- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പെ 'കരുത്ത്' തെളിയിച്ച് ആംആദ്മി പാർട്ടി; ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷനിൽ കന്നിയങ്കത്തിൽ വൻ വിജയം; ബിജെപിക്ക് വൻ തിരിച്ചടി; 'കർഷക പ്രതിഷേധം' പ്രതിഫലിച്ചുവെന്ന സൂചന
ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടന്ന ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി കരുത്ത് തെളിയിച്ച് ആംആദ്മി പാർട്ടി. ആകെയുള്ള 35 സീറ്റുകളിൽ എ.എ.പി. 14 സീറ്റുകൾ നേടി (27.13%). ബിജെപി. 12 (29.25%) സീറ്റുകളിലും കോൺഗ്രസ് എട്ട് (29.87%) ഇടങ്ങളിലും ജയിച്ചു. ശിരോമണി അകാലിദൾ ഒരിടത്തും (13.41%) ജയിച്ചു.
ആകെ 35 സീറ്റുകളാണ് ചണ്ഡീഗഡ് മുൻസിപ്പൽ കോർപ്പറേഷനിലുള്ളത്. ബിജെപി ഭരിക്കുന്ന കോർപ്പറേഷനിൽ കന്നിയങ്കത്തിൽ വൻ മുന്നേറ്റമാണ് ആംആദ്മി പാർട്ടി നേടിയത്. ബിജെപിയുടെ മുൻ മേയർമാരായ രവികാന്ത് ശർമ്മയും ദവേഷ് മൗദ്ഗിലും പരാജയപ്പെട്ടു. ചണ്ഡീഗഢ് മുനിസിപ്പൽ കോർപ്പറേഷന്റെ നിലവിലെ ഭരണം ബിജെപിക്കായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 20 സീറ്റുകൾ നേടിയാണ് ബിജെപി. അധികാരം പിടിച്ചത്. കോൺഗ്രസിന് അഞ്ചും ശിരോമണി അകാലിദളിന് ഒരു കൗൺസിലറും ഉണ്ടായിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി 20 സീറ്റിലും അകാലിദൾ ഒരു സീറ്റിലും വിജയിച്ചിരുന്നു. കോൺഗ്രസിന് നാല് സീറ്റും ലഭിച്ചിരുന്നു. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ കർഷകർ കേന്ദ്ര സർക്കാരിനെതിരെ നടത്തിയ സമരം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്ന സൂചനയാണ് കോർപ്പറേഷൻ ഫലം സൂചിപ്പിക്കുന്നത്.
വലിയ തിരിച്ചടിയാണ് ചണ്ഡീഗഡിൽ ബിജെപിക്കേറ്റത്. ബിജെപിയുടെ പ്രമുഖ സ്ഥാനാർത്ഥികളെല്ലാം പരാജയപ്പെട്ടു. നിലവിലെ മേയർ ബിജെപിയുടെ രവികാന്ത് ശർമ്മയെ ആംആദ്മി പാർട്ടിയുടെ ദമൻ പ്രീത് സിംഗാണ് തോൽപിച്ചത്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ട്രെയിലറാണ് ചണ്ഡീഗഢ് കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ വിജയമെന്നും നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് ആവർത്തിക്കുമെന്നും ആം ആദ്മി പാർട്ടിയും പ്രതികരിച്ചു.