- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ് യാഥാർത്ഥ്യമായപ്പോൾ കൃഷിക്കുള്ള ജലമില്ല; കിണറുകളിൽ ഉപ്പുവെള്ളം; നാട്ടുകാരും കർഷകരും ദുരിതത്തിൽ; നിർമ്മാണത്തിലെ അഴിമതിയുടെ പേരിൽ പരസ്പരം പഴിചാരി നേതാക്കളും ഉദ്യോഗസ്ഥരും
മലപ്പുറം: മൂന്നു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് രണ്ടരവർഷം മുമ്പ് ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ് യാഥാർത്ഥ്യമായത്. 150 കോടിയോളം രൂപ ചെലവിൽ പൂർത്തിയാക്കിയ ഭാരതപ്പുഴക്ക് കുറുകെയുള്ള പൊന്നാനി ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിൽ പദ്ധതി വിഭാവനം ചെയ്ത രീതിയിൽ ജലം സംഭരിക്കാൻ കഴിയാതെ ഉപ്പുവെള്ളം നിറയുന്ന അവസ്ഥയാണ്. നാടിനു സമർപ്പ
മലപ്പുറം: മൂന്നു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് രണ്ടരവർഷം മുമ്പ് ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ് യാഥാർത്ഥ്യമായത്. 150 കോടിയോളം രൂപ ചെലവിൽ പൂർത്തിയാക്കിയ ഭാരതപ്പുഴക്ക് കുറുകെയുള്ള പൊന്നാനി ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജിൽ പദ്ധതി വിഭാവനം ചെയ്ത രീതിയിൽ ജലം സംഭരിക്കാൻ കഴിയാതെ ഉപ്പുവെള്ളം നിറയുന്ന അവസ്ഥയാണ്. നാടിനു സമർപ്പിച്ചപ്പോൾ നിളക്ക് ഇരുവശത്തുമുള്ള ആയിരക്കണക്കിനു ജനങ്ങൾ സന്തോഷത്താൽ ഇളകിമറിയുകയായിരുന്നു. കൃഷിക്കും കുടിക്കാനുമുള്ള വെള്ളം ഇനി ആവോളം ലഭിക്കുമെന്ന നാട്ടുകാരുടെയും കർഷകരുടെയും പ്രതീക്ഷയ്ക്കാണ് ഇപ്പോൾ വിള്ളൽ വീണിരിക്കുന്നത്.
സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ പാലങ്ങളിലൊന്നാണ് ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ്. എന്നാൽ ഒരു കിലോമീറ്ററിനടുത്ത് നീളമുള്ള പാലം ഭാരതപ്പുഴക്ക് കുറുകെയുള്ള ഗതാഗതത്തിനു മാത്രമേ ഗുണം ചെയ്യുകയുള്ളൂ. നാലുമീറ്റർ ഉയരത്തിൽ ചമ്രവട്ടം റിസർവോയറിൽ ജലം സംഭരിക്കാൻ കഴിയുന്നില്ല. നിലവിലുള്ള എഴുപതു ഷട്ടറുകൾ അടച്ചാലും ഇതിനടിയിലെ കോൺഗ്രീറ്റ് സ്‌ളാബുകൾക്ക് അടിയിലൂടെ വെള്ളം ചോരുന്ന അവസ്ഥയാണുള്ളത്. നിർമ്മാണത്തിന്റെ അശാസ്ത്രീയതയാണ് ഇതിന് കാരണമെന്ന് വിദഗ്ധസമിതി പരിശോധനയിൽ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
വെള്ളം സംഭരിക്കുന്ന ഭാഗത്ത് പുഴയുടെ ഇരുവശങ്ങളിലുമായി നിർമ്മിച്ച പാർശ്വഭിത്തിപോലും അശാസ്ത്രീയമായാണ് നിർമ്മിച്ചിരിക്കുന്നത്. റഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾക്ക് താഴെയുള്ള ചോർച്ച അടയ്ക്കുന്നതിനായി അധികൃതർ നടപടി സ്വീകരിക്കാതായതോടെ പതിനായിരക്കണക്കിനു കുടുംബങ്ങളും ആയിരക്കണക്കിനു കർഷകരുമാണ് ബുദ്ധിമുട്ടിലാകുന്നത്. വേനൽ കനക്കുന്നതോടെ ഇവരുടെ ദുരിതം ഇരട്ടിയാവുകയാണ്.
ചോർച്ചയും നിർമ്മാണത്തിലുള്ള അശാസ്ത്രീയതയും സംബന്ധിച്ച് ഇറിഗേഷൻ, പൊതുമരാമത്തു വകുപ്പുകളും പ്രത്യേകസംഘവും പരിശോധന നടത്തി അതതു വകുപ്പുകൾക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പ്രശ്‌നപരിഹാരത്തിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ പരിശോധനകൾ പൂർത്തിയാക്കി എട്ടു മാസം കഴിഞ്ഞിട്ടും നടപടി ഇല്ലാത്തതിനാൽ ഭാരതപ്പുഴയിൽ ജലസംഭരണം സാധ്യമാകുന്നില്ല. പുഴയിൽ വെള്ളം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കൃഷിയിറക്കിയ കർഷകരും ദുരിതത്തിലാണിപ്പോൾ. ഇതിനു പുറമെ വേലിയേറ്റ സമയത്ത് കടലിൽനിന്ന് ഉപ്പുവെള്ളം കയറുന്നത് മൂലം പരിസരത്തെ കിണറുകളിലെല്ലാം ലഭിക്കുന്നത് ഉപ്പുവെള്ളമാണ്.
ചമ്രവട്ടം റഗുലേറ്റർ കം ബ്രിഡ്ജ് യാഥാർത്ഥ്യമായാൽ ഭാരതപ്പുഴക്ക് ഇരുവശമുള്ള ആറു പഞ്ചായത്തുകളിലേക്കും തിരൂർ, പൊന്നാനി നഗരസഭകളിലേക്കും ആവശ്യമായ ശുദ്ധജലം യഥേഷ്ടം ലഭ്യമാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ നിർമ്മാണത്തിലെ അപാകതയും അശാസ്ത്രീയതയും കാരണം പ്രതീക്ഷകളെല്ലാം അസ്തമിക്കുകയായിരുന്നു. പാലം യാഥാർത്ഥ്യമാക്കിയതിന്റെ അവകാശവാദങ്ങൾ ഇരുമുന്നണികളും ഇപ്പോഴും തുടരുകയാണ്. എന്നാൽ അപാകതകൾ ഏറ്റെടുക്കാൻ ഇവരാരും തയ്യാറുമല്ല. നിർമ്മാണത്തിൽ വൻ അഴിമതി നടന്നതായി പരിശോധന നടത്തിയ വിദഗ്ധ സമിതി തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
പിന്നീട് യാതൊരു വിധ അന്വേഷണമോ ഇതിൽ ഉണ്ടായിരുന്നില്ല. നിർമ്മാണസമയത്ത് റഗുലേറ്റർ കം ബ്രിഡ്ജിന്റെ പേരിൽ പരിസരത്തെ പുഴയിൽനിന്നും വൻ മണൽക്കൊള്ള നടന്നതായി നാട്ടുകാർ പറയുന്നു. വലിയ കണ്ടെയ്‌നറുകളിലായി നിർമ്മാണത്തിന്റെ മറവിൽ യഥേഷ്ടം മണൽ കടത്തിയിരുന്നു. ഇതിനായി അധികൃതരുടെ ഒത്താശയും ഉണ്ടായിരുന്നു. നിർമ്മാണത്തിനു പിന്നിലെ അഴിമതി പുറത്തുകൊണ്ടുവരാൻ വിദഗ്ധസമിതിയെ അന്വേഷണം ഏൽപ്പിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ സമരവുമായി രംഗത്തു വന്നിട്ടുണ്ട്.
ഇപ്പോൾ പ്രശ്‌നപരിഹാരം തേടാതെ ഇരുമുന്നണികളും പരസ്പരം അഴിമതി ആരോപിക്കുകയാണ്. വേനൽ കനക്കുന്നതോടെ പരിഹാരമായില്ലെങ്കിൽ പ്രദേശ വാസികൾ പെരുവഴിയിലാകും. വേനൽച്ചൂടിൽ വെന്തുരുകി പലഭാഗങ്ങളും വറ്റിവരണ്ട അവസ്ഥയിലാണിപ്പോൾ.