- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രജീഷ് നാട്ടിൽ നിന്ന് മാറി നിന്നപ്പോൾ ചൂണ്ടയിട്ടത് ഒത്തുതീർപ്പ് മദ്യസത്കാരം വഴി; വിജനസ്ഥലത്ത് സുഹൃത്തുക്കളെ കുടിപ്പിക്കുമ്പോൾ താനും കുടിക്കുന്നതായി ഭാവിച്ചു; ഒറ്റിയത് താൻ തന്നെ എന്ന് പ്രജീഷ് തുറന്നുപറഞ്ഞതോടെ അരുകൊല; ചക്കരകല്ലിലെ അബ്ദുൽ ഷുക്കൂറിന് ക്രിമിനൽ ബുദ്ധി
കണ്ണൂർ: അരുംകൊല നടത്തിയിട്ടും യാതൊരു കൂസലുമില്ലാത്ത മുഖഭാവത്തോടെയാണ് പ്രജീഷ് വധകേസിൽ മുഖ്യ പ്രതിയായ അബ്ദുൽ ഷുക്കൂറിന്റെ ശരീരഭാഷ. പൊലീസി നോട് താൻ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്ന് ഏറ്റു പറഞ്ഞ അബ്ദുൽ ഷുക്കൂർ തെളിവെടുപ്പുമായി പുർണമായി സഹകരിക്കുകയായിരുന്നു. ഒരു പ്രൊഫഷനൽ കില്ലറുടെ വൈദഗ്ദ്ധ്യത്തോടെയാണ് വളരെ ആസൂത്രിതമായി വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ താനുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന പ്രജീഷിനെ ഭുമുഖത്തു നിന്നു തന്നെ ഇല്ലാതാക്കിയത്. ഇതിനായി കേസിലെ രണ്ടാം പ്രതി പ്രശാന്തിനെ വളരെ വിദഗ്ദ്ധമായി മദ്യം കൊടുത്ത് ഉപയോഗിക്കുകയും ചെയ്തു.
പ്രജീഷ് വധക്കേസിൽ പൊലീസിൽ കിഴടങ്ങിയ മുഖ്യപ്രതി മിടാവിലോട് കൊല്ലറോത്ത് അബ്ദുൾ ഷുക്കൂറിനെയും കൊണ്ട് വിവിധ സ്ഥലങ്ങളിൽ പൊലീസ് തെളിവെടുപ്പ് നടത്തി. തേക്കുമരമോഷണ കേസിൽ തന്നെയും പങ്കാളിയായ റമീസിനെയും പൊലിസിന് ഒറ്റികൊടുത്ത പ്രജീഷിനെ ജയിലിൽ നിന്നിറങ്ങിയാൽ തീർക്കുമെന്ന് ഇയാൾ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഫോണിലൂടെ പല തവണ ഭീഷണി സന്ദേശം വന്നതിനെ തുടർന്ന് പ്രജീഷ് നാട്ടിൽ നിന്നു തന്നെ മാറി നിൽക്കുകയായിരുന്നു. ഇവിടെയാണ് ഷുക്കൂർ തന്റെ ക്രിമിനൽ ബുദ്ധി ഉപയോഗിച്ചത്.
അതിവിദഗ്ദ്ധമായി പ്രജീഷിന്റെയും തന്റെയും സുഹൃത്തായ പ്രശാന്തിനെ വിളിച്ച് എല്ലാ പ്രശ്നങ്ങളും ഒത്തുതീർപ്പാക്കണമെന്നും ഇതിനായി മദ്യസൽക്കാരം നടത്താൻ താൻ തയ്യാറാണെന്നും അറിയിക്കുകയായിരുന്നു. ചക്കരക്കൽ നഗരത്തിൽ നിന്നും തെല്ലുമാറിയുള്ള മിടാവിലോടിന് മറ്റൊരു വശത്തുള്ള കുട്ടി കുന്നുമ്മൽ എന്ന വിജന പ്രദേശം രാത്രിയിൽ ഒത്തുചേരാനായി ലൊക്കേഷനായി തെരഞ്ഞെടുത്തതും ഇയാൾ തന്നെയായിരുന്നു. പുറമേക്ക് യാതൊരു വെറുപ്പും കാണിക്കാതെ പ്രജീഷിനെയും പ്രശാന്തിനെയും പരമാവധി മദ്യമൊഴിച്ചു കൊടുത്തു കുടിപ്പിക്കുകയും എന്നാൽ താൻ അധികമൊന്നും കുടിക്കാതെ കുടിക്കുന്നതായി അഭിനയിക്കുകയുമായിരുന്നു ഷുക്കൂർ.
ഇതിനിടെയിൽ താനും റമീസും മരമോഷണം നടത്തിയ വിവരം പ്രജീഷ് തന്നെയാണ് പൊലിസിന് നൽകിയതെന്ന കാര്യം മദ്യലഹരിയിൽ പ്രജീഷിന്റെ നാവിൽ നിന്നു തന്നെ കേൾപ്പിച്ചു ഉറപ്പു വരുത്താനും ഇയാൾക്ക് കഴിഞ്ഞു.ഇതോടെ സ്കുട്ടറിൽ ഒളിപ്പിച്ചു വെച്ച ഇരുമ്പ് വടി ഉപയോഗിച്ച് പ്രജീഷിന്റെ തലയുടെ പിന്നിൽ ആഞ്ഞടിച്ചു കൊന്നത് രണ്ടോ മൂന്നോ അടി കഴിയുമ്പോഴെക്കും മരണമുറപ്പിക്കാനായി പത്തിലേറെ തവണയാണ് ഇയാൾ പ്രഹരിച്ചത്. ഇതിനു ശേഷം ചാക്കിൽ കെട്ടി മൃതദേഹം അർധരാത്രിയിൽ കനാലിൽ കൊണ്ടുപോയി തള്ളുകയും പിറ്റേന്ന് പുലർച്ചെ ട്രെയിൻ മാർഗം മംഗളൂരിലേക്ക് മുങ്ങുകയുമായിരുന്നു.
ഓഗസ്റ്റ് 19 ന് കൊല നടത്തിയ ശേഷം പ്രതി ഒളിവിലായതോടെയാണ് കൂട്ടുപ്രതിയായ പ്രശാന്തൻ പിടിയിലാവുന്നത്.മംഗളൂരിൽ കടന്ന പ്രതിക്ക് വേണ്ടി ചക്കരക്കൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയപ്പോൾ മംഗളുര് വഴി ആന്ധ്ര, കർണാടക, കുടക് തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ ഷുക്കൂർ വെള്ളിയാഴ്ച്ച ഉച്ചയോടു കൂടി കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ എത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് സൂചന ലഭിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ മേഖലയിൽ പ്രതിക്ക് വേണ്ടി പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. പൊലീസ് പിടിയിലാകുമെന്ന് ഉറപ്പിച്ച ഷുക്കൂർ ശനിയാഴ്ച്ച പുലർച്ചെ 4.10 ന് ചക്കരക്കൽ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പിന്നീട് നടന്ന പൊലീസ് ചോദ്യം ചെയ്യല്ലിൽ പ്രതി മടിയൊന്നും കൂടാതെ കുറ്റം സമ്മതിക്കുകയുമായിരുന്നു ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോട് കൂടി പ്രതിയെയും കൂട്ടി പ്രജീഷിന്റെ മൃതദേഹം തള്ളിയ പൊതുവാച്ചേരി മണിക്കിയിൽ അമ്പലത്തിന് സമീപമുള്ള കനാലിൽ പൊലിസ് തെളിവെടുപ്പ് നടത്തി.
തുടർന്ന് പ്രതിയെ കണ്ണൂർ എസ്പി ഓഫിസിൽ വച്ച് സിറ്റി പൊലീസ് കമ്മീഷനർ ആർ.ഇളങ്കോ ചോദ്യം ചെയ്തു. വിണ്ടും ചക്കരക്കൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ അഞ്ച്മണിയോട് കൂടി തറവാട് വീടായ മിടാവിലോട് കൊല്ലറോത്ത് റുബിന മൻസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രജീഷിനെ വെട്ടാൻ ഉപയോഗിച്ച മാരകായുധങ്ങൾ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട് തുടർന്ന് പ്രജീഷിനെ വധിച്ച കുട്ടിക്കുന്നുമ്മൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. പ്രതിയെ കൊണ്ട് വരുന്നത് അറിഞ്ഞ് നിരവധി പേരാണ് സംഭവസ്ഥലത്ത് എത്തിയത്. മൃതദേഹം പൊതിയാൻ ഉപയോഗിച്ച തുണി, കയർ എന്നിവതറവാട്ടിൽ നിന്ന് എടുത്തതാണെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രജീഷിന്റെ ഫോൺ, കൊല നടത്തുമ്പോൾ പ്രതി ഉപയോഗിച്ച വസ്ത്രം എന്നിവ ഇനി കണ്ടെത്താനുണ്ട്.
കൊല നടത്തിയ ശേഷം ഷുക്കൂറിന്റെ സ്കൂട്ടറിൽ തന്നെയാണ് മൃതദേഹം കൊണ്ട് പോയതെന്നും ഇയാൾ സമ്മതിച്ചിട്ടുണ്ട്. ചക്കരക്കൽ.സിഐ എൻ. കെ.സത്യനാഥൻ, എസ് ഐ കെ.രാജീവൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. നടത്തിയത്.
നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും തേക്കുമര ഉരുപ്പിടികൾ കവർച്ച ചെയ്ത കേസിൽ സാക്ഷിമൊഴി നൽകിയതിനാണ് പ്രജീഷിനെ കൊന്ന് കനാലിൽ തള്ളിയതെന്നാണ് പൊലിസ് അന്വേഷണ റിപ്പോരട്ട്. ഇതുമായി ബന്ധപ്പെട്ട് നാല് ദിവസം മുമ്പ് ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്ത പനയത്താംപറമ്പ് കല്ലുള്ളതിൽ ഹൗസിൽ പ്രശാന്ത് (40) ഇപ്പോൾ റിമാൻഡിലാണ്. ഷുക്കൂറിനെ നാളെ കോടതിയിൽ ഹാജരാക്കും. തുടർന്ന് കൂടുതൽ ചോദ്യം ചെയ്യാൻ ഇയാളെ കസ്റ്റഡിയിൽ ലഭിക്കാൻ അപേക്ഷ നൽകുമെന്ന് പൊലിസ് അറിയിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്