തൃശൂർ: ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസ് കൊല്ലപ്പെട്ട കേസിൽ വിവാദ വ്യവസായി നിസാമിന് വേണ്ടി കോടതിയിൽ ഹാജരാകുന്നത് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകൻ എഡ്വ. ബി രാമൻപിള്ള. ചന്ദ്രബോസിനെ നിസാം മനപ്പൂർവ്വം കൊന്നില്ലെന്ന വാദമുയർത്തി പ്രതിയെ രക്ഷിക്കാനാണ് ശ്രമം. മനപ്പൂർവ്വമല്ലാത്ത നരഹത്യയെന്ന കേസാണ് നിസാമിനെതിരെ നിൽക്കൂവെന്നാണ് രാമൻപിള്ളയുടെ നിലപാട്. ചന്ദ്രബോസ് വധകേസിലെ പ്രാഥമിക വാദത്തിൽ തൃശൂർ ജില്ലാ ഫസ്റ്റ് അഡീഷനൽ സെഷൻസ് കോടതിയിലാണ് രാമൻപിള്ള ഈ വാദമുഖം ഉയർത്തിയത്.

എന്നാൽ പ്രതി മുഹമ്മദ് നിസാം ചന്ദ്രബോസിനെ കരുതിക്കൂട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇതിനു ശാസ്ത്രീയ തെളിവുകളും സാക്ഷികളുമുണ്ടെന്നും സ്‌പെഷൽ പ്രോസിക്യൂട്ടർ അഡ്വ. സി.പി. ഉദയഭാനു വാദിച്ചു. പ്രതിഭാഗത്തിനുവേണ്ടി ഹാജരായ അഡ്വ. ബി. രാമൻപിള്ള മനപ്പൂർവമല്ലാത്ത നരഹത്യയാണെന്നും 304-ാം വകുപ്പാണു ചുമത്തേണ്ടതെന്നും വാദിച്ചു. ഇക്കാര്യം എഴുതി നൽകാൻ കോടതി ആവശ്യപ്പെട്ടു. വാദത്തിന് അനുകൂലമായ തെളിവുകൾ എഴുതി നൽകാൻ തയാറാണെന്നു രാമൻ പിള്ള കോടതിയെ അറിയിച്ചതോടെ 27നു വീണ്ടും കേസ് പരിഗണിക്കാമെന്നു ജഡ്ജി കെ.പി. സുധീർ നിർദേശിച്ചു.

ചന്ദ്രബോസിനെ ക്രൂരമായി കൊന്ന നിസാമിന് വധ ശിക്ഷ വാങ്ങി നൽകാനാണ് പ്രോസിക്യൂഷൻ ശ്രമം. പ്രോസിക്യൂട്ടറായ ഉദയഭാനു ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് രാമൻപിള്ള പുതിയ തന്ത്രവുമായി രംഗത്ത് വന്നത്. ചന്ദ്രബോസിനെ അറിയാതെ നിസാം ഇടിച്ചിട്ടുവെന്ന് സ്ഥാപിക്കാനാണ് ശ്രമം. ഇതിലൂടെ വധശിക്ഷ പൂർണ്ണമായും ഒഴിവാക്കാം. മനപ്പൂർവ്വമല്ലാത്ത അപകടത്തിന് പരമാവധി പത്ത് വർഷമാണ് തടവ്. ഈ അപകടത്തിൽ ആളിന് ജീവഹാനി സംഭവിച്ചാൽ തടവ് ശിക്ഷ പത്തുകൊല്ലത്തിൽ അധികവുമാകാം. എന്നാൽ വധശിക്ഷ വിധിക്കാൻ കഴിയുകയുമില്ല. ഈ സാഹചര്യം ഒരുക്കാനാണ് 304-വകുപ്പ് ചുമത്തണമെന്ന രാമൻപിള്ളയുടെ വാദം.

27ന് വേണ്ടും കേസ് പരിഗണിക്കുമ്പോൾ തെളിവുകൾ പ്രതിഭാഗം എഴുതി സമർപ്പിക്കും. ഇതിനു മറുപടി പ്രോസിക്യൂഷൻ വാക്കാലോ എഴുതിയോ കൊടുക്കും. അതിന്റെ അടിസ്ഥാനത്തിലാണു കുറ്റപത്രം വായിക്കുകയും തുടർ വിചാരണയിലേക്കു കടക്കുകയും ചെയ്യുക. സംഭവിച്ചതു വാഹനാപകടവും അതേത്തുടർന്നുള്ള സംഭവവികാസങ്ങളും എന്ന നിലയിൽ കേസിനെ സമീപിക്കുകയാണു പ്രതിഭാഗത്തിന്റെ സമീപനമെന്നാണു ഇത് വ്യക്തമാക്കുന്നത്. എന്നാൽ ക്രൂര കൊലപാതകത്തിന് വേണ്ടത്ര സാക്ഷികളും സാഹചര്യ തെളിവുകളുമുണ്ട്. ഈ സാഹതര്യത്തിൽ 304 വകുപ്പെന്ന ആവശ്യം നിലനിൽക്കില്ലെന്നാണ് പ്രോസിക്യൂഷന്റെ വിശദീകരണം.

കേസിൽ നൂറിലധികം സാക്ഷികളാണുള്ളത്. സംഭവത്തെക്കുറിച്ച് നേരിട്ടു വിവരങ്ങൾ നല്കാൻ സാധിക്കുന്ന 12 പേർ ഉൾപ്പെടെ നൂറിലധികം പേരാണ് കേസിൽ സാക്ഷികളായുള്ളത്. ഇതിൽ നിഷാമിന്റെ ഭാര്യ അമലും ഉൾപ്പെടും. ഏതെങ്കിലും സാഹചര്യത്തിൽ അമൽ കൂറുമാറിയാൽ പ്രതിക്ക് ലഭിക്കുന്നതിന് സമാനമായ ശിക്ഷവരെ ലഭിക്കാവുന്ന കുറ്റമായി അത് മാറും. അതുകൊണ്ട് തന്നെ നിസാമിന് വേണ്ടി രാമൻപിള്ള ഉയർത്തുന്ന വാദങ്ങൾ നിലനിൽക്കില്ലെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. അഡ്വ. ഉദയഭാനു സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്.

ആക്രമണ സമയത്ത് നിസാം ഉപയോഗിച്ച കാർ, ഷൂസ്, വസ്ത്രം, വടി എന്നിവയിൽ നിന്നും ആക്രമണ സ്ഥലത്ത് നിന്നും ശേഖരിച്ച രക്തക്കറകളിൽ തിരുവനന്തപുരത്തെ ലാബിൽ നടത്തിയ പരിശോധനയിൽ രക്തം നിസാമിന്റെയും ചന്ദ്രബോസിന്റെയുമാണെന്ന് തിരിച്ചറിഞ്ഞുള്ള ഫോറൻസിക് റിപ്പോർട്ടും കുറ്റപത്രത്തോടൊപ്പമുണ്ട്ു. കാറിന്റെ വേഗതയുടെയും ചന്ദ്രബോസിനേറ്റ മുറിവുകളുടെയും ശാസ്ത്രീയമായ താരതമ്യപഠനത്തിന്റെ യഥാർഥ റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. ഇതെല്ലാം നിസാമിനെതിരെ കൊലക്കുറ്റം ചുമത്താൻ പോന്ന തെളിവുകളാണ്.