കുട്ടനാട്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ ഗൗരിദർശന വള എഴുന്നള്ളത്ത് ഉത്സവത്തിന് ആഗസ്റ്റ് 20ന് തുടക്കം കുറിക്കും. ഭക്തയായ ഗൗരിക്ക് ചക്കുളത്തമ്മ ദർശനം നൽകിയ പുണ്യ ദിവസമാണ് ഗൗരിദർശന ദിനം. ഈ പുണ്യദിവസം ചക്കുളത്തമ്മയെ ദർശിക്കുന്നത് അഷ്‌ടൈശ്വര്യങ്ങൾക്കും സർവാഭീഷ്ടസിദ്ധിക്കും ഏറ്റവും ഫലപ്രദമാണെന്നാണ് വിശ്വാസം. ഗൗരി ദർശന ദിവസം ജാതിമത വർണഭേദങ്ങളില്ലാതെ ധാരാളം ഭക്തജനങ്ങൾ അമ്മയെ ദർശിച്ച് സായൂജ്യം നേടാൻ ചക്കുളത്തുകാവിലെത്തും. ആഗസ്റ്റ് 22ന് വള എഴുന്നള്ളത്ത് സമാപിക്കും.


ഗൗരി ദർശന വള എഴുന്നള്ളത്തിനോടനുബന്ധിച്ച് 20ന് രാവിലെ ദേവീ ഭാഗവത പാരായണം, പ്രസാദം ഊട്ട്, പ്രഭാഷണം എന്നിവയും 21ന് വിശേഷാൽ പൂജകൾക്ക് ശേഷം വൈകിട്ട് 5.30ന് മൂലകുടുംബക്ഷേത്ര നിലവറവാതുക്കൽ മംഗല്യദീപ പ്രതിഷ്ഠയും പുടവവയ്പും നടക്കും. 22ന് പുലർച്ചെ 5.30ന് ചക്കുളത്തമ്മയ്ക്ക് മഹാ ആരതിയും തുടർന്ന് എണ്ണ, ചന്ദനം, കരിക്ക്, പാൽ, നെയ്യ്, കുങ്കുമം, തേൻ, മഞ്ഞൾപ്പൊടി എന്നിവ കൊണ്ടുള്ള അഭിഷേകവും വിശേഷാൽ പൂജകളും രാവിലെ 9ന് വള എഴുന്നള്ളത്തും നടക്കും.