- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു; ഒഴുക്കിൽ പെട്ട് കാണാതായ പെരുമണ്ണ സ്വദേശിനിയുടെ മൃതദേഹം കണ്ടെടുത്തു; അപകടം വെള്ളത്തിൽ ഇറങ്ങിയപ്പോൾ ഉണ്ടായ ശക്തമായ മലവെള്ള പാച്ചിലിനെ തുടർന്ന്
കോഴിക്കോട്: കോടഞ്ചേരി ചാലിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു. തിരച്ചിൽ ഇന്നലെ താൽക്കാലികമായി നിർത്തിയിരുന്നു. ഇരുട്ട് വീണതിനാലും, പുഴയിലെ വെള്ളം തെളിയാത്തതുകൊണ്ടും രാത്രിയിൽ തിരച്ചിൽ ദുഷ്കരം ആയതിനാലും ആണ് താൽക്കാലികമായി ഇന്നലെ തിരച്ചിൽ നിർത്തിയത്. കിണാശ്ശേരി, തച്ചറക്കൽ വീട്ടിൽ അൻസാർ മുഹമ്മദിന് വേണ്ടിയുള്ള തിരച്ചലാണ് തുടരുന്നത്.
കഴിഞ്ഞ ദിവസം കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ എസ്. ഐ മാരായ പി. ആർ വിജയൻ, രമേശ് ബാബു, സി. പി. ഒ മാരായ ഷനിൽ കുമാർ, വിനോദ് സി. ജി, ജിനേഷ് കുര്യൻ, താമരശ്ശേരി തഹസീൽദാർ സുബൈർ, കോടഞ്ചേരി വില്ലജ് ഓഫീസർ റിയാസ്, സന്നദ്ധ പ്രവർത്തകരായ രാഹുൽ ബ്രിഗേഡ്, എന്റെ മുക്കം സന്നദ്ധ സേന, സ്വാന്തനം ഓമശ്ശേരി, പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, വാർഡ് മെമ്പർമാർ സമീപവാസികളായ നാട്ടുകാർ എന്നിവരാണ് തിരച്ചിൽ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
ഒഴുക്കിൽപെട്ട് കാണാതായ പെരുമണ്ണ സ്വദേശിനി പുതിയോട്ടിൽ വീട്ടിൽ ആയിഷ നിഷിലയുടെ (21) മൃതദേഹം നേരത്തെ തെക്കേകരോട്ട്കാരുടെ വീടിനു പുറകിൽ നിന്ന് കണ്ടെത്തിയിരുന്നു. കുന്ദമംഗലം പ്രദേശത്ത് നിന്ന് വന്ന ഇർഷാദ്, ഭാര്യ ആയിഷ നിഷില, അൻസാർ, അജ്മൽ എന്നിവർ രണ്ട് ബൈക്കുകളിലായാണ് സ്ഥലത്തെത്തിയത്. ചൂരമുണ്ടയിൽ ചാലിപ്പുഴയിലെ പുളിഞ്ചോട്ടിൽ കയത്തിന് സമീപം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷം ഇവർ വെള്ളത്തിൽ ഇറങ്ങിയപ്പോൾ ശക്തമായ മലവെള്ളപ്പാച്ചിൽ ഉണ്ടായി ആയിഷ നിഷിലയും, അൻസാറും ഒഴുക്കിൽപ്പെട്ടു.
നീന്തി രക്ഷപ്പെട്ട മറ്റ് രണ്ട് പേർ പരിസര വാസികളെ വിവരം അറിയിച്ചു. പിന്നീട് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കോടഞ്ചേരി പൊലീസും മുക്കം ഫയർ ഫോഴ്സും സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചത്. ചാലിപ്പുഴയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ ചെറുതല്ല. ശാന്തസുന്ദരമായി ഒഴുകുന്ന പുഴ കണ്ടു ഇതിൽ ഇറങ്ങി പെട്ടെന്ന് വരുന്ന മലവെള്ളപ്പാച്ചിലിൽ അപകടത്തിൽപ്പെട്ടവർ നിരവധിയാണ്. വിനോദസഞ്ചാരത്തിനായി വരുന്നവരെ സമീപവാസികൾ വിലക്കുവാൻ പലപ്പോഴും ശ്രമിക്കാറുണ്ടെങ്കിലും അധികം ഫലം കാണാറില്ല.