കോഴിക്കോട്; കേരളത്തിലെ തന്നെ ഏറ്റവും ജലസമൃദ്ധമായ പുഴകളിൽ പ്രധാനപ്പെട്ട ഒന്നാണ് ചാലിയാർ. നിലമ്പൂരിൽ നിന്ന് തുടങ്ങി കോഴിക്കോട് മലപ്പുറം ജില്ലാ അതിർത്ഥികളിലൂടെ ഒഴുകി അറബിക്കടിൽ പതിക്കുന്ന ചാലിയാർ പതിറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിന്റെ ഫലമായി തിരിച്ച് പിടിച്ചതാണ്. ഫാക്ടറികളിൽ നിന്നുള്ള മാലിന്യങ്ങൾ തള്ളി മരണാസന്നമായിരുന്ന പുഴയുടെ ഉയത്തെഴുന്നേൽപിന്ന് സാധ്യമായത് ചാലിയാർ സംരക്ഷണ സമിതിയടക്കമുള്ള സംഘങ്ങളുടെ ഇടപെടലുകളുടെ ഫലമായാണ്. എന്നാൽ ഇന്ന് ചാലിയാർ വീണ്ടൂം രൂക്ഷമായ മാലിന്യ പ്രശനങ്ങൾ അനുഭവിക്കുകയാണ്.

മുമ്പ് ഫാക്ടറികളിൽ നിന്നുള്ള മാലിന്യങ്ങളാണ് പുഴയുടെ നാശത്തിന് കാരണമായിരുന്നതെങ്കിൽ ഇന്ന് പുഴയുടെ തീരത്ത് താമസിക്കുന്നവരും ചെറുകിട വ്യപാരികളുമൊക്കെയാണ് തങ്ങളുടെ മാലിന്യങ്ങൾ നിക്ഷേപിച്ച് പുഴയെ കൊല്ലുന്നത്. പുഴ മരിക്കുന്നതിൻ ആദ്യ ലക്ഷണങ്ങളാണിപ്പോൾ മലപ്പുറം ജില്ലയിലെ അരീക്കോടും സമീപ പ്രദേശങ്ങളിലും ദൃശ്യമായിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചാലിയാർ പുഴയിലെ വെള്ളം അരീക്കോട് ഭാഗങ്ങളിൽ പച്ച നിറത്തിലും കൊഴുപ്പോടു കൂടിയും കാണാൻ തുടങ്ങിയതോടെയാണ് ആളുകൾക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായത്്.

വെള്ളത്തിന്റെ നിറവ്യത്യാസം ശ്രദ്ധയിൽപെട്ട നാട്ടുകാരും അരീക്കോട് പഞ്ചായത്ത് അധികൃതരും അറിയച്ചതനുസരിച്ച് കോഴിക്കോട് സിഡബ്ല്യൂആർഡിഎം ശാസ്ത്രജ്ഞർ പുഴയിലെ വെള്ളം പരിശോധിച്ച് നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണിപ്പോൾ. പരിശോധനക്കയച്ച സാമ്പിളുകളുടെ ഫലം വരുന്നത് വരെ വെള്ളത്തിന് വ്യത്യാസം അനുഭവപ്പെട്ട സാഹചര്യത്തിൽ ചാലിയാർ പുഴയിലെ വെള്ളം ഉപയോഗിക്കാതിരിക്കുകയായിരിക്കും നല്ലെതെന്നാണ് ശാത്രജ്ഞരുടെ അഭിപ്രായം. അരീക്കോട് ഭാഗത്താണ് കഴിഞ്ഞ ദിവസം വ്യാപകമായി പുഴയിൽ പച്ച നിറത്തിലുള്ള പൂപ്പലും ഓയിലും കലർന്നത് പോലുള്ള കട്ടിയുള്ള ദ്രാവകം വെള്ളത്തിന് മുകളിലായി കാണപ്പെട്ടത്. ടൗണിനോട് ചേർന്ന ഭാഗത്തെ വൈ എം ബി കടവിലാണ് ആദ്യം പച്ച നിറം കണ്ടത്തിയത്. തുടർന്ന് കഴിഞ്ഞ ദിവസം രാവിലെ പുഴയിൽ വ്യാപകമായ രീതിയിൽ കാണുകയായിരുന്നു. ഇത് ബ്ലൂം ആൽഗകളാണെന്ന് പരിശോധ നടത്തിയ ശാസ്തജഞർ പറയുന്നു.

അതേ സമയം പുഴയുടെ സ്വഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിയതും പുഴയിൽ മാലിന്യ തള്ളിയതുമാണ് പുഴയിൽ ആൽഗഗകൾ പ്രത്യക്ഷപ്പെടാൻ കാരണമായതെന്ന് സിഡബ്ല്യൂആർഡിഎം(സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡവലെപ്മെന്റ് ആൻഡ് മാനേജ്മെന്റ്്) ശാസ്ത്രജ്ഞർ മറുനാടനോട് പറഞ്ഞു. നിലവിൽ ചാലിയാറിലേക്ക് വലിയ ഫാക്ടറികളിൽ നിന്നുള്ള മാലിന്യങ്ങളൊന്നുമെത്തുന്നില്ല. ആകെയുണ്ടായിരുന്ന മാവൂർ ഗോളിയോർ റയോൺസ് ഫാക്്ടറി ഇപ്പോൾ പ്രവർത്തിക്കുന്നുമില്ല. പിന്നെ പുഴയിലേക്ക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പുഴയുടെ സമീപത്തുള്ള വീടുകളും ഹോട്ടലുകൾ, ഇറച്ചിക്കടകൾ എന്നിവരാണ്. ഇത് ഊർക്കടവ് റഗുലേറ്റർ കംബ്രിഡ്ജിന് സമീപം അടിഞ്ഞ് കൂടിയാണ് പുഴയിൽ ഇത്തരത്തിൽ ബ്ലൂം ആൽഗകൾ വ്യപിക്കാൻ കാരണമാകുന്നത്.

വേനൽകാലങ്ങളിൽ ഊർക്കടവ് പാലത്തിന് മുന്നെയുള്ള പ്രദേശങ്ങളിലെ കിണറുകളിലെ എല്ലാം ജലനിരപ്പ് പുഴയെ ആശ്രയിച്ചായതിനാൽ ഈ സമയങ്ങളിൽ പാലത്തിന്റെ ഷട്ടറുകൾ അടച്ചിടുകയാണ് ചെയ്യുന്നത്. ഇത് പുഴയുടെ ഒഴുക്കിനെ ബാധിച്ചതിനാലാണ് ഇപ്പോൾ ഈ തരത്തിലുള്ള പ്രശനമുണ്ടായത്. അതുകൊണ്ട് തന്നെ ഊർക്കടവ് പാലം കഴിഞ്ഞുള്ള പുഴയുടെ ഭാഗങ്ങളിൽ പ്രശനങ്ങളൊന്നുമില്ലതാനും. അതേ സമയം ഇപ്പോൾ ഷട്ടറുകൾ തുറന്നിട്ട് പുഴയെ ഒഴുക്കിവിട്ടാൽ കോഴിക്കോട് മലപ്പുറം ജില്ലകളിലെ വിവിധ പഞ്ചായത്തുകളിലെ കൃഷിയെും, നിരവധി കുടിവെള്ള പദ്ധതികളെയും ഇത് ബാധിക്കുകയും ചെയ്യും. ചിക്കോട് കുടിവെള്ള പദ്ധതി, കോഴിക്കോട്, മഞ്ചേരി നഗരസഭകളുടെ വിവിധ കുടിവെള്ള പദ്ധതികൾ, കാലിക്കറ്റ യൂണിവേഴ്സിറ്റിക്ക് സമീപത്തെ കാക്കഞ്ചേരി കിൻഫ്രയിലേക്കുള്ള വെള്ളം എല്ലാം ഊർക്കടവ് റഗുലേറ്റർ കം ബ്രിഡ്ജിനെ ആശ്ചയിച്ചാണിരിക്കുന്നത്. അതാനാൽ തന്നെ ഈ സമയത്ത് പാലത്തിന്റെ ഷട്ടറുകൾ തുറന്നിടുകയെന്നത് അസാധ്യമാണ്.

അതേ സമയം വെള്ളത്തിൽ ഇത്തരത്തിൽ ആൽഗകൾ പെരുകുന്നത്് ഓക്സിജൻ ലഭിക്കാതെ മത്സ്യങ്ങൾ ചത്തുപെങ്ങുന്നതിനും ദുർഗന്ധം പരക്കുന്നതിനും കാരണമാകും. നേരത്തെ ഇത്തരത്തിൽ ഗോളിയോൾ റയോൺസിലെ മാലിന്യം പുഴയിലേക്ക് ഒഴുക്കിയതിന്റെ ഫലമായി പുഴയിലെ മത്സ്യങ്ങൾ ചത്തുപൊങ്ങിയിരുന്നു. പിന്നീട് വിവിധ സമരങ്ങലുടെ ഭാഗമായി ഫാക്ടറി അടച്ചു പൂട്ടുകയും മാലിന്യമൊഴുക്കൽ അവസാനിക്കുകയും ചെയ്ത് നാളുകൾക്ക് ശേഷം വീണ്ടും സമാനപ്രശനത്തിലേക്കെത്തിയിരിക്കുകയാണ് ചാലിയാർ. സംസ്ഥാനത്തെ തന്നെ ഏറ്റവും ജലസമൃദ്ധവും, മത്സ്യ സമ്പത്തുമുള്ള പുഴകളിൽ പ്രധാനമായ ചാലിയാർ ഈ തരത്തിൽ മലിനമാകുന്നത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. തത്കാലം പുഴയിലെ വെള്ളം ഉപയോഗിക്കാതിരിക്കാൻ മുന്നറിയിപ്പ് നൽകിയ ശാസ്ത്രജ്ഞർ പരിശോധനക്കയച്ച സാമ്പിളുകളുടെ ഫലം വന്നതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാനാകൂ എന്നും മറുനാടനോട് പറഞ്ഞു.