തിരുവനന്തപുരം: വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും നാളെ ഇടുക്കി, പാലക്കാട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ച വയനാട് ജില്ലയിലും വെള്ളിയാഴ്ച ഇടുക്കി ജില്ലയിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയിലുള്ളവർ കൂടുതൽ ജാഗ്രത പുലർത്തണം.

ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.