- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പോപ്പുലർ ഫ്രണ്ടുകാർ വീടും പണവും ജോലിയും സംരക്ഷണവും വാഗ്ദാനം ചെയ്തു'; ചിത്രലേഖയുടെ മതം മാറ്റത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ട് എന്ന് ഏഷ്യാനെറ്റ് സ്റ്റിങ്ങ് ഓപ്പറേഷൻ; 'എന്റെ തന്ത ചമയാനും തീവ്രവാദിയാക്കാനും ഏഷ്യാനെറ്റ് കഷ്ടപ്പെടണ്ട' എന്ന് തിരിച്ചടിച്ച് ചിത്രലേഖ; നിഷേധിച്ച് എസ്ഡിപിഐ നേതാക്കളും; സിപിഎമ്മിനെ പേടിച്ച് ഇസ്ലാമിലേക്കുള്ള ചിത്രലേഖയുടെ മാറ്റം വിവാദത്തിൽ
കണ്ണൂർ: ലോകത്തിൽ തന്നെ അത്യപുർവമായ ഒരു മതം മാറ്റ വാർത്തയായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി കണ്ണൂരിൽനിന്ന് കേട്ടത്. ഓട്ടോ തൊഴിലാളിയായ ദലിത് വീട്ടമ്മ പയ്യന്നൂരിലെ ചിത്രലേഖയുടെ അനുഭവം ആയിരുന്നു അത്. സാധാരണ ഒരു മതത്തിൽനിന്ന് മറ്റൊരു മതത്തിലേക്കാണ് മാറ്റമെങ്കിൽ ഇവിടെ സിപിഎം എന്ന രാഷ്ട്രീയ പാർട്ടിയെ ഭയന്ന് ഇസ്ലാമിലേക്ക് മാറാൻ ആലോചിക്കുന്നുവെന്നാണ് ചിത്രലേഖ ഫേസ്ബുക്ക് പോസ്റ്റിട്ടത്.
ജാതിയിൽ പുലയ ആയതിന്റെ പേരിൽ സിപിഎമ്മുകാർ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി തന്നെ ആക്രമിക്കയാണെന്ന് പറഞ്ഞായിരുന്നു ചിത്രലേഖ താൻ അതിൽനിന്ന് സംരക്ഷണം തേടി ഇസ്ലാം ആവുന്നകാര്യം അറിയിച്ചത്. എന്നാൽ ഇത് വീടും പണവും ജോലിയും വാഗ്ദാനം ചെയ്തുകൊണ്ട് പോപ്പുലർ ഫ്രണ്ട് നടത്തിയ ഇടപെടലിന്റെ തുടർച്ചയാണെന്നാണ,് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്.
ഇതു സംബന്ധിച്ച ഏഷ്യാനെറ്റ് ഓൺലൈനിലെ വാർത്ത ഇങ്ങനെ:
കണ്ണൂരിലെ ദളിത് ഓട്ടോ ഡ്രൈവർ ചിത്രലേഖ ഇസ്ലാം മതം സ്വീകരിക്കാൻ തീരുമാനിച്ചതിന്റെ പിന്നിൽ പോപ്പുലർ ഫ്രണ്ടിന്റെ ഇടപെടൽ ആണെന്നതിന്റെ തെളിവ് ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിടുന്നു. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ നേതൃത്വം വീടും ജോലിയും വാഗ്ദാനം നടത്തിയതുകൊണ്ടാണ് മതം മാറാൻ തീരുമാനിച്ചതെന്ന് ചിത്രലേഖ ഏഷ്യാനെറ്റ് ന്യൂസിന്റെ ഒളിക്യാമറയിൽ വെളിപ്പെടുത്തി. പോപ്പുലർ ഫ്രണ്ട് നേതാക്കൾ രണ്ടു തവണ വീട്ടിലെത്തി ചർച്ച നടത്തിയെന്നും മതം മാറ്റ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും ചിത്രലേഖ വ്യക്തമാക്കുന്നു.
സിപിഎമ്മിൽ നിന്നുള്ള ആക്രമണവും ജാതി വിവേചനവും കാരണം ഇസ്ലാം മതത്തിൽ ചേരാൻ ആഗ്രഹിക്കുന്നു എന്ന ഫേസ്ബുക്ക് പോസ്റ്റ് കണ്ടിട്ടാണ് വിശദാംശങ്ങൾ ചോദിക്കാൻ ചിത്രലേഖയുടെ വീട്ടിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് സംഘം എത്തിയത്. ഇന്റർവ്യൂവിന് ശേഷമുള്ള സംഭാഷണത്തിൽ അവർ സ്വകാര്യമായി വെളിപ്പെടുത്തിയ കാര്യങ്ങൾ രഹസ്യ ക്യാമറയിൽ ഞങ്ങൾ പകർത്തി. മതം മാറിയാൽ വീടും ജോലിയും സാമ്പത്തിക സഹായവും ചെയ്തുതരാമെന്ന പോപ്പുലർ ഫ്രണ്ട് വാഗ്ദാനം ചെയ്തെന്ന് ചിത്രലേഖ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാഹനം ഇങ്ങോട്ടെക്ക് വന്നിട്ടുണ്ടെന്നറിഞ്ഞ് അപ്പഴേക്കും എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ റോഡിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം ചിത്രലേഖയുടെ വീട്ടിൽ വന്ന് ചർച്ച നടത്തിയ പോപ്പുലർ ഫ്രണ്ട് കാട്ടാംപള്ളി ഏരിയ പ്രസിഡന് നവാസ് നായ്കും എസ്ഡിപിഐ അഴീക്കോട് മണ്ഡലം സെക്രട്ടറി നവാസ് ടികെയുമാണ് ഞങ്ങളോട് സംസാരിച്ചത്. ചർച്ച നടത്തിയ കാര്യം നിഷേധിച്ച ഇവർ ചിത്രലേഖ ഇസ്ലാം മതത്തിലേക്ക് വന്നാൽ പ്രാദേശികമായി സംരക്ഷണം നൽകുമെന്ന് അറിയിച്ചു. അതേ സമയം ചിത്രലേഖയുടെ മതംമാറ്റത്തിന് പിന്നിൽ തങ്ങളല്ലെന്നാണ് എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതൃത്വങ്ങളുടെയും പ്രതികരണം.
'തന്ത ചമയാനും തീവ്രവാദിയാക്കാനും ഏഷ്യാനെറ്റ് കഷ്ടപ്പെടണ്ട'
ഇതിന് മറുപടിയായി തന്റെ തന്ത ചമയാനും തീവ്രവാദിയാക്കാനും ആരും ശ്രമിക്കേണ്ടെന്നാണ് ചിത്രലേഖ റിപ്പോർട്ട ടീവിതോട് പ്രതികരിച്ചത്.ഏഷ്യാനെറ്റിനെ നിശിതമായി വിമർശിച്ച് ചിത്രലേഖയും ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്. 'ഏഷ്യാനെറ്റിനോടാണു പറയുന്നത്. ഞാൻ മതം മാറാൻ ആലോചിക്കുന്നത് ഇസ്ലാമിലേക്കാണ്. അല്ലാതെ ഏതെങ്കിലും മുസ്ലിം സംഘടനയിലെക്കല്ല. ചിത്രലേഖയുടെ മതം മാറ്റത്തിന്റെ പിന്നിൽ പ്രവർത്തിച്ചത് പോപ്പുലർ ഫ്രണ്ട് ആണെന്നുള്ള ഒളിക്കാമറ വാർത്ത കൊണ്ടൊന്നും ഒരു കാര്യവുമില്ല. ചിത്ര ലേഖയ്ക്ക് സ്വന്തമായി തീരുമാനമെടുക്കാനുള്ള ശേഷിയൊക്കെ ഉണ്ട്.
അതിനു പിന്നിൽ പോപ്പുലർ ഫ്രണ്ട് ആണെങ്കിൽ അത് പറയുന്നതിൽ എനിക്കു ഒട്ടും മടിയുമില്ല. പോപ്പുലർ ഫ്രണ്ട്കാർ എനിക്കു വീട് വെയ്ക്കാനും സാനപത്തികമായിമായ സഹായിക്കാമെന്നും പറഞ്ഞിരുന്നു. എന്നെ ഇതിന് മുമ്പ് സ്ഥലം വീണ്ടെടുക്കുന്നതിൽ സഹായിച്ചത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആയിരുന്നു. പകുതിയോളം എന്റെ വീട് കെട്ടി ഉയർത്താൻ സഹായിച്ചത് മുസ്ലിം ലീഗിന്റെ കെ എം ഷാജിയും മുസ്ലിം സുഹൃത്തുക്കളുമായിരുന്നു. അന്നൊന്നും വാർത്തയാകാതെ ഇപ്പോ പോപ്പുലർ ഫ്രണ്ട് സഹായിച്ചു എന്ന വാർത്ത പുറത്തു വിടുന്നതിന്റെ ലക്ഷ്യം എന്താണെന്ന് എല്ലാവർക്കുമറിയാം.
ഒന്നു ചിത്രലേഖയ്ക്ക് ഒറ്റക്ക് തീരുമാനമെടുക്കാൻ കഴിയില്ല എന്ന വംശീയമായ തന്ത ചമയൽ, രണ്ടാമത് ചിത്ര ലേഖ തീവ്രവാദി ആണെന്ന ധാരണ ഉണ്ടാക്കൽ. ഇത് ഇപ്പോ ഏഷ്യാനെറ്റ് വാർത്ത വന്നാൽ കേരളം അത് ഏറ്റെടുക്കും എന്ന അവരുടെ ധാരണയാണ്. അതിനപ്പുറം എന്റെ മത പരിവർത്തണ്ട്ത്തിന്റെ ആലോചനക്ക് ഈ വർത്തക്കപ്പുറമുള്ള അര്ത്ഥം ഉണ്ട് എന്നു ബോധമുള്ള മനുഷ്യർക്ക് അറിയാം. അതുകൊണ്ട് ഏഷ്യാനെറ്റ് എന്നെ തീവ്ര വാദി ആക്കാൻ ഇങ്ങനെ കഷ്ടപ്പെടാണ്ട. ഇതേ കേരളത്തിൽ ''വേശ്യ' എന്ന വിളിപ്പേര് കുറെ കേട്ടതാണ്. ഇനി ഇതും കൂടെ ആകട്ടെ.'- ചിത്രലേഖയുടെ പോസ്റ്റ് ഇങ്ങനെയാണ്.
തങ്ങളെ വലിച്ചിഴയ്ക്കുന്നത് ദുരുദ്ദേശപരമെന്ന് പോപ്പുലർ ഫ്രണ്ട്
ചിത്രലേഖ ഇസ്ലാം സ്വീകരിച്ചതിനെ വിവാദമാക്കാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമം പരിഹാസ്യവും അപലപനീയവുമാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ വാർത്താക്കുറിപ്പിൽ പറഞ്ഞു.സംഭവത്തിലേക്ക് സംഘടനയുടെ പേര് വലിച്ചിഴയ്ക്കാനുള്ള നീക്കം ദുരുദ്ദേശപരമാണ്. കൊടിയ ജാതി വിവേചനത്തിനിരേ വർഷങ്ങളായി ഒറ്റയാൾ സമരമുഖത്തുള്ള വ്യക്തിയാണ് ചിത്രലേഖ. സിപിഎം പോലുള്ള ഒരു പാർട്ടിയിൽ നിന്നുള്ള ശക്തമായ എതിർപ്പുകളോട് ആർജ്ജവത്തോടെ പൊരുതി നിൽക്കുന്ന ഒരു വ്യക്തിയെന്ന നിലയിൽ ചിത്രലേഖക്ക് സ്വതന്ത്രമായ ഒരു നിലപാട് സ്വീകരിക്കുന്നതിന് ആരുടെയെങ്കിലും പിന്തുണയോ സഹായമോ ആവശ്യമുണ്ടെന്ന് കരുതുന്നില്ല. മറിച്ചുള്ള പ്രചാരണങ്ങൾക്കു പിന്നിൽ നിക്ഷിപ്ത താൽപ്പര്യങ്ങളാണുള്ളത്.
ഇസ്ലാം സ്വീകരിക്കാനുള്ള തീരുമാനം സ്വന്തമായി എടുത്തതാണെന്നും അതിനു പിന്നിൽ മറ്റ് ഘടകങ്ങൾ ഇല്ലെന്നും ചിത്രലേഖ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. നിരന്തരമായ ജാതി പീഡനത്തിനിരയാവുന്നവർക്ക് അവർക്ക് ഇഷ്ടമുള്ള ആദർശം തിരഞ്ഞെടുക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നതാണ്. അത്തരം വിഷയങ്ങളിൽ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ രാജ്യത്ത് ഉണ്ടാവുക സ്വാഭാവികമാണ്. ഇത്തരം ഘട്ടങ്ങളിൽ മർദ്ദിത ജനവിഭാഗങ്ങൾക്കൊപ്പം നിലകൊള്ളുകയെന്നത് ഒരു സാമൂഹ്യപ്രസ്ഥാനത്തിന്റെ ബാധ്യതയാണ്. അതിനനുസൃതമായ ഇടപെടൽ പ്രാദേശികമായി ഉണ്ടായിട്ടുണ്ടെങ്കിൽ, അത് തെറ്റാണെന്ന് കരുതുന്നില്ല. അതിനപ്പുറം മതം മാറ്റമെന്നത് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ അജണ്ടയിൽപ്പെട്ട കാര്യമല്ലെന്നും അബ്ദുൽ സത്താർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ