വേഷണം നടത്തിവരികയായിരുന്നു. ഇന്നലെ വൈകീട്ട് ആട്ടുകാലിന് സമീപം ഒരു സ്ത്രീയുടെ മാല പൊട്ടിച്ചുപോയതറിഞ്ഞ് നെടുമങ്ങാട് ഡാൻസാഫ് ടീമും നെടുമങ്ങാട് പൊലീസ് സ്‌റ്റേഷൻ ടീമും കൂടി മൂന്നു സംഘങ്ങളായി നടത്തിയ തിരച്ചിലിലാണ് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടിയത്.

മാലയും പൊട്ടിക്കാനുപയോഗിച്ച ബൈക്കും കണ്ടെടുത്തു. തുടർന്ന്, നടത്തിയ ചോദ്യം ചെയ്യലിൽ രണ്ടു ദിവസങ്ങളിലായി തൊളിക്കോട്, പനയമുട്ടം ഭാഗത്തുനിന്ന് മാല പൊട്ടിച്ചിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു. ഇതിൽ ഒരു മാല തേമ്പാംമൂട് പേരുമലയിലെ ഒരു ഫിനാൻസിൽ പണയം വെച്ചിട്ടുള്ളതായി തെളിഞ്ഞു. എക്‌സ്‌കവേറ്റർ ഓപറേറ്ററായി ജോലി നോക്കിവരുന്ന ഇയാളെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടത്തിവരുന്നു.