പത്തനംതിട്ട: ചക്കുളത്ത് കാവ് പൊങ്കാലയോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിൽ നിന്ന് ഡി.ജി.പി ലോകനാഥ് ബെഹ്റയെ ഒഴിവാക്കിയത് എന്തിനെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുന്നിൽ ഉരുണ്ട് കളിച്ച് ക്ഷേത്രം ഭാരവാഹികൾ. ബെഹ്റ അസൗകര്യം അറിയിച്ചുവെന്ന് ആദ്യം പറഞ്ഞ ഭാരവാഹികൾ, അബദ്ധത്തിലാണ് മനോരമ പത്രത്തിന്റെ സപ്ലിമെന്റിൽ അദ്ദേഹത്തിന്റെ പടം വന്നതെന്നും പറഞ്ഞു. ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ അധികൃതർക്കായില്ല.

ക്ഷേത്രകാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, അഡ്‌മിനിസ്ട്രേറ്റർ അഡ്വ കെകെ ഗോപാലകൃഷ്ണൻ നായർ, രമേശ് ഇളമൺ നമ്പൂതിരി, ഹരിക്കുട്ടൻ നമ്പൂതിരി എന്നിവരാണ് ഇന്ന് പത്തനംതിട്ടയിൽ പത്രസമ്മേളനം നടത്തിയത്. പരിപാടി ഉദ്ഘാടനം ചെയ്യാൻ ബെഹ്റയെ ക്ഷണിച്ചിരുന്നു. പിന്നീട് അദ്ദേഹം അസൗകര്യം അറിയിച്ചു. അതിനോടകം നോട്ടീസ് പ്രിന്റ് ചെയ്തിരുന്നു.

അത് അടിസ്ഥാനമാക്കിയാണ് മനോരമ പത്രത്തിൽ സപ്ലിമെന്റ് വന്നത്. അദ്ദേഹത്തെ ആദ്യം ക്ഷണിച്ചിരുന്നു. പിന്നെയാണ് ശബരിമല ഇഷ്യൂ വന്നത്. അതു കാരണം എങ്ങോട്ടും പോകുന്നില്ല എന്ന് അറിയിക്കുകയായിരുന്നു. പിന്നീടൊരു അവസരത്തിൽ ക്ഷേത്രത്തിൽ വന്ന് തൊഴുമെന്ന് അദ്ദേഹം പറഞ്ഞുവെന്നും ഭാരവാഹികൾ വിശദീകരിച്ചു. ബെഹ്റയ്ക്ക് പകരം കൊടിക്കുന്നിൽ സുരേഷ് എംപിയാകും സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുക.

ബെഹ്റയെ ചക്കുളത്തുകാവ് സാംസ്‌കാരിക സമ്മേളനത്തിൽ നിന്നൊഴിവാക്കിയെന്ന വാർത്ത മറുനാടനാണ് ഇന്നലെ പുറത്തു വിട്ടത്. ഇതേപ്പറ്റി പ്രതികരിക്കാൻ ക്ഷേത്രം അധികൃതർ ആദ്യം തയാറായിരുന്നില്ല. സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ബെഹ്റയെയാണ് ക്ഷണിച്ചിരുന്നത്. മൂന്നു ദിവസം മുൻപ് ഇത് സംബന്ധിച്ച സപ്ലിമെന്റ് മനോരമ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചു. ഇതോടെ സോഷ്യൽ മീഡിയയിൽ സൈബർ സംഘികൾ എതിർപ്പുമായി രംഗത്തു വന്നു.

ശബരിമലയിൽ അയ്യപ്പഭക്തർക്കെതിരേ പൊലീസ് നടപടിക്ക് നേതൃത്വം നൽകിയ ബെഹ്റയെ ഒഴിവാക്കണമെന്ന് സോഷ്യൽ മീഡിയയിലും നേരിട്ടും ഹിന്ദുസംഘടനകളുടെ ആവശ്യം ഉയർന്നു. ഇതോടെ പ്രതിഷേധം ഒഴിവാക്കാൻ ക്ഷേത്രം ഭാരവാഹികൾ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ബെഹ്റ ഔട്ടായതെന്നാണ് സൂചന. ഇതു സംബന്ധിച്ച മറുനാടൻ വാർത്ത ഏറെ വിവാദമായിരുന്നു.

ഇതോടെ പൊലീസ് മേധാവിയെ പിണക്കാൻ വയ്യാത്ത അവസ്ഥയിലേക്ക് ചക്കുളത്തുകാവ് ക്ഷേത്രാധികൃതർ മാറി. ഇതാണ് ഉരുണ്ടുകളിക്ക് കാരണം.