തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന സംസാര ശേഷിയില്ലാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഝാർഖണ്ഡ് സ്വദേശി ചന്ദൻ കുമാറിനെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചു.

തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിലാണ് സിറ്റി മെഡിക്കൽ കോളേജ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ത്സാർഖണ്ഡ് സഹേബ് ഗഞ്ച് ജില്ലയിൽ തീൻ പഹാറിൽ നിന്നും ഗൗരീശപട്ടത്തെ ഇതരസംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പിൽ താമസിക്കുന്ന ചന്ദൻ കുമാറിനെ (28) ഏക പ്രതിയായി ചേർത്താണ് പൊലീസിന്റെ കുറ്റപത്രം.

പ്രതി ചന്ദൻ കുമാർ പെൺകുട്ടിയുടെ വീട്ടു വളപ്പിൽ അതിക്രമിച്ചു കടന്നാണ് പീഡനശ്രമം നടത്തിയത്. പ്രതിയുടെ കൈയിൽ നിന്നും വീണ ബാഗ് ആണ് കേസിന് തുമ്പുണ്ടാക്കിയത്.15 മണിക്കൂറോളം നീണ്ട തിരച്ചിലിലാണ് പ്രതി പിടിയിലായത്. 1,500 ഓളം ഇതരസംസ്ഥാന തൊഴിലാളികളുടെ ലേബർ ക്യാമ്പുകൾ പൊലീസ് അരിച്ചു പെറുക്കിയിരുന്നു. 2022 ഫെബ്രുവരി 28 നാണ് സംഭവം നടന്നത്.

ഉച്ചയ്ക്ക് പെൺകുട്ടിയും കുടുംബവും വാടകക്ക് താമസിക്കുന്ന വീട്ടിന്റെ മതിൽ ചാടി അതിക്രമിച്ചു കയറി പെൺകുട്ടിയെ വീടിന്റെ പിൻവശത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ്. സംഭവം കണ്ട അയൽവാസിയായ സ്ത്രീ ബഹളം വെച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. ചന്ദൻ കുമാറിന്റെ കൈയിൽ നിന്നും കൃത്യ സ്ഥലത്ത് വീണ ബാഗിനെ കേന്ദ്രീകരിച്ചും സമീപമുള്ള സി സി റ്റി വി ദൃശ്യങ്ങൾ പരിശോധിച്ചും പൊലീസുദ്യോഗസ്ഥർ സംഘങ്ങളായി തിരിഞ്ഞ് 15 മണിക്കൂറോളം നീണ്ടകരച്ചിൽ നടത്തിയാണ് പ്രതിയെ പിടികൂടി തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.

ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് 1500 ഇതരസംസ്ഥാന തൊഴിലാളികളെ പരിശോധിച്ച് ചോദ്യം ചെയ്തു. ഗൗരീശപട്ടത്തുള്ള അതിഥി തൊഴിലാളികളുടെ ലേബർ ക്യാമ്പിൽ നിന്നും മാർച്ച് 2 ന് രാത്രിയോടെയാണ് ഇയാളെ പിടികൂടിയത്.