ചക്കരക്കല്ല്: 'അടിച്ചുപൊളിച്ചു' ജീവിക്കുകയായിരുന്ന രണ്ടു ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ കള്ളക്കളി പൊളിഞ്ഞു. മക്കളുടെ ആഡംബര ജീവിതം കണ്ടു സംശയം തോന്നിയ രക്ഷിതാക്കളാണ് വീട്ടിലെ കള്ളനെ കമ്ടത്തിയത്.

സ്വന്തം വീടുകളിൽ നിന്നുള്ള ആഭരണ മോഷ്ടിച്ചായിരുന്നു കള്ളന്മാരുടെ കറക്കവും അടിപൊളിയും. സ്വന്തം വീട്ടിൽ നിന്നും ബന്ധുവീട്ടിൽ നിന്നുമായി 27.5പവൻ സ്വർണാഭരണം മോഷ്ടിച്ചു. അതിന് ശേഷം പുത്തൻ ബൈക്കുകളും മൊബൈൽ ഫോണുകളും വാങ്ങിച്ചു. ഇതെല്ലാം കണ്ട് ബന്ധുക്കൾ സംശയാലുക്കളായി. ഇതിലൊരാൾ മോഷ്ടിച്ചത് അമ്മയുടെ 21.5 പവൻ ആഭരണങ്ങൾ. മറ്റൊരാൾ അമ്മാവന്റെ ആറു പവൻ വരുന്ന ബ്രേസ്ലറ്റും മോഷ്ടിച്ചു.

ആദ്യത്തെയാളുടെ വീട്ടുകാരാണു സംശയം തോന്നി ചക്കരക്കല്ല് എസ്‌ഐ പി.ബിജുവിനെ വിവരം അറിയിച്ചത്. തുടർന്ന്, രണ്ടു ഹയർ സെക്കൻഡറി വിദ്യാർത്ഥികളെയും ആഭരണങ്ങൾ ജൂവലറിയിൽ വിൽക്കാൻ ഇവരെ സഹായിച്ച ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിയായ സുഹൃത്തിനെയും പൊലീസ് പിടികൂടി. ഇതോടെ എല്ലാം പുറത്തായി. രണ്ടു വിദ്യാർത്ഥികളും ഷോപ്പിങ് മാളുകളിലും സിനിമാ തിയറ്ററുകളിലുമൊക്കെയായി അടിച്ചു പൊളിക്കുകയായിരുന്നു. രാത്രി വൈകിയാണു വീട്ടിലെത്തിയിരുന്നത്. വീട്ടുകാരോടു മോശമായി പെരുമാറിയും പണത്തിന്റെ ഹുങ്ക് കാട്ടി.

പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. സ്വർണാഭരണങ്ങളുടെ വില ജൂവലറിക്കാരിൽ നിന്നു പൊലീസ് ഈടാക്കി, വീട്ടുകാർക്കു നൽകി. സ്വർണാഭരണം മോഷ്ടിച്ച രണ്ടു പേർക്കും സഹായിച്ചയാൾക്കും കൃഷിയും പുസ്തകവായനയുമാണു ഇവർക്ക് പൊലീസ് നൽകിയിരിക്കുന്ന ശിക്ഷ. എല്ലാ ഞായറാഴ്ചയും പൊലീസ് ആവശ്യപ്പെടുന്ന മറ്റു ദിവസങ്ങളിലും ചക്കരക്കല്ല് സ്റ്റേഷനിലെത്തണം. സ്റ്റേഷനിലെ ലൈബ്രറിയിലെ പുസ്തകം വായിക്കണം, മുറ്റത്തെ പച്ചക്കറികൃഷിയിൽ സഹായിക്കണം. ഇടയ്ക്ക് കായികവിനോദങ്ങളിൽ പങ്കെടുക്കണം. ഞായറാഴ്ച മുഴുവൻ സമയവും ഇതിനായി സ്റ്റേഷനിലുണ്ടാവണം.

അങ്ങനെ കുട്ടികൾക്ക് പൊലീസ് വിധിച്ച നല്ലനടപ്പിൽ കുടുംബങ്ങൾക്കും സന്തോഷം. സ്വന്തം ചോരയായതു കൊണ്ട് കേസിൽ കുടുക്കു ദുർഗുണ പരിഹാര പാഠശാലയിൽ വിടാൻ അവർക്കും താൽപ്പര്യമില്ല.