കേപ് ടൗൺ: എച്ച്.ഐ.വി ബാധിതരിൽ കോവിഡ് മ്യൂട്ടേഷന് ഉയർന്ന സാധ്യതയാണുള്ളതെന്ന മുന്നറിയിപ്പുമായി ശാസ്ത്രലോകം.എച്ച് ഐ വി ബാധിതയായ 36 കാരിയിൽ കോവിഡ് വൈറസ് പലതവണ മ്യൂട്ടേഷന് വിധേയമായതായി ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞർ കണ്ടെത്തി.ഇതിനെ തുടർന്നാണ് ഗൗരവതരമായ മുന്നറിയിപ്പുമായി ശസ്ത്രജ്ഞർ രംഗത്ത് വന്നിരിക്കുന്നത്. 216 ദിവസം കോവിഡ് വൈറസിനെ വഹിച്ച യുവതിയിൽ, ഈ കാലയവിൽ മുപ്പതിലധികം തവണ മ്യൂട്ടേഷന് വിധേയമായതായാണ് കണ്ടെത്തൽ. മെഡിക്കൽ ജേർണലായ മെഡ്‌റെക്‌സിവിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉള്ളത്.

2006 ലാണ് യുവതിക്ക് എച്ച്.ഐ.വി ബാധിച്ചതായി കണ്ടെത്തിയത്. കാലക്രമേണ അവരുടെ രോഗ പ്രതിരോധശേഷി ദുർബലമാകുകയും ചെയ്തു. 2020 സെപ്റ്റംബറിൽ ഇവർക്ക് കോവിഡ് ബാധിക്കുകയും ചെയ്ത്. ശേഷം കോവിഡ് വൈറസ്, സ്‌പൈക്ക് പ്രോട്ടീനിലേക്ക് 13 മ്യൂട്ടേഷനുകൾക്കും വൈറസിന്റെ സ്വഭാവത്തെ മാറ്റാൻ സാദ്ധ്യതയുള്ള 19 ജനിതക ഷിഫ്റ്റുകൾക്കും വിധേയമായതായി റിപ്പോർട്ടിൽ പറയുന്നു.

ആൾഫാ വേരിയന്റ് ബി.1.1.7 (യുകെയിൽ കണ്ടെത്തിയത്) യുടെ ഭാഗമായ ഇ484കെ മ്യൂട്ടേഷൻ, ബീറ്റ വേരിയന്റ് ബി.1.352 (ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയത്) ന്റെ ഭാഗമായ മ്യൂട്ടേഷൻ എൻ510വൈ എന്നീ വകഭേദങ്ങളിൽ ചിലത് യുവതിയിൽ കണ്ടെത്തിയിട്ടുണ്ട്.ഈ മ്യൂട്ടേഷനുകൾ ഇവരിൽ നിന്നും മറ്റുള്ളവരിലേക്ക് പകർന്നോ എന്നത് വ്യക്തമല്ല.പുതിയ വൈറസ് വകഭേദങ്ങൾ ദക്ഷിണാഫ്രിക്കയിലെ ക്വാസുലു നടാൽ പോലുള്ള മേഖലയിൽ നിന്നും ഉരുത്തിരിഞ്ഞത് യാദൃശ്ചികമല്ലെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.

ഇവിടെ എച്ച്.ഐ.വി പോസിറ്റീവ് കേസുകൾ ഏറെയുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. എച്ച്.ഐ.വി രോഗികൾ കോവിഡ് ബാധിരാകുന്നത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിവച്ചേക്കാം. ഇത്തരം കൂടുതൽ കേസുകൾ കണ്ടെത്തിയാൽ അത് പുതിയ വൈറസ് വകഭേദങ്ങൾ ലോകമെമ്പാടും സൃഷ്ടിക്കുന്നതിന് കാരണമായേക്കാമെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.