ന്യൂഡൽഹി: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ബിജെപിക്കെതിരെ കോൺഗ്രസുമായി കൈകോർക്കുമെന്ന് ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു. ജനാധിപത്യത്തെ സംരക്ഷിക്കാനാണ് ഈ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. രാഹുൽ ഗാന്ധിയുടെ വസതിയിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു കൂടിക്കാഴ്ച.

രാജ്യത്ത് ജനാധിപത്യം അപകടത്തിലാണെന്നും ഭാവി തലമുറയെ സംരക്ഷിക്കുന്നതിനായി പ്രതിപക്ഷ ഐക്യം ശക്തപ്പെടുത്തണമെന്നും ചന്ദ്രബാബു നായിഡു മാധ്യമപ്രവർത്തകരോട് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താനുള്ള പ്രതിപക്ഷ ഐക്യം രൂപവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്ക് മുന്നോടിയായി പ്രതിപക്ഷ നേതാക്കളായ ശരത് പവർ, ഫാറൂഖ് അബ്ദുള്ള എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു നായിഡുവിന്റെ പ്രതികരണം.

ഈ ആഴ്ചയിൽ ചന്ദ്രബാബു നായിഡുവിന്റെ രണ്ടാമത്തെ ഡൽഹി സന്ദർശനമാണിത്. നേരത്തെ അരവിന്ദ് കെജ്രിവാൾ, മായാവതി, മുൻ കേന്ദ്ര മന്ത്രി യശ്വന്ത് സിൻഹ തുടങ്ങിയ നേതാക്കളുമായും നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു. എൻ.ഡി.എ ബന്ധം ഉപേക്ഷിച്ച ശേഷം ആദ്യമായാണ് നായിഡു രാഹുലുമായി കൂടിക്കാഴ്ച നടത്തുന്നത്.

ബിജെപിയെ എതിർക്കുന്ന എല്ലാ പാർട്ടികളും ഒന്നിച്ചു ഒരു പൊതു വേദിയുണ്ടാക്കുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. കോൺഗ്രസ്സാകും മഹാസഖ്യത്തിലെ പ്രധാന പാർട്ടി. ബിജെപിക്കെതിരെ സമാന മനസുള്ള പാർട്ടികളെല്ലാം കോൺഗ്രസിനൊപ്പം ഒന്നിച്ചു പ്രവർത്തിക്കും. റഫാൽ അഴിമതിക്കേസിൽ രാഹുൽ ഗാന്ധി നയിക്കുന്ന പോരാട്ടത്തിനൊപ്പം പ്രതിപക്ഷ കക്ഷികളുമുണ്ടെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പുമായും തെലുങ്കാന നിയമസഭാ തിരഞ്ഞെടുപ്പുമായും ബന്ധപ്പെട്ട് ചർച്ചയിൽ ധാരണകൾ ഉണ്ടായതായാണ് വിവരം. ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ചന്ദ്രബാബു നായിഡു എൻ.ഡി.എ ബന്ധം ഉപേക്ഷിച്ചത്. ഇപ്പോൾ ബിജെപിക്ക് എതിരായ വിശാല പ്രതിപക്ഷ ഐക്യം തീർക്കാനാണ് നായിഡുവിന്റെ നീക്കം. ബിജെപിക്കെതിരെ കൂടുതൽ പാർട്ടികളെ അണിനിരത്തുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു.