മലയാളികൾ എന്നും സ്‌നേഹിക്കുന്ന മലയാളത്തിന്റെ സ്വന്തം കലാഭവൻ മണിയുടെ ജീവിതം അഭ്രപാളികളിലെത്തിക്കുന്ന ചിത്രം 'ചാലക്കുടിക്കാരൻ ചങ്ങാതി'യുടെ ട്രെയിലർ പുറത്തിറങ്ങി. മണിയുടെ അടുത്ത സുഹൃത്തും ജ്യേഷ്ഠ തുല്യനുമായ വിനയനാണ് മണിയുടെ ജീവിതം സിനിമയാക്കിയത്. ഇതിനോടകം തന്നെ ട്രെയിലർ ചർച്ചകൾക്കും വഴി തുറന്നിരിക്കുകയാണ്. ചില പ്രസ്‌ക്തമായ ചോദ്യങ്ങളും വിനയൻ സിനിമയിൽ ഉന്നയിക്കുന്നത് വ്യക്തം.

മണിയുടെ മരണശേഷം രണ്ടു വർഷം പിന്നിട്ടിട്ടും മരണത്തെ സംബന്ധിച്ച ദുരൂഹതകൾ മാറിയിട്ടില്ല. ഇതിനിടയിലാണ് മരണം കൊലാപാതകമാകാമെന്ന സൂചനകൾ നൽകി ട്രെയിലർ എത്തിയിരിക്കുന്നത്. 'ഞാൻ ചാവണമെങ്കിൽ എന്നെ കൊല്ലണം' എന്ന് മണിയുടെ കഥാപാത്രം പറയുന്ന രംഗവും ട്രെയിലറിലുണ്ട്. മലയാളികളെ ഞെട്ടിച്ച മണിയുടെ അപ്രതീക്ഷിത മരണവും തുടർന്നുണ്ടായ സംഭവവികാസങ്ങളും ഇപ്പോഴും അവസാനിക്കാതെ തുടരുന്നതിനിടെയിലാണ് മണിയുടെ ജീവിതത്ത ആസ്പദമാക്കിയുള്ള ചിത്രം പുറത്തിറങ്ങാൻ പോകുന്നത്.മണിയുടെ മരണം കൊലപാതകമാണെന്ന് കുടുംബവും വിശ്വസിക്കുന്നു. ചിത്രം ഉടൻ തീയറ്ററുകളിലെത്തും.

കലാഭവൻ മണിയുടെ എക്കാലത്തേയും മികച്ച ചിത്രങ്ങളായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നിവ സംവിധാനം ചെയ്തത് വിനയനായിരുന്നു. മണി എന്ന അഭിനേതാവിന്റെ ശക്തിയും കഴിവും പ്രേക്ഷകർ ഈ ചിത്രങ്ങളിലൂടെ തിരിച്ചറിഞ്ഞു. സ്വഭാവ നടനായും വില്ലനായും ഹാസ്യ താരമായുമെല്ലാം വിനയന്റെ പതിമൂന്നോളം ചിത്രങ്ങളിൽ മണി നിറഞ്ഞാടി. ഈ ചിത്രങ്ങളിലൂടെ മണിയുടെ റെയ്ഞ്ച് എന്താണെന്ന് മലയാളികൾ കണ്ടറിഞ്ഞു.

സിനിമകളിൽ എത്തുന്നതിന് മുൻപ് ഓട്ടോറിക്ഷ ഡ്രൈവറായാണ് മണി ജീവിതം ആരംഭിക്കുന്നത്. മണിക്ക് ഏറെ പ്രിയപ്പെട്ട ഓട്ടോയുടെ പേരായിരുന്നു ചാലക്കുടിക്കാരൻ ചങ്ങാതി. ഇതേ പേര് തന്നെയാണ് സിനിമയ്ക്കും നൽകുന്നത്. ചാനൽ പരിപാടികളിലൂടെ ശ്രദ്ധേയനായ രാജാമണിയാണ് സിനിമയിൽ നായകനായി എത്തുന്നത്.