തൃശ്ശൂർ: ചാലക്കുട്ടിയിലെ റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിന്റെ കൊലപാതകത്തിന് കാരണവും നോട്ട് നിരോധനമോ? നോട്ട് നിരോധനത്തെത്തുടർന്ന് ഭൂമികച്ചവടസംഘങ്ങൾക്കിടയിൽ ഉണ്ടായ തർക്കങ്ങളാണ് രാജീവിന്റെ കൊലപാതകത്തിന് പ്രേരണയെന്ന് പൊലീസ് നിഗമനം. പ്രമുഖ അഭിഭാഷകനായ സിപി ഉദയഭാനുവിനെതിരേയും ആരോപണമുണ്ട്. എന്നാൽ ഇതൊന്നും തെളിയിക്കാനാവശ്യമായ ഒന്നും പൊലീസിന് കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ ഉദയഭാനുവിനെ ഉടനൊന്നും പ്രതിപട്ടികയിൽ ഉൾപ്പെടുത്തില്ല.

ഭൂമി ഇടപാടുകളിലെ പ്രധാനിയായിരുന്നു രാജീവ്. നോട്ട് നിരോധനം വരെ അഭിഭാഷകൻ ഉദയഭാനുവിന്റെ അടുത്ത സുഹൃത്തായിരുന്നു രാജീവെന്ന് പൊലീസ് പറഞ്ഞു. ഇപ്പോൾ കൊലപാതകത്തിൽ പ്രതിയായ ജോണിയുമായി രാജീവ് മുമ്പ് തെറ്റിയിരുന്നു. ഇവർ തമ്മിലുണ്ടായിരുന്ന വസ്തു ഇടപാടിൽ കമ്മിഷന്റെ പേരിലാണ് ഇരുവരും അകന്നത്. അന്ന് ജോണിയുടെ ഭീഷണിയുണ്ടായിരുന്ന രാജീവ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. രാജീവിനുവേണ്ടി സി.പി. ഉദയഭാനുവാണ് ഹാജരായത്. തുടർന്നുള്ള രാജീവിന്റെ വസ്തു ഇടപാടുകളിൽ ഉദയഭാനുവും പങ്കാളിയായിരുന്നെന്നാണ് പൊലീസിന് കിട്ടിയ വിവരം.

അഭിഭാഷകന് പാലക്കാട് സ്ഥലം വാങ്ങിക്കൊടുക്കാനുള്ള ഇടനിലക്കാരനായി പിന്നീട് രാജീവ് പ്രവർത്തിച്ചു. അതിനായി മൂന്നേകാൽ കോടി രാജീവ് വഴി അഡ്വാൻസും കൊടുത്തു. രേഖകളില്ലാതെയാണ് ഇത് നൽകിയത്. ബാക്കി തുക നൽകി രജിസ്ട്രേഷൻ നടത്താനിരിക്കവേയാണ് നോട്ട് നിരോധനം വന്നത്. അഡ്വാൻസ് തിരികെ വാങ്ങുകയോ അല്ലെങ്കിൽ ബാക്കി തുക രാജീവ് നൽകി സഹായിക്കുകയോ വേണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടു. രാജീവ് സഹായിച്ചില്ല. അഡ്വാൻസ് തുക തിരികെ വാങ്ങിയെങ്കിലും അഭിഭാഷകന് നൽകിയില്ല. ഇതാണ് ഇവർ തമ്മിലുള്ള ശത്രുതയ്ക്ക് കാരണം. ഇതോടെ ചക്കര ജോണി ഫ്രെയിമിലേക്ക് വന്നു. ക്വട്ടേഷൻ ഏറ്റെടുത്തു.

രാജീവിനെ ഒതുക്കാനാണ് അയാളുടെ ശത്രുവായ ജോണിയെ അഭിഭാഷകൻ സമീപിച്ചതെന്ന് പൊലീസ് പറയുന്നു. രാജീവിനെക്കൊണ്ട് ചില രേഖകളിൽ ഒപ്പിടീക്കാനായി ആളെ തട്ടിക്കൊണ്ടുവരണമെന്നായിരുന്നു ആവശ്യം. ഇതിനായാണ് രാജീവ് പാട്ടത്തിനെടുത്ത തോട്ടത്തിനടുത്തുതന്നെ ജോണിയും കൂട്ടുകാരും വീട് വാടകയ്ക്കെടുത്തത്. ഈ വീട്ടിലേക്കായാണ് രാജീവിനെ തട്ടിക്കൊണ്ടുവന്നത്. എന്നാൽ, വീട്ടിനുള്ളിൽവെച്ച് രാജീവ് കൊല്ലപ്പെടുകയായിരുന്നു. അതേസമയം അഭിഭാഷകനും രാജീവും തമ്മിലുള്ള ബന്ധവും ഇടപാടും തെളിയിക്കാനുള്ള രേഖകളൊന്നും കിട്ടിയിട്ടില്ലെന്ന് തൃശ്ശൂർ എസ്‌പി. യതീഷ് ചന്ദ്ര പറഞ്ഞു. ഇതിന്മേൽ പ്രത്യേകസംഘം അന്വേഷണം നടത്തും.

പഴുതുകളടച്ചുള്ള ഓപ്പറേഷൻ

രാജീവിനെ തട്ടിക്കൊണ്ടുപോകാൻ പഴുതുകളടച്ച് പ്രതികളെത്തിയെങ്കിലും ക്യാമറക്കണ്ണിലും ദൃക്സാക്ഷിക്കുമുന്നിലും കുടുങ്ങിയതാണ് വിനയായത്. രാജീവ് കൊല്ലപ്പെട്ട വീട്ടുവളപ്പിലെ ജാതിക്കാ പെറുക്കാനെത്തുന്ന ബാബുവാണ് കേസിലെ ദൃക്സാക്ഷി. കന്യാസ്ത്രീമഠത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ടേക്കർ ജാതിത്തോട്ടത്തിൽ വീഴുന്ന കായകൾ ശേഖരിക്കുന്നത് സമീപവാസിയായ ബാബുവാണ്. വെള്ളിയാഴ്ച രാവിലെ ആറേമുക്കാവലിന് ജാതിക്കാ പെറുക്കാൻ ബാബുവെത്തിയപ്പോൾ വീടിനുള്ളിൽ ആളനക്കം കേട്ടു. വാടകയ്ക്ക് കൊടുത്തെങ്കിലും താമസക്കാരെത്താത്ത വീട്ടിൽ എപ്പോഴാണ് ആളെത്തിയതെന്നറിയാൻ ഉള്ളിലേക്ക് നോക്കി. തുറന്നിട്ടിരിക്കുന്ന വാതിലിലൂടെ നോക്കിയപ്പോൾ ഉള്ളിൽനിന്ന് രണ്ടുചെറുപ്പക്കാർ ആക്രോശത്തോടെ ആട്ടിയോടിച്ചു.

ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബാബു, വീടും തൊടിയും നോക്കിനടത്തുന്ന എ.ജെ. ജെയ്സണെ ഫോണിൽ ബന്ധപ്പെട്ടു. പരിയാരത്തെ മാതൃഭൂമി ഏജന്റും പൊതുപ്രവർത്തകനുമാണ് ജെയ്സൺ. താമസക്കാരെത്തിയ വിവരം ജെയ്സൺ അറിഞ്ഞിരുന്നില്ല. വാടകയ്ക്കുകൊടുത്ത വീടിനോട് തൊട്ടുചേർന്ന് ചെറിയൊരു വീടും വാടകയ്ക്ക് കൊടുത്തിട്ടുണ്ടായിരുന്നു. അവിടെ താമസിക്കുന്ന കോഴിക്കോട് സ്വദേശി ബാലകൃഷ്ണനുമായി ജെയ്സൺ ഫോണിൽ ബന്ധപ്പെട്ട. മഹാനവമിയുടെ അവധിയിൽ നാട്ടിലേക്ക് പോയതാണെന്നും വെള്ളിയാഴ്ച രാവിലെ അറരയ്ക്ക് പുറപ്പെടുംവരെ വീട്ടിൽ ആരും എത്തിയിട്ടില്ലെന്നുമായിരുന്നു ബാലകൃഷ്ണന്റെ മറുപടി. പുതിയ താമസക്കാർ എത്തിയവിവരം മഠം അധികതർക്കും അറിയില്ലായിരുന്നു. തുടർന്ന് പൊലീസ് ബന്ധപ്പെട്ടപ്പോൾ ഈ വിവരങ്ങൾ ബാബുവും ജെയ്സണും അറിയിച്ചു.

സാക്ഷികളാരും ഇല്ലാതിരിക്കാൻ അയൽക്കാർ പോകുംവരെ കാത്തിരുന്നാണ് പ്രതികൾ രാജീവിനെ തട്ടിക്കൊണ്ടുവന്നത്. മഹാനവമിയായതിനാൽ രാജീവിന്റെ തോട്ടത്തിലും വാടകവീട്ടിലും അയൽപക്കത്തും ആരുമുണ്ടാകില്ലെന്ന് ഉറപ്പിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തത്. കൊച്ചിയിൽ രജിസ്റ്റർ ചെയ്ത ഓട്ടോറിക്ഷയിലാണ് നാലുപേർ എത്തിയത്. കൃത്യം നടത്തിയശേഷം വാതിൽ പൂട്ടി താക്കോൽ പൂട്ടിനടുത്തുതന്നെ വച്ചാണ് സംഘം പോയത്. രാജീവിന്റെ തോട്ടത്തിൽനിന്ന് വാടകവീട്ടിലേക്കുള്ള റോഡിലെ ഒരുവീട്ടിലെ സി.സി.ടി.വി.യിലും ഓട്ടോറിക്ഷയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഇതും നിർണ്ണായകമായി.

വീട് വാടകയ്ക്ക് എടുത്തത് ആവശ്യപ്പെട്ടതിലേറെ വാടക നൽകി

രാജീവിനെ തട്ടിക്കൊണ്ടുപോകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ രണ്ടുമാസത്തിലേറെയായി ആസൂത്രണം ചെയ്തതാണ്. ഇതിനായി പ്രതികൾ രാജീവ് താമസിച്ചിരുന്ന തോട്ടത്തിനടുത്ത് വീട് വാടകയ്ക്കെടുത്ത് ഗൂഢാലോചന നടത്തി. രണ്ടേക്കറിലെ വളപ്പിൽ ജാതിമരങ്ങൾക്കിടയിൽ ഒറ്റപ്പെട്ട വീടാണ് വാടകയ്ക്കെടുത്തത്. വീട്ടുടമസ്ഥരായ കന്യാസ്ത്രീമഠക്കാർ ആവശ്യപ്പെട്ടതിലേറെ വാടകയും കൊടുത്തു. ചാലക്കുടി-അതിരപ്പിള്ളി റോഡിലെ പരിയാരം പോസ്റ്റോഫീസ് ജങ്ഷനിലെ തവളപ്പാറ റോഡിലാണ് കോൺവെന്റ് വക വീടുള്ളത്. മുമ്പ് ഇത് കോൺവെന്റായിരുന്നു. പഴയ വാടകക്കാർ നൽകിയ വാടകയുടെ ഇരട്ടിയാണ് ചക്കര ജോണിയും സംഘവും വാഗ്ദാനം ചെയ്തത്. തങ്ങൾ തൃശ്ശൂരിൽ കോൺട്രാക്ടർമാരാണെന്നു പറഞ്ഞാണ് കോൺവെന്റുകാരെ സമീപിച്ചത്.

ജോണിയുടെ ഭാര്യാസഹോദരൻ ഷൈജുവിന്റെ പേരിലാണ് വാടകക്കരാറുണ്ടാക്കിയത്. സെപ്റ്റംബർ ഒന്നിന് കരാറുണ്ടാക്കിയെങ്കിലും താമസത്തിനെത്തിയില്ല. എന്താണ് വരാൻ താമസിക്കുന്നതെന്ന് കോൺവെന്റുകാർ ചോദിച്ചപ്പോൾ സെപ്റ്റംബർ 23-ന് ഒരു ക്വട്ടേഷനിൽ പങ്കെടുക്കാനുണ്ടെന്നും അതിനുശേഷം എത്താമെന്നുമായിരുന്നു മറുപടി. കോൺട്രാക്ടർമാരായതിനാൽ അതിന്റെ ഭാഗമായുള്ള ക്വട്ടേഷനായിരിക്കും എന്നാണ് കരുതിയെതെന്ന് കോൺവെന്റ് നടത്തിപ്പുകാർ പൊലീസിനെ അറിയിച്ചു.