കണ്ണൂർ: വീട്ടിൽ മദ്യപിച്ചു സ്ഥിരം ബഹളമുണ്ടായിരുന്ന പ്‌ളസ്ടു വിദ്യാർത്ഥിനിയുടെ പിതാവിനെ സഹപാഠികൾ വീട്ടിൽ കയറി വെട്ടി പരുക്കേൽപിച്ചു. ചക്കരക്കൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ അഞ്ചരക്കണ്ടിയിലാണ് സംഭവം.

45 വയസുകാരനായ പിതാവിനാണ് വെട്ടേറ്റത്. ഇടതുകാലിനും കൈകൾക്കും വെട്ടേറ്റ ഇയാൾ അഞ്ചരകണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പ്‌ളസ്ടു വിദ്യാർത്ഥികളായ മമ്പറം മൈലുള്ളി മെട്ട സ്വദേശികളായ മൂന്നുപേർ കസ്റ്റഡിയിലാണ്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്-വെട്ടേറ്റ 45 വയസുകാരൻ സ്ഥിരമായി മദ്യപിച്ചു വീട്ടിൽ വന്ന് ഭാര്യയെയും മകളെയും ഉപദ്രവിക്കാറുണ്ടായിരുന്നു. ഇതു സ്ഥിരമായപ്പോൾ പെൺകുട്ടിയുടെ പഠനം മുടങ്ങുന്ന സ്ഥിതിയിലെത്തി. ഇതേ തുടർന്ന് വിദ്യാർത്ഥിനിയുടെ സഹപാഠികളായ സുഹൃത്തുക്കൾ ഈ കാര്യം അയൽവാസികൾ പറഞ്ഞ് അറിയുകയും പരീക്ഷാക്കാലമായതിനാൽ വീട്ടിൽ മദ്യപിച്ചെത്തി ബഹളം വയ്ക്കരുതെന്ന് ആവശ്യപ്പെടുകയുമായിരുന്നു.

ഇതേ തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇതിന് വൈരാഗ്യമെന്നോണം പ്‌ളസ്ടു പരീക്ഷയുള്ള ദിവസങ്ങളിൽ ഇയാൾ അമിതമായി മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കുന്നത് തുടർന്നു. ഇതേ തുടർന്നാണ് വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം വീടിനരികെ ഒളിച്ചു നിന്ന് കൂട്ടുകാരിയുടെ പിതാവ് ലഹളയുണ്ടാക്കാൻ തുടങ്ങുമ്പോൾ ചാടി വീണ് വെട്ടി പരുക്കേൽപിച്ചത്.

കൈക്കും കാലിനും ആഴത്തിലുള്ള വെട്ടേറ്റുണ്ട്. സംഭവത്തെ തുടർന്ന് ചക്കരക്കൽ പൊലീസ് പ്രതികളെ ഇന്നലെ രാത്രി തന്നെകസ്റ്റഡിയിലെടുത്തിട്ടുണ്ട്