അങ്കമാലി: ചാലക്കുടിയിൽ റിയൽ എസ്‌റ്റേറ്റ് ബ്രോക്കറായ രാജീവിനെ കൊലപെടുത്തിയതിലെ ദുരൂഹതകളുടെ കുരുക്ക് അഴിയുന്നില്ല. ചക്കര ജോണിയാണ് ഇതിന് തന്ത്രമൊരുക്കിയതെന്ന് വ്യതക്തമാണ്. അതിന് അപ്പുറത്തേക്ക് മൊഴികളല്ലാതെ തെളിവൊന്നും പൊലീസിന് കിട്ടിയിട്ടില്ല. തവളപ്പാറയിൽ പാട്ടത്തിനെടുത്ത തോട്ടത്തിനടുത്തായി മറ്റൊരു തോട്ടം പാട്ടത്തിനെടുത്താണ് ഇയാൾ രാജീവിനെ നിരീക്ഷിച്ചതെന്നു പൊലീസ് പറഞ്ഞു. ഗൂഢാലോചനയിൽ ജോണിയടക്കം മൂന്നുപേർ ഉണ്ടെന്നാണു പൊലീസിന്റെ കണ്ടെത്തൽ.

അതിനിടെ രാജീവ് കൊല്ലപ്പെട്ട കേസിൽ മുതിർന്ന അഭിഭാഷകൻ സി.പി. ഉദയഭാനുവിനെതിരേ കൂടുതൽ തെളിവുകൾ തേുകയാണ് പൊലീസ്. സംശയത്തിന്റെ നിഴലിലുള്ളയാൾ ഉന്നതനായതിനാൽ കൃത്യമായ തെളിവുകൾ കിട്ടിയശേഷം മാത്രം മറ്റ് നടപടികളിലേക്ക് കടന്നാൽ മതിയെന്നാണ് പൊലീസിന് കിട്ടിയ നിയമോപദേശം. രാജീവിനെ പിടികൂടി ചില രേഖകളിൽ ഒപ്പിടീക്കാൻ സി.പി. ഉദയഭാനുവാണ് നിർദ്ദേശം നൽകിയതെന്നാണ് ജോണിയും രഞ്ജിത്തും പൊലീസിന് നൽകിയ മൊഴി. പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, വിചാരണവേളയിൽ ഇത് മാറ്റിപ്പറയാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ജോണിയുടെ മൊഴി സാധൂകരിക്കാനാവശ്യമായ തെളിവുകൾ ശേഖരിക്കണം. ജോണിയും ഉദയഭാനുവും തമ്മിലുള്ള ഫോൺവിളികൾ കണ്ടെത്തണം. അതിന് ശേഷം മാത്രമേ ഉദയഭാനുവിന്റെ കാര്യത്തിൽ തീരുമാനം എടുക്കൂ.

കോടീശ്വരനായ ചക്കര ജോണിക്ക് ഓസ്ട്രേലിയ, യു.എ.ഇ, തായ്ലാൻഡ് എന്നിവിടങ്ങളിലേക്കു വിസയുണ്ടെന്നു പൊലീസ് കണ്ടെത്തി. ഇയാൾക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങളും ബിസിനസ് ബന്ധങ്ങളുമുണ്ടെന്നു പൊലീസ് പറയുന്നു. ചുരുങ്ങിയ കാലയളവിനിടെയാണു ജോണിയുടെ റിയൽ എസ്റ്റേറ്റ് മേഖലയിലെ വളർച്ച ഉണ്ടായത്. കൊലപാതകത്തിനു പിന്നിൽ റിയൽ എസ്റ്റേറ്റ് ഇടപാടിലെ തർക്കങ്ങളാണെന്നു പൊലീസ് പറയുന്നു. ചക്കരജോണിയുടെ മാനസികെവെകല്യമുള്ള ഭാര്യാസഹോദരനെ ഉപയോഗിച്ച് തന്നെ വകവരുത്തുമെന്ന് ഭീഷണിയുള്ളതായി രാജീവ് നേരത്തെ പരാതി നൽകിയിരുന്നു. ഭാര്യാ സഹോദരനെ ഉപയോഗിച്ച് മറ്റ് ചിലരേയും ജോണി ഭയപ്പെടുത്തിയതായി സൂചനയുണ്ട്.

അങ്കമാലി സ്റ്റേഷനിൽ ചുമട്ടുതൊഴിലാളിയായിരുന്ന നായത്തോട് സ്വദേശി ചക്കര ജോണി കോടീശ്വരനായി വളർന്നതു കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നെന്നു നാട്ടുകാർ. റിയൽ എസ്റ്റേറ്റ് രംഗത്തേക്കു കളം മാറി ചവുട്ടിയതോടെയാണ് ജോണി കോടികളുടെ ലോകത്തേക്കെത്തുന്നത്. ഇഷ്ടികക്കളത്തിൽ ചെളികുത്തുകാരനായും അങ്കമാലിയിൽ എഫ്‌സിഐ. ഗോഡൗണിലെ ചുമട്ടു തൊഴിലാളിയായും ജോലി ചെയ്ത ചക്കര ജോണിക്കു ചാകരയായതു നെടുമ്പാശേരിയിൽ വിമാനത്താവളം വന്നതാണ്. നെടുമ്പാശേരിയിലും അങ്കമാലിയിലും സ്ഥലത്തിനു പൊന്നുവിലയായി. പ്രവാസികൾ ഇവിടങ്ങളിൽ സ്ഥലം വാങ്ങിക്കൂട്ടാൻ തുടങ്ങിയതോടെ റിയൽ എസ്റ്റേറ്റ് ബ്രോക്കറായ ജോണി ശതകോടീശ്വരനായി. ഇപ്പോൾ ദുബായിലും നാട്ടിലും ബിസിനസ് സ്ഥാപനങ്ങളുണ്ട്.

രാഷ്ട്രീയക്കാരുടെയും വമ്പൻ ബിസിനസുകാരുടെയും ഉറ്റ സുഹൃത്താണ് ചക്കരജോണി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും ബന്ധമുള്ളതായി പറയപ്പെടുന്നു. മൂന്നു രാജ്യങ്ങളിലേക്കുള്ള വിസ തരപ്പെടുത്തിയതും ഇത്തരം ബന്ധങ്ങൾ മുഖേനയാണ്. കുതന്ത്രങ്ങൾ പയറ്റാനുള്ള കഴിവാണ് ജോണിയെ വളർത്തിയത്.