ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ ഐസിഐസിഐ ബാങ്കിന്റെ മേധാവി ചന്ദ കൊച്ചാറിന്റെ ദിവസ ശമ്പളം 2.18 ലക്ഷം രൂപ. 2016-17ൽ അവർ വാങ്ങിയത് മൊത്തം 7.85 കോടി രൂപയാണ്. മുൻ കൊല്ലം കിട്ടിയ ശമ്പളത്തേക്കാൾ 64% വർധന. ബാങ്കിന്റെ വാർഷിക റിപ്പോർട്ടിലാണ് ഈ കണക്കുള്ളത്.

അടിസ്ഥാന ശമ്പളം 15% കൂടി 2.67 കോടി ആയി. ബോണസായി നേടിയത് 2.2 കോടി രൂപയാണ്. 2015-16 ൽ ബാങ്കിന്റെ പ്രകടനം മോശമായതിനാൽ 'മികച്ച പ്രകടനത്തിനുള്ള അവാർഡ്' നൽകിയിട്ടില്ല. 2015-16 ൽ 2.32 കോടി അടിസ്ഥാന ശമ്പളവും 4.80 കോടി മൊത്ത ശമ്പളവുമാണ് കിട്ടിയത്.

മൊത്ത ശമ്പളത്തിൽ താമസ സൗകര്യം, പാചക വാതകം, വൈദ്യുതി, വെള്ളം, ഫർണിഷിങ്, ക്ലബ് ഫീസ്, ഗ്രൂപ്പ് ഇൻഷുറൻസ്, കാർ, ഫോൺ, യാത്രാ ചെലവ്, പിഎഫ് തുടങ്ങിയ ഒട്ടേറെ ആനുകൂല്യങ്ങൾ ഉൾപ്പെടും.