തൃശൂർ: 'അവന്റെ പൈസയൊന്നും ഞങ്ങൾക്കു വേണ്ട. വിധിക്കേണ്ടതു വധശിക്ഷയാണ്. ചന്ദ്രബോസേട്ടനു നീതി കിട്ടിയിട്ടില്ല'- മാദ്ധ്യമങ്ങളോടു സംസാരിക്കുമ്പോൾ കൊലചെയ്യപ്പെട്ട ചന്ദ്രബോസിന്റെ ഭാര്യ ജമന്തി വിതുമ്പുകയായിരുന്നു. അതിക്രൂരനായ മുഹമ്മദ് നിസാമിന് വധശിക്ഷ ലഭിക്കണമന്നായിരുന്നു ജമന്തിയുടെയും കുടുംബത്തിന്റെയും ആഗ്രഹം. എന്നാൽ, അത് സാധിക്കാത്തതിലുള്ള രോഷവും സങ്കടവും ജമന്തിയുടെ പ്രതികരണത്തിൽ പ്രതിഫലിച്ചു.

അതുകൊണ്ട് തന്നെ രോഷവും സങ്കടവും അടക്കാനാകാതെ വികാരഭരിതയായാണ് ജമന്തി പൊട്ടിത്തെറിച്ചത്. നഷ്ടമായ തന്റെ ഭർത്താവിനു പകരമായി എത്ര പണം തന്നിട്ടും എന്തു കാര്യമാണുള്ളത്. 'ജയിലിൽ ഒരുകൊല്ലം കിടന്നിട്ട് അവനു വല്ല കുഴപ്പവുമുണ്ടോ? എത്ര കൊല്ലം കിടന്നാലും അവൻ വീട്ടിൽ ജീവിക്കുന്നതു പോലെ കഴിയും; അവൻ അവിടെ കിടന്നു മരിച്ചു കണ്ടാൽ മാത്രമാണ് ആശ്വാസ'മെന്നും കോടതി വിധിയെക്കുറിച്ചു ജമന്തി പറഞ്ഞു. അവന്റെ രക്തപ്പണമൊന്നും തങ്ങൾക്ക് വേണ്ടെന്നും അതിന് ആഗ്രഹിമില്ലെന്നും ജമന്തി പറഞ്ഞു.

വെറുമൊരു അപകടമരണമാണെങ്കിൽ ഈ ശിക്ഷയിൽ തൃപ്തരാകാമായിരുന്നു. എന്നാൽ ഇപ്പോഴത്തെ വിധിയിൽ പൂർണ്ണ തൃപ്തരല്ല. കാറുകൊണ്ട് ഇടിച്ചിട്ട ശേഷവും ബോസേട്ടനെ വലിച്ചിഴച്ചുകൊണ്ട് പോയില്ലോ? ഇത് എങ്ങനെ പൊറുക്കാനാവും. 'പോയത് എന്റെ മകനാണ്. എത്ര പണം കിട്ടിയാൽ അതിനു പകരമാകും'- കണ്ഠമിടറി നിറകണ്ണുകളോടെ ചന്ദ്രബോസിന്റെ അമ്മ അംബുജാക്ഷിയും പ്രതികരിച്ചു. വിധിയിൽ തൃപ്തരല്ലെന്നും എന്റെ മകന് പകരമാകില്ലല്ലോ ഒന്നുമെന്ന് വിതുമ്പലടക്കാൻ പാടുപെട്ടുകൊണ്ട് ചന്ദ്രബോസിന്റെ അമ്മ പറഞ്ഞു.

ചന്ദ്രബോസ് കൊലക്കേസിന്റെ വിധി പറയുന്നത് കേൾക്കാൻ അമ്മ അംബുജാക്ഷി, ഭാര്യ ജമന്തി, മകൻ അമൽ എന്നിവരും മറ്റ് ബന്ധുക്കളും കോടതിയിൽ എത്തിയിരുന്നു. വിചാരണയുടെ ഓരോ ഘട്ടത്തിലും ഇവർ കോടതിയിൽ എത്തിയിരുന്നു. പണക്കൊഴുപ്പുള്ള മുതലാളിക്ക് മുമ്പിൽ നിയമം വഴിമാറരുത് എന്നതായിരുന്നു ഇവരുടെ ആഗ്രഹം. പ്രോസിക്യൂട്ടർ ഉദയ ഭാനുവിൽ വിശ്വാസമർപ്പിച്ചാണ് അവർ കഴിഞ്ഞത്. മക്കൾക്ക് അച്ഛനെ ഇല്ലാതാക്കിയ ക്രൂരന് വധശിക്ഷ തന്നെ ലഭിക്കണോ എന്നായിരുന്നു ജമന്തിയുടെ ആഗ്രഹം. അത് സാധിക്കാതെ വന്നതോടെയാണ് ജമന്തി സങ്കടം അടക്കാൻ സാധിക്കാതെ പ്രതികരിച്ചത്.

പല പ്രലോഭനങ്ങളും വേണ്ടെന്ന് വച്ചാണ് ജമന്തിയും കുടുംബവും നിസാമിനെതിരെ നിയമയുദ്ധത്തിനിറങ്ങിയത്. കോടികളുടെ പ്രലോഭനങ്ങൾ തേടിയെത്തി. കോടിശ്വരരാകാനുള്ള സാധ്യതയെല്ലാം ഉപേക്ഷിച്ചാണ് ഭർത്താവിനെ കൊന്നവർക്കെതിരെ നിലപാട് എടുത്തത്. 18 ദിവസം പ്രാണനുവേണ്ടി മല്ലടിച്ച് ചന്ദ്രബോസ് പിരിഞ്ഞു പോകുമ്പോൾ ജമന്തി തനിച്ചായി, ഒരു കുടുംബത്തിന്റെ മുഴുവൻ പ്രാരാബ്ധം മുഴുവൻ ചുമലിലേറ്റാൻ.

ചന്ദ്രബോസിന്റെ അയൽക്കാരിയായിരുന്നു ജമന്തി. പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. സന്തുഷ്ട കുടുംബമായിരുന്നു ഇവരുടേത്. മക്കൾ രേവതിയും അമൽദേവും വളർന്നു തുടങ്ങിയപ്പോൾ പഠിപ്പിക്കാനുള്ള ചെലവു കൂടിയായി. എന്നാൽ ഇതൊന്നും ഭർത്താവിന്റെ കൊലയാളിക്ക് വേണ്ടി മൗനം ദീക്ഷിക്കാൻ ജമന്തിയെ പ്രേരിപ്പിച്ചില്ല. നീതിയാണ് പ്രധാനം കാശല്ല വേണ്ടതെന്ന് ജമന്തി ഉറച്ച നിലപാട് എടുത്തോടെ നിസാമിന്റെ മോഹവും പൊലിഞ്ഞു. കേസിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തു.

എല്ലാ അവസാനിപ്പിക്കാമെന്ന ഒറ്റവാക്കിലൂടെ എല്ലാം നേടാമായിരുന്നു ജമന്തിക്ക്. എന്നാൽ ഭർത്താവിനോട് നീതി പുലർത്തുകയായിരുന്നു ഈ വിധവയുടെ ജീവത ദൗത്യം. അതുകൊണ്ട് തന്നെ ഓഫറുകൾക്ക് മുഖം തിരിച്ചു. അന്വേഷണം വഴി തെറ്റിയപ്പോഴെല്ലാം തുറന്നു പറഞ്ഞു. പ്രോസിക്യൂട്ടറായി ഉദയഭാനു തന്നെ വേണമെന്ന് നിർബന്ധവും പിടിച്ചു. അങ്ങനെ നിശ്ചയദാർഡ്യത്തിലൂടെ ജമന്ത്രി നേടിയെുടത്തതാണ് നിസാമിനെതിരായ കോടതിയുടെ കണ്ടെത്തലുകൾ. ചന്ദബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ഭാര്യ ജമന്തി പറഞ്ഞത് സർക്കാരിനെ വെട്ടിലാക്കിയിരുന്നു.

മകൾ എഞ്ചിനീയർ ആയി കാണണം എന്നായിരുന്നു ചന്ദ്രബോസിന്റെ ആഗ്രഹം. ആ മോഹം മനസിൽ സൂക്ഷിച്ച് ഏറെ കഷ്ടപ്പെട്ടാണ് ജമന്തി ജീവിക്കുന്നത്. പലരുടെയും സഹായത്തോടെ മകൾ കോഴിക്കോട് ഗവ. എൻജിനീയറിങ് കോളജിൽ ബി.ടെക്കിനു പഠിക്കുകയാണ്. എൻജിനീയറിങ്ങിനു പഠിക്കുന്ന മകൾക്കു പഠനം തുടരാനാകുമോയെന്നു നിശ്ചയമില്ലായിരുന്നു. എന്നാൽ, ഭർത്താവിനെ കൊലപ്പെടുത്തിയവന്റെ പണം വാങ്ങേണ്ട എന്ന ധീരമായ തീരുമാനം എടുത്തുകൊണ്ടാണ് ഈ വിധിയിൽ അതൃപ്തയായത്.