- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാത്രം മോഷ്ടിച്ചാൽ മർദിക്കാമോ? മർദ്ദനമേറ്റിട്ടും മികച്ച ചികിത്സ ലഭ്യമാക്കാൻ ചന്ദ്രന്റെ കുടുംബത്തിന് സാധിച്ചില്ല; കൈയൊഴിഞ്ഞു പൊലീസും; ആന്തരിക അവയവങ്ങൾക്കുണ്ടായ ക്ഷതത്തെ തുടർന്ന് മരണത്തിന് കീഴടങ്ങി ചന്ദ്രനും; അട്ടപ്പാടിയിലും ചിറയിൻകീഴും നടന്നത് ആൾക്കൂട്ട കൊലപാതകങ്ങൾ
തിരുവനന്തപുരം: അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തിന് സമാനമാണ് ചിറയിൻകീഴിലെ ചന്ദ്രന്റെ മരണവും. വിശന്നതിന് ഭക്ഷണം മോഷ്ടിച്ച കുറ്റത്തിനവാണ് ആദിവാസിയായ മധുവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊന്നതെങ്കിൽ ചിറയിൻകീഴിലേക്ക് വരുമ്പോൾ പാത്രം മോഷ്ടിച്ചു എന്നാരോപിച്ചാണ് ആൾക്കൂട്ട വിചാരണ നടന്നത്. ചന്ദ്രൻ എന്നയാളെ സമീപത്തെ ഒരു വീട്ടിൽ നിന്ന് പാത്രങ്ങൾ മോഷ്ടിച്ചു എന്ന് ആരോപിച്ചു ചിലർ തടഞ്ഞുവെക്കുകയും കെട്ടിയിട്ട് മർദ്ദിക്കുകയുമായിരുന്നു. ആന്തരിക അവയവങ്ങൾക്കുണ്ടായ ക്ഷതത്തെ തുടർന്നാണ് ചന്ദ്രൻ മരണത്തിന് കീഴടങ്ങിയത്.
കൃത്യമായ ചികിത്സ ലഭ്യമാക്കാതിരുന്നതാണ് ചന്ദ്രന്റെ മരണത്തിൽ കലാശിക്കാൻ ഇടയാക്കിയതും. മധുവിനും ചന്ദ്രനും സാമ്യതകൾ ഏറെയുണ്ട്. തീർത്തും സാമ്പത്തികമായി മോശം അവസ്ഥയിലുള്ള കുടുംബമാണ് ചന്ദ്രന്റേതും. അതുകൊണ്ട് തന്നെ മർദ്ദനമേറ്റിട്ടും മികച്ച ചികിത്സ ലഭ്യമാക്കാൻ ചന്ദ്രന്റെ കുടുംബത്തിന് സാധിച്ചില്ല. ചിറയിൻകീഴ് പൊലീസെത്തി ചന്ദ്രനെ കസ്റ്റഡിയിലെടുക്കുമ്പോൾ അവശനിലയിലായിരുന്നു. ഇതിനുശേഷം പൊലീസ് മെഡിക്കൽ പരിശോധന പൂർത്തിയാക്കി വിവരം ആരോടും പറയരുതെന്ന് പറഞ്ഞാണ് ബന്ധുക്കൾക്കൊപ്പം വിട്ടയച്ചത്. ചന്ദ്രനെ കെട്ടിയിട്ട് മർദ്ദിക്കാൻ കാരണമായ സംഭവത്തിലെ മോഷണക്കുറ്റമാരോപിച്ച പരാതിക്കാർ പരാതിയില്ലെന്ന് പൊലീസിനോട് അറിയിച്ചതിനെ തുടർന്നാണ് വിട്ടയക്കുന്നത്.
പൊലീസ് ബന്ധുക്കളെ വിളിച്ചുവരുത്തി ചന്ദ്രനെ ഒപ്പം പറഞ്ഞയയ്ക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ വെച്ച് തന്നെ ചന്ദ്രൻ അവശനിലയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. അന്ന് തന്നെ വയറിന് വേദനയുണ്ടെന്ന് ചന്ദ്രൻ പറഞ്ഞപ്പോൾ കള്ളവേദന അഭിനയിക്കുന്നതാണെന്നാണ് പൊലീസ് ആരോപിച്ചത്. ഞങ്ങളാരും ഒന്നും ചെയ്തിട്ടില്ലെന്നും പൊലീസുദ്യോഗസ്ഥർ ബന്ധുക്കളോട് പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങി വന്നത് തന്നെ വളരെ പ്രയാസപ്പെട്ടായിരുന്നുവെന്ന് ബന്ധുവായ ശശികല പറയുന്നു.
എന്നാൽ ആരും ഉപദ്രവിച്ച കാര്യം അന്ന് ചന്ദ്രൻ വെളിപ്പെടുത്തിയിരുന്നില്ല. തുടർന്ന് ശശികലയുടെ വീട്ടിലേക്ക് ചന്ദ്രനെ കൊണ്ടുപോയി. രണ്ട് ദിസം കഴിഞ്ഞതോടെ വയറ്റിനുള്ളിൽ വേദന കലശലായതോടെ ആശുപത്രിയിലേക്ക് പോയി. എത്രയും പെട്ടെന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനാണ് അവിടെനിന്ന് നിർദ്ദേശിച്ചത്.
എന്നാൽ വേദന സഹിക്കവയ്യാതായതോടെയാണ് ചന്ദ്രൻ ആശുപത്രിയിൽ പോകാൻ തയ്യാറായത്. അണ്ണൻ ആരെയോ ഭയക്കുന്നുണ്ടെന്ന് അന്നേ തോന്നിയിരുന്നു. മെഡിക്കൽ കോളേജിൽവെച്ച് സ്‌കാൻ ചെയ്തപ്പോഴാണ് കുടലിന് ക്ഷതമേറ്റതായി മനസിലായത്. അപ്പോഴാണ് അടിവയറ്റിൽ കാൽമുട്ടുവെച്ച് മർദ്ദിച്ചുവെന്ന് ചന്ദ്രൻ വെളിപ്പെടുത്തുന്നത്. ഉടൻ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ഒമ്പതാം ദിവസം രാത്രിയോടെ മരിക്കുകയായിരുന്നു. 'ഇതിന്റെ പിന്നിൽ ആരാണോ പ്രവർത്തിച്ചത് അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം, അതിന് ഏതറ്റം വരെയും പോകാൻ ഞങ്ങൾ തയ്യാറാണ്'- ശശികല പറഞ്ഞു.
കടുത്ത മർദ്ദനം ആകാം ആന്തരികാവയവങ്ങൾക്ക് ക്ഷതം ഏൽക്കാൻ കാരണമെന്നാണ് ഡോക്ടർമാർ പറയുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വരുന്നതോടെ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകും. ചന്ദ്രന് മർദ്ദനമേൽക്കാനുണ്ടായ സാഹചര്യം പൊലീസിന്റെ കുറ്റമായി കാണാനാകില്ല. പക്ഷെ മർദ്ദനമേറ്റ് അവശ നിലയിലായ ആളെ എത്രയും പെട്ടെന്ന് നടപടിക്രമങ്ങൾ തട്ടിക്കൂട്ടി പൂർത്തിയാക്കി കൈയൊഴിയാൻ പൊലീസ് വ്യഗ്രത കാണിച്ചോയെന്നത് അന്വേഷിക്കേണ്ടതാണ്. കടുത്ത മർദ്ദനമേറ്റത് പൊലീസിന്റെ പക്കൽ നിന്നാണോയെന്ന സംശയവും ബന്ധുക്കൾക്കുണ്ട്. തുളസിയെന്ന് വിളിക്കപ്പെടുന്ന ചന്ദ്രന് മർദ്ദനമേറ്റ് ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റ കാര്യം പൊലീസ് മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാക്കിയപ്പോൾ കണ്ടെത്താൻ സാധിക്കാതിരുന്നത് സംശയാസ്പദമാണ്.
മറുനാടന് മലയാളി ബ്യൂറോ