പത്തനംതിട്ട: സോഷ്യൽ മീഡിയയിൽ പുതിയ താരമാണ് ചന്ദ്രമതിയമ്മ. സ്വന്തം വീട്ടിൽ വാടകയ്ക്കു താമസം തുടങ്ങിയ കുടുംബം പ്രിയപ്പെട്ടവരായി മാറിയപ്പോൾ വീടും സ്ഥലവും ഇഷ്ടദാനം നൽകി സ്‌നേഹമാതൃകയായി ചന്ദ്രമതിയമ്മ. 14 വർഷം കൂടെപ്പിറപ്പുപോല സ്വന്തം വീട്ടിൽ കഴിഞ്ഞവർക്കാണ് ഈ അമ്മയുടെ കരുതൽ. മണ്ണടി പടിഞ്ഞാറെ കുന്നത്തേത്ത് സരസ്വതി അമ്മാളിന്റെയും പരേതനായ ജോസഫിന്റെയും മകൾ പൊന്നുവിനാണ് മണ്ണടി മുഖംമുറി ചൂരക്കാട് ചന്ദ്രമതിയമ്മ (77) വീടും സ്ഥലവും ഇഷ്ടദാനമായി നൽകിയത്.

എറണാകുളം സ്വദേശിയായ ജോസഫും ഭാര്യ സരസ്വതി അമ്മാളും പൊന്നുവിന് 4 മാസം പ്രായമുള്ളപ്പോഴാണ് ചന്ദ്രമതിയമ്മയുടെ വീട്ടിൽ വാടകയ്ക്കു താമസം തുടങ്ങിയത്. ആദ്യ കാലത്ത് 500 രൂപ വാടക വാങ്ങി. ജോസഫിന്റെ സാമ്പത്തിക പ്രതിസന്ധിയോടെ ചന്ദ്രമതിയമ്മ അതു നിർത്തി. അവർ ചന്ദ്രമതിയമ്മയുടെ കുടുംബമായി. തനിച്ചു കഴിഞ്ഞിരുന്ന അവിവാഹിതയായ ചന്ദ്രമതിയമ്മയ്ക്ക് താങ്ങും തണലുമായി മാറുകയും ചെയ്തു. തുടർന്ന് ചന്ദ്രമതിയമ്മ വാടക ഒഴിവാക്കുകയായിരുന്നു.

4 വർഷം മുൻപ് ജോസഫ് മരിച്ചു. മുന്നോട്ടുള്ള ജീവിതം സരസ്വതി അമ്മാളിനു പ്രതിസന്ധിയായി. ചന്ദ്രമതിയമ്മ സരസ്വതി അമ്മാളിനെയും മകൾ പൊന്നുവിനെയും നെഞ്ചോടു ചേർത്തു. പൊന്നുവിനു കരുതലായി മാറി. പ്ലസ്ടു പഠനം കഴിഞ്ഞു നിൽക്കുന്ന പൊന്നുവിന്റെ തുടർ പഠനവും ചന്ദ്രമതിയമ്മയുടെ മനസ്സിലെ ആഗ്രഹമാണ്. പക്ഷാഘാതം പിടിപെട്ട് കിടപ്പിലായ ജോസഫ് പൊന്നു പത്താം ക്ലാസിൽ പഠിക്കുമ്പോൾ മരിച്ചതാണ്.

ചന്ദ്രമതിയമ്മയ്ക്ക് പൊന്നുവിനെ ജീവനായിരുന്നു. കരാർ തൊഴിലാളിയായ ജോസഫിന്റെ സ്നേഹവും സാമ്പത്തിക ബുദ്ധിമുട്ടും മനസിലാക്കിയ ചന്ദ്രമതിയമ്മ വാടക വാങ്ങുന്നത് വർഷങ്ങൾക്ക് മുൻപ് നിർത്തിയിരുന്നു. 2015 ലാണ് ജോസഫ് തളർന്നു വീഴുന്നത്. സഹായത്തിന് ആരോരുമില്ലാതെ പറക്കമുറ്റാത്ത പെൺകുഞ്ഞിനെ കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെ തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന സരസ്വതി അമ്മാളും ചന്ദ്രമതിയും പകച്ചു നിന്നു പോയി. ഏഴാം ക്ലാസിലായിരുന്ന പൊന്നുവിനെ ബുദ്ധിമുട്ട് അറിയിക്കാതെ അവർ പഠിപ്പിച്ചു.

2018 ജനുവരി 18 നാണ് ജോസഫ് മരിച്ചത്. പ്ലസ്ടുവിന് ഉന്നത വിജയം നേടി ഉപരിപഠനത്തിന് കാത്തിരിക്കുന്ന പൊന്നുവിനേയും അമ്മയേയും നാട്ടുകാരെയും ഞെട്ടിച്ചു കൊണ്ടാണ് ചന്ദ്രമതിയമ്മ കുടുംബസ്വത്തായി കിട്ടിയ തന്റെ ഏഴു സെന്റും വീടും സകല സ്വത്തുക്കളും കഴിഞ്ഞ ദിവസം പൊന്നുവിന്റെ പേരിൽ പ്രമാണം രജിസ്റ്റർ ചെയ്തു കൊടുത്തത്. തന്റെ കണ്ണ് അടയും മുമ്പേ പൊന്നുവിനെ പഠിപ്പിച്ച് നല്ല നിലയിൽ എത്തിക്കണമെന്നാണ് ഇപ്പോൾ ചന്ദ്രമതിയുടെ ഏക ആഗ്രഹം. അത് സാധിച്ചുകൊടുക്കുമെന്ന് വാശിയിലാണ് പൊന്നുവും.

അച്ഛൻ മരിക്കുമ്പോൾ പൊന്നു പത്താംക്ലാസിൽ പഠിക്കുകയായിരുന്നു. ആരും സഹായത്തിനില്ലാതെ മകളെയുംകൊണ്ട് എന്തുചെയ്യണമെന്നറിയാതെ സരസ്വതി അമ്മാൾ പകച്ചുനിന്ന നാളുകളായിരുന്നു പിന്നീട്. ഏതുനിമിഷവും തെരുവിലേക്കിറങ്ങേണ്ടി വരാമല്ലോ എന്ന ഓർമ്മയിൽ തൊഴിലുറപ്പു തൊഴിലാളിയായിരുന്ന അവർക്ക് ഉറക്കമില്ലാതായി. ഇവരെ ഇനിയും എന്തിനിവിടെ താമസിപ്പിച്ചിരിക്കുന്നു, ഇറക്കിവിട്ടൂടേ എന്ന് നാട്ടുകാരിൽ ചിലർ ചന്ദ്രമതിയമ്മയോടും ചോദിച്ചു.

പക്ഷേ പൊന്നുവിനെ ജീവനുതുല്യം സ്നേഹിച്ചിരുന്ന ചന്ദ്രമതിയമ്മ അതെല്ലാം ചിരിച്ചുതള്ളി. ഇതിനിടെ പഠനം തുടർന്ന പൊന്നു പ്ലസ്ടുവിന് ഉന്നത വിജയം നേടിയെന്നതാണ് വസ്തുത. അകാലത്തിൽ തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഈ കുടുംബത്തിന് ആരും ഒന്നും കൊടുക്കില്ലെന്ന് ചന്ദ്രമതിയമ്മയ്ക്ക് അറിയാം. അതുകൊണ്ടാണ് എല്ലാ വസ്തുവും പൊന്നുവിന് അവർ പ്രമാണത്തിലൂടെ നൽകുന്നത്.