തിരുവനന്തപുരം: എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിന്റെ കൊലപാതകത്തിൽ പങ്കാളിയായത് അമ്മയ്‌ക്കൊപ്പം അച്ഛനും. മരിച്ച സുപ്രിയയുടെ അച്ഛൻ ഓട്ടോഡ്രൈവറായ അജേഷ് കുമാറാണെന്ന് പൊലീസ് വ്യക്തമാക്കി. സനലിനൊപ്പം ജീവിക്കാൻ കുട്ടിയെ കൊല്ലണമെന്ന ചന്ദ്രപ്രഭയുടെ ആവശ്യം അജേഷും അംഗീകരിച്ചു. അങ്ങനെയാണ് ടാങ്കിൽ മുക്കി കുട്ടിയെ കൊന്നത്. ആദ്യ വിവാഹത്തിൽ ചന്ദ്രപ്രഭയ്ക്ക് ഒരു മകളുണ്ട്. അച്ഛനൊപ്പമാണ് ഈ കുട്ടി കഴിയുന്നത്.

കുഞ്ഞിന്റെ അമ്മ കടയ്ക്കാവൂർ കീഴാറ്റിങ്ങൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപം കാർത്തികയിൽ ചന്ദ്രപ്രഭ (30), കിഴുവിലം അണ്ടൂർക്ഷേത്രത്തിനു സമീപം പണ്ടിവാരത്തുവീട്ടിൽ ഓട്ടോ ഡ്രൈവറായ അജേഷ് കുമാർ (31), തൊളിക്കോട് വിതുര കൊട്ടിയത്തറ വീട്ടിൽ സനൽ (35) എന്നിവർക്കെല്ലാം കൊലപാതകത്തിൽ കൂട്ടുത്തരവാദിത്തമുണ്ട്. കുട്ടിയെ ഒഴിവാക്കിയാലേ ചന്ദ്രപ്രഭയെ ഒപ്പം കൂട്ടൂവെന്ന് കാമുകനായ സനൽ നിർബന്ധം പിടിച്ചു. കുട്ടിയെ കൊല്ലുമെന്ന കാര്യം സനലിനും മുൻകൂട്ടി അറിയാമായിരുന്നു. ഈ സാഹചര്യത്തിലാണ് കേസിൽ സനലും മുന്നാം പ്രതിയായത്.

കീഴാറ്റിങ്ങൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപം വാടകക്ക് താമസിച്ചിരുന്ന ചന്ദ്രപ്രഭ എട്ടു മാസം പ്രായമുള്ള മകൾ സുപ്രിയയെ കൊലപ്പെടുത്തിയ സംഭവം നാട്ടുകാർ നടുക്കത്തോടെയാണ് ഓർക്കുന്നത്. രണ്ടു വർഷമായി ചന്ദ്രപ്രഭ കീഴാറ്റിങ്ങലിലാണ് താമസിക്കുന്നത്. അയൽവാസികളോട് അടുപ്പം കാണിക്കാതെ അകന്നുകഴിയാനാണ് ഇവർ ശ്രമിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ കുഞ്ഞിനെയും എടുത്ത് വീട്ടുമുറ്റത്തിറങ്ങി നിലവിളിക്കുമ്പോഴും നാട്ടുകാർക്ക് ഒരു സംശയവും തോന്നിച്ചിരുന്നില്ല. സമീപകാലത്ത് മാനസികാസ്വാസ്ഥ്യം ഉള്ളതായി ഇവർ മറ്റുള്ളവരുടെ മുന്നിൽ പ്രകടിപ്പിച്ചിരുന്നു.

വാടക വാങ്ങാനത്തെിയ കെട്ടിടം ഉടമയോടും മാനസികാസ്വാസ്ഥ്യമുള്ള രീതിയിൽ ഇവർ പെരുമാറിയിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിലും സമാന സ്വഭാവ പ്രകടനങ്ങൾ നടത്തുന്നുണ്ട്. ഇത് മനഃപൂർവമാണെന്നാണ് പൊലീസ് നിഗമനം. കൊലപാതകത്തിനും രണ്ടു ദിവസം മുമ്പ് സനലിനെതിരെ തന്നെ ചന്ദ്രപ്രഭ കടയ്ക്കാവൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തന്നെ പീഡിപ്പിക്കുന്നതായി ആരോപിച്ചാണ് പരാതി നൽകിയത്. ഇരുവരും സൗഹൃദത്തോടെ കഴിയവേ ഇത്തരമൊരു പരാതി നൽകിയതിന്റെ ലക്ഷ്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. മാനസികാസ്വസ്ഥ്യവും പരാതിയുമെല്ലാം കേസ് അന്വേഷണം വഴിതെറ്റിക്കാനെന്ന നിഗമനത്തിലാണ് പൊലീസ്

ഭർത്താവിൽനിന്നും വർഷങ്ങൾക്കുന്മുൻപ് ചന്ദ്രപ്രഭ വിവാഹമോചനം നേടിയിരുന്നു. ഇവരുടെ മൂത്ത മകൾ അച്ഛന്റെ കൂടെയായിരുന്നു. വിവാഹമോചനത്തിനു ശേഷം ചന്ദ്രപ്രഭ സനലുമായി ചങ്ങാത്തം കൂടുകയും ഇയാൾ ഓട്ടോയും കാറും വാങ്ങി നൽകുകയും ചെയ്തു. സനൽ ഗൾഫിൽ പോയശേഷം ഓട്ടോ ഓടിക്കാൻ എത്തിയ അജേഷ് കുമാറുമായി ചന്ദ്രപ്രഭ ബന്ധം സ്ഥാപിച്ചു. അപ്പോഴാണ് കുട്ടി ജനിക്കുന്നത്. സനൽ ഗൾഫിൽനിന്നും തിരിച്ചുവന്നശേഷം വാക്കുതർക്കം ഉണ്ടാവുകയും കുട്ടിയെ സംരക്ഷിക്കാൻ പറ്റില്ലെന്ന് ചന്ദ്രപ്രഭയോടു പറയുകയും ചെയ്തു. ഈ വിവരം അജേഷുമായി ചന്ദ്രപ്രഭ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണു കുട്ടിയെ ഒഴിവാക്കാൻ പദ്ധതിയിട്ടത്.

2014 സെപ്റ്റംബറിലാണ് സുപ്രിയ ജനിച്ചത്. ഇതിനിടെ നാട്ടിലെത്തിയ സനിൽ കുഞ്ഞിന്റെ പിതൃത്വത്തെച്ചൊല്ലി ആരോപണമുയർത്തി. ഇത് ഇവർ തമ്മിൽ വഴക്കിന് കാരണമായി. കുഞ്ഞിനെ ഒഴിവാക്കിയാൽ ചന്ദ്രപ്രഭയെ താൻ തുടർന്നും സംരക്ഷിച്ചുകൊള്ളാമെന്ന് സനിൽ പറഞ്ഞു. ഇക്കാര്യം ചന്ദ്രപ്രഭ അജേഷ്‌കുമാറിനെ അറിയിച്ചു. പലതവണ സനിൽ തന്റെ ആവശ്യമുന്നയിച്ചപ്പോൾ ചന്ദ്രപ്രഭയും അജേഷ്‌കുമാറും ചേർന്ന് കുഞ്ഞിനെ കൊല്ലാൻ പദ്ധതിയിടുകയായിരുന്നു.

മെയ് 7ന് രാത്രിയിലാണ് കൊലപാതകത്തിന് പദ്ധതിയിട്ടത്. അന്ന് രാത്രിയിൽ അജേഷ്‌കുമാറും ചന്ദ്രപ്രഭയുടെ വീട്ടിൽ തങ്ങിയിരുന്നു. 8ന് പുലർച്ചെ നാലിന് ചന്ദ്രപ്രഭ കുഞ്ഞിനെ വാട്ടർ ടാങ്കിൽ മുക്കി കുറച്ചു കഴിഞ്ഞ് കിടക്കയിൽ കിടത്തി. അജേഷ് കുഞ്ഞിനെ കമിഴ്‌ത്തി കിടത്തിയിട്ട് മുതുകത്ത് അമർത്തിപ്പിടിച്ചു. കുഞ്ഞ് മരിച്ചെന്നുറപ്പായപ്പോൾ ചന്ദ്രപ്രഭ കുഞ്ഞിനോടൊപ്പം കിടക്കയിൽ കിടന്നുറങ്ങി.

രാവിലെ കുഞ്ഞുമായി വീടിനുപുറത്തേക്കുവന്ന് നിലവിളിച്ചു. അയൽവാസികൾ ഓടിയെത്തിയപ്പോൾ കുഞ്ഞിന് അനക്കമില്ലെന്നു പറഞ്ഞു. ഉടൻതന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിശോധനയിൽ കുഞ്ഞ് നേരത്തെ മരിച്ചതായി സ്ഥിരീകരിച്ചു.

പൊലീസ് ചോദ്യം ചെയ്യലിൽ മാനസികാസ്വാസ്ഥ്യത്തിന് ഗുളിക കഴിച്ചശേഷം ഉറങ്ങിക്കിടന്നപ്പോൾ ഒപ്പംകിടന്ന കുഞ്ഞിന്റെ പുറത്തേക്കു മറിഞ്ഞു വീണതിനെതുടർന്ന് കുട്ടിക്ക് അനക്കമുണ്ടായില്ലെന്നാണ് മൊഴി നൽകിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തപ്പോഴാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചത്. ശ്വാസകോശത്തിൽ വെള്ളം കയറിയതും ദേഹത്ത് ശക്തിയായി അമർത്തിയതും മരണകാരണമെന്നു കണ്ടെത്തി.