തൃശൂർ: ശോഭാ സിറ്റിയിലെ സെക്യുരിറ്റി ജീവനക്കാരൻ ചന്ദ്രബോസ് വധക്കേസിൽ കൊലയാളി വ്യവസായി മുഹമ്മദ് നിസാമിന്റെ ഭാര്യയെ പ്രധാന സാക്ഷി മാത്രമാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചത് വിവാദമാകുന്നു. ചന്ദ്രബോസിനെ കാറിടിച്ച് മൃഗീയമായി പരിക്കേല്പിച്ച ശേഷം ക്രൂരമായി തല്ലിക്കൊല്ലുന്നതിന് ഒത്താശ ചെയ്യാൻ നിസാമിന്റെ ഭാര്യ അമലും ഉണ്ടായിരുന്നു എന്നാണ് ആദ്യ ഘട്ടത്തിൽ പൊലീസ്പറഞ്ഞിരുന്നത്.

എന്നാൽ, നിസാമിന്റെ പത്‌നി അമൽ നിസാമിനെ കേസിലെ പ്രധാന സാക്ഷിയാക്കിയാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. നിസാം ചന്ദ്രബോസിനെ മർദ്ദിക്കുന്നത് താൻനേരിട്ട് കണ്ടു എന്നാണ് അമൽ പൊലീസിന് മുൻപാകെ നല്കിയിരിക്കുന്ന മൊഴി. ഇത് മാറ്റി പറയാതിരിക്കാൻ മജിസ്‌ട്രേറ്റ് മുൻപാകെ 164 വകുപ്പ് പ്രകാരവും മൊഴി രേഖപ്പെടുത്തിയിരുന്നു.

പൊലീസിന്റെ കണക്കിൽ അമൽ നിസാംഇപ്പോൾ വാദി ഭാഗം സാക്ഷിയാണ്. 164 പ്രകാരം മൊഴി നല്കിയതിനാൽ ഇനി അവരത് മാറ്റി പറഞ്ഞാൽ കോടതിയലക്ഷ്യമാകുമെന്നതിനാൽ അവർ ഇനി അതിന് മുതിർന്നേക്കില്ലെന്നാണ് പൊലീസിലെ ഉന്നത വൃത്തങ്ങൾ നല്കുന്ന സൂചന. അതേ സമയം ചന്ദ്രബോസിനെ നിസാം മർദ്ദിക്കുന്ന സമയത്ത് എല്ലാറ്റിനും ഒത്താശ ചെയ്ത് അമൽ കൂടിയായിരുന്നു എന്ന നിലയിലാണ് ആദ്യഘട്ടത്തിൽ വാർത്തകൾ പുറത്ത് വന്നത്. പൊലീസും തുടക്കത്തിൽ ഇതെല്ലാം ശരി വച്ചു. ചന്ദ്രബോസിനെ വെടി വെയ്ക്കാൻ തോക്ക് എടുത്ത് അമൽ കൊണ്ട് വന്നു എന്ന് വരെ ആ സമയത്ത് വാർത്തകൾ ഉണ്ടായിരുന്നു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ അമൽ പിന്നീട് വളരെ നാളുകൾക്ക് ശേഷമാണ് പൊലീസിൽ കീഴടങ്ങി മൊഴി നല്കിയത്. അമലിനെ കേസിൽ പ്രതിയാക്കരുതെന്ന് മുഹമ്മദ് നിസാം തൃശൂർ കമ്മീഷണർ ആയിരുന്ന ജേക്കബ് ജോബിനോട് പറഞ്ഞതായും പിന്നീട് വാർത്തകൾ വന്നു. ഈ റിപ്പോർട്ടുകൾ എല്ലാം ശരി വയ്ക്കുന്ന തരത്തിൽ ആണ് അന്വേഷണ സംഘം കോടതിയിൽ അമലിനെ സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തി നിസാമിനെതിരായ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. അമലും നിസാമും തമ്മിൽ അടുത്തിടെയായി തീരെ സ്വര ചേർച്ചയില്ലായിരുന്നു എന്നും നിസാമിന്റെ ചില ബന്ധങ്ങൾ അമലിനെവല്ലാതെ ചൊടിപ്പിച്ചിരുന്നതായും ചില കേന്ദ്രങ്ങളിൽ നിന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. നിസാമിനെതിരെ അമൽ നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങി നില്ക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്.

ഈ സാഹചര്യത്തിൽ അമൽ നിസാമിനെതിരായി തന്നെ സാക്ഷി പറയുമെന്നുംകേസിനെ അത് മറ്റൊരു തരത്തിൽ ബധിക്കില്ലെന്നും പൊലീസ് വൃത്തങ്ങൾ ഉറപ്പിച്ച് പറയുന്നുണ്ട്. എന്നാൽ ഇതെല്ലാം നിസാമും അമലും തമ്മിലുള്ള ഒത്തുകളിയാണെന്ന് സംശയിക്കുന്നവരും കുറവല്ല.അതേ സമയം അമൽ ഇനി ഏത് തരത്തിൽ സാക്ഷി പറഞ്ഞാലും നിസാമിന് ലഭിക്കാവുന്ന ശിക്ഷയിൽ കുറവൊന്നും വരില്ലെന്നാണ് നിയമ വിദഗ്ദർ അഭിപ്രായപ്പെടുന്നത്. നിസാം ചന്ദ്രബോസിനെ ഇടിച്ചിട്ട ഹമ്മർ ജീപ്പിൽ നിന്നും കണ്ടെടുത്ത രക്ത സാമ്പിളും ചന്ദ്രബോസിന്റെ രക്തവും ഒന്നാണെന്ന് തെളിയിക്കാനായാൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാൾക്ക് വധ ശിക്ഷ വരെ ലഭിച്ചേക്കാമെന്നാണ് അവർ പറയുന്നത്.

സൗമ്യ വധക്കേസിൽ ഗോവിന്ദചാമിക്ക് കോടതി വധ ശിക്ഷ വിധിച്ചത് തികച്ചും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥനത്തിൽ മാത്രമാണ്.ഈ കേസാണ് നിയമ വിദഗ്ദ്ധർ ശാസ്ത്രീയ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ പ്രോസിക്യുഷൻ വാദത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും കേസിന്റെ ഭാവിയെന്നും അഭിഭാഷകരിൽ ചിലർ പറയുന്നു. എന്നാൽ അമലിന്റെ കുടുംബത്തിന്റെ സ്വാധീനമാണ് അവരെ കേസിൽ പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കിയതെന്ന ആരോപണവും വിവിധ കോണുകളിൽ ശക്തമാണ്. കേരളത്തിലും അന്യ സംസ്ഥാനങ്ങളിലും നല്ല വേരുകളുള്ള ബിൽഡർമാരാണ് അമൽ നിസാമിന്റെ കുടുംബം. രാഷ്ട്രീയ സ്വാധീനമാണോ കേസിൽ നിന്നും അമലിനെ ഒഴിവാക്കാൻ കാരണമെന്നത് ഇനിയും വ്യക്തമാകേണ്ടതുണ്ട്. എന്നാൽ കേസിൽ അമലും നിസാമും തമ്മിൽ ഒത്തുകളിച്ചതാണോ എന്നറിയാൻ കോടതിയിൽ വാദംതുടങ്ങുംവരെ കാത്തിരിക്കേണ്ടി വരും.