പത്തനംതിട്ട: ബൈക്കിലെത്തി സ്ത്രീകളെ ആക്രമിച്ച് മാല മോഷ്ടിക്കുന്നത് പതിവാക്കിയ സ്ഥിരം കുറ്റവാളിയെ പൊലീസ് സാഹസികമായി കീഴടക്കി. ആലപ്പുഴ രാമങ്കരി പൊലീസ് സ്റ്റേഷൻ പരിധിയിൽ മുട്ടാർ വില്ലേജിൽ മിത്രമഠം കോളനിയിൽ ലതിൻ ബാബു (33) ആണ് തിരുവല്ലയ്ക്ക് സമീപം കുറ്റൂരിൽ നിന്ന് അറസ്റ്റിലായത്.

പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കവർച്ച, മോഷണ, ദേഹോപദ്രവ കേസുകളിലെ പ്രതിയും സ്ഥിരം കുറ്റവാളിയുമാണ് ലതിൻ. ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനിയുടെ നിർദേശാനുസരണം രൂപീകരിച്ച പത്തനംതിട്ട ഡിവൈഎസ്‌പി കെ. സജീവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തിരുവല്ല കുറ്റൂർ ചിറ്റിലപ്പടിയിൽ ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്ന് പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. മോഷ്ടിച്ചെടുക്കുന്ന സൈക്കിളിലും സ്‌കൂട്ടറിലുമായി കറങ്ങി നടന്ന് സ്ത്രീകളെ നിരീക്ഷിച്ച് തക്കം പാർത്തിരുന്ന് മാല പറിക്കുകയാണ് രീതി. മോഷണമുതലുകൾ ഭാര്യയെക്കൊണ്ട് ജൂവലറികളിലും സ്വർണ പണമിടപാട് സ്ഥാപനങ്ങളിലും വിൽക്കുകയാണ് ചെയ്യുന്നത്.

തിരുവല്ല, പുളിക്കീഴ്, കൂടാതെ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, രാമങ്കരി എന്നീ പൊലീസ് സ്റ്റേഷനുകളിൽ സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്തതിന് എഴോളം കേസുകളും, ഇരുചക്രവാഹനം മോഷ്ടിച്ചതിന് തിരുവല്ല പൊലീസ് സ്റ്റേഷനിൽ ഒരു കേസും ഇയാൾക്കെതിരെയുണ്ട്. സൈക്കിളിൽ പണിക്കു പോകുന്നവരെയും ഇതരസംസ്ഥാന തൊഴിലാളികളെയും വിവിധ സ്ഥലങ്ങളിൽനിന്നും എത്തി ഇവിടെ വാടകയ്ക്ക് താമസിക്കുന്നവരെയും മൂന്നു മാസം പ്രത്യേക അന്വേഷണ സംഘം തുടർച്ചയായി നിരീക്ഷിച്ചു വരികയായിരുന്നു. കൂടാതെ, രണ്ടു ജില്ലകളിലായി അഞ്ഞൂറോളം സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചു.

വ്യാപകമാക്കിയ അന്വേഷണത്തിലൂടെയും ആസൂത്രിതമായ നീക്കങ്ങൾക്കും ഒടുവിലാണ് ഇയാൾ പൊലീസിന്റെ വലയിലായത്. ആലപ്പുഴ ജില്ലയിൽ പൊലീസിനെ ആക്രമിച്ച കേസിലും വേറെ ചില ദേഹോപദ്രവ കേസുകളിലും ലതിൻ പ്രതിയാണ്. മറ്റ് ജില്ലകളിലും സമാനമായ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ളതായി സൂചന ലഭിച്ചിട്ടുണ്ടെന്നും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുന്നതിന് നിർദ്ദേശം നൽകിയതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. പിടിച്ചുപറി കേസുകളുടെ അന്വേഷണത്തിനായി രൂപീകരിച്ച സംഘത്തിൽ എസ്സിപിഒ ജോബിൻ ജോൺ, സിപിഒമാരായ ഉമേഷ്, ശ്രീലാൽ, ഷഫീക്, വിജീഷ്, സുജിത് കുമാർ എന്നിവരാണുള്ളത്.