തവിശ്വാസത്തിന് കൂച്ചുവിലങ്ങുകൾ ഉള്ള ചൈനയിലെ ക്രൈസ്തവ വിശ്വാസികൾക്കുനേരെ കൂടുതൽ നിയന്ത്രണങ്ങൾ വരുന്നു. അടുത്ത മാസം മുതൽ മതവിശ്വാസം നിയന്ത്രിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ തീരുമാനം.

അനൗദ്യോഗികമായ മതപഠന കേന്ദ്രങ്ങൾ നിരോധിക്കാനാണ് സർക്കാരിന്റെ തീരുമാനം. വീടുകൾ കേന്ദ്രീകരിച്ചുള്ള ആരാധനാലയങ്ങളും നിരോധിക്കും. ക്രൈസ്തവ മതവിശ്വാസികൾക്ക് യാത്രാ നിയന്ത്രണങ്ങളും കൊണ്ടുവരും.

അഞ്ച് മതങ്ങൾക്കാണ് ചൈനയിൽ അംഗീകാരമുള്ളത്. ബുദ്ധ, താവോ, ഇസ്ലാം, കത്തോലിക്കർ, പ്രൊട്ടസ്റ്റന്റ് എന്നിവയാണിത്. ഈ മതങ്ങളുടെയും വിശ്വാസം പിന്തുടരുന്ന കാര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടെന്നുമാത്രം.

ഒക്ടോബർ ഏഴ് മുതൽക്കാണ് മതങ്ങൾക്ക് ചൈനയിൽ നിയന്ത്രണം കൊണ്ടുവരിക. മതപരിശീലനം, സമ്മേളനങ്ങൾ മുതലായവ നടത്തുന്നത് കുറ്റകരമായി മാറും. മത സ്ഥാപനങ്ങൾ ആരംഭിക്കുന്നതും സ്‌കൂളുകളോട് ചേർന്ന് മത സ്ഥാപനങ്ങൾ തുടങ്ങുന്നതും ഇന്റർനെറ്റിലൂടെ മത സേവനങ്ങൾ നടത്തുന്നതും കുറ്റങ്ങളുടെ പട്ടികയിലുണ്ട്.

രാജ്യത്തിന്റെ സുരക്ഷയെ മുൻനിർത്തിയാണ് നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതെന്ന് ഷി ജിൻപിങ്ങിന്റെ സർക്കാർ പറയുന്നു. വിദേശ രാജ്യങ്ങളിൽ അദ്ധ്യാപക ജോലികൾ തേടുന്നതിനും നിയന്ത്രണം വരും. ഓരോ പത്തുവർഷം കൂടുമ്പോഴുമാണ് ചൈനയിൽ മതങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാറുള്ളത്. ഏറ്റവുമൊടുവിൽ മാറ്റം വരുത്തിയത് 2006-ലാണ്.