കണ്ണൂർ: നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും നാലു ലക്ഷം രൂപ വിലവരുന്ന തേക്കുമര ഉരുപ്പിടികൾ കവർച്ച ചെയ്ത കേസിൽ സാക്ഷിമൊഴി നൽകിയ യുവാവിനെ തലയ്ക്കടിച്ചു കൊന്ന് കനാലിൽ തള്ളിയ കേസിലെ മുഖ്യ പ്രതി ചക്കരക്കൽ മിടാവിലോട് കൊല്ലറോത്ത് ഹൗസിൽ അബ്ദുൽ ഷുക്കൂറിനെ (43) ചക്കരക്കൽ പൊലിസ് പിടികൂടി. ഇയാളെ കണ്ണൂർ ഡി.വൈ.എസ്‌പി പി.പി സദാനന്ദന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്.

ചക്കരക്കല്ലിൽ കുട്ടി കുന്നുമ്മേൽ പ്രശാന്തിയിൽ ഇപ്രജീഷിന്റെ (33) കൊലപാതക കേസിലെ മുഖ്യപ്രതിയായ അബ്ദുൽ ഷുക്കൂർ കൊല നടന്നതിനു ശേഷം ഒളിവിലായിരുന്നു. താഴെ മൗവ്വഞ്ചേരിയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും തേക്ക് മര. ഉരുപ്പിടികൾ മോഷ്ടിച്ച കേസ് പുറത്തു പറഞ്ഞതിന്റെ വൈരാഗ്യത്തിൽ കൊല നടത്തുകയെന്ന ഗൂഢലക്ഷ്യത്തോടെ യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്ന്‌പൊലിസ് അന്വേഷണത്തിൽ നിന്നും വ്യക്തമായിട്ടുണ്ട്.

കൊല്ലപ്പെട്ടയുവാവിന്റെ തലയിൽ പത്തോളം മുറിവുകളുണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. ഈ കേസിൽ നാല് ദിവസം മുൻപ് ചക്കരക്കൽ പൊലീസ് അറസ്റ്റു ചെയ്ത മുഴപ്പാല പള്ളിച്ചാൽ ഹൗസിലെ ചങ്ങംപൊയിൽ പ്രശാന്തിനെ (40) തലശേരി സിജെഎം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ 19 ന് ചക്കരക്കൽ മിടാവിലോട്ടെ 'പ്രശാന്തി' നിവാസിൽ ഇ പ്രജീഷിനെ(33)യാണ് കൊലപ്പെടുത്തി പ്രതികൾ പൊതുവാച്ചേരി മണിക്കയിൽ അമ്പലം റോഡിനരികെയുള്ള കനാലിൽ തള്ളിയത്. കൊലപാതകത്തിൽ പിടിയിലായ പ്രശാന്തന് വ്യക്തമായ പങ്കുണ്ടെന്ന് ചോദ്യംചെയ്യലിൽ ബോധ്യപ്പെട്ടതായി പൊലീസ് പറഞ്ഞിരുന്നു കേസിലെ മുഖ്യപ്രതിയായ മിടാവിലോട്ട് കൊല്ലറോത്ത് ഹൗസിൽ അബ്ദുൾ ഷുക്കൂർ(43), കൊലപാതകത്തിനു ശേഷം ഒളിവിലായിരുന്നു

ഇയാൾ മംഗ്‌ളൂരിൽ ഒളിവിൽ കഴിഞ്ഞുവെന്നാണ് പൊലിസിന് ലഭിച്ച വിവരം രഹസ്യവിവരത്തെ തുടർന്ന് വെള്ളിയാഴ്‌ച്ച രാത്രിയാണ് ഇയാൾ പിടിയിലാവുന്നതെന്നാണ് സൂചന. നേരത്തെ അറസ്റ്റിലായ പ്രശാന്ത് ഷുക്കൂറിന്റെ നിർദ്ദേശപ്രകാരം മദ്യപിക്കാനായി പ്രജീഷിനെ വിളിച്ചു വരുത്തുകയും കുടിപ്പിച്ച് അവശനാക്കിയതിനു ശേഷം ഷുക്കൂർ മരം മോഷണ കേസിൽ തങ്ങളെ ഒറ്റിയത് പ്രജീഷാണെന്ന് മനസിലാക്കിയതിനു ശേഷം ഇരുവരും ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു കൊന്നതിനു ശേഷം ചാക്കിൽ കെട്ടി ഗുഡ്‌സ് ഓട്ടോറിക്ഷയിൽ കൊണ്ടുപോയി കനാലിൽ തള്ളുകയായിരുന്നു.

ചക്കരക്കൽ സിഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തി വരുന്നത്.കേസിലെ മറ്റൊരു പ്രതിയായ പൊതുവാച്ചേരി മാക്കുന്നത്ത് വീട്ടിൽ എറിയാസ് (36) ഇപ്പോഴും ഒളിവിലാണ്.