മുംബൈ: ഒരുകാലത്ത് രാജ്യം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ആൾദൈവം ചന്ദ്രസ്വാമി അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ വൃക്കരോഗത്തെത്തുടർന്നായിരുന്നു അന്ത്യം. അറുപത്താറു വയസായിരുന്നു.ഏറെ നാളായി ചികിത്സയിലായിരുന്നു. ആത്മീയ നേതാവെന്ന നിലയിൽ രാജ്യത്തെ ഭരണനേതാക്കളുടെയും സെലിബ്രിറ്റികളുടെയും പ്രിയപ്പെട്ടവനായിരുന്നു.

പ്രധാനമന്ത്രിമാരായിരുന്ന ചന്ദ്രശേഖർ, പി വി നരസിംഹറാവു എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ചന്ദ്രസ്വാമിയുമായുള്ള ബന്ധം ഇരു നേതാക്കളെയും വൻ വിവാദങ്ങളിൽ ചാടിച്ചിട്ടുണ്ട്. വിദേശ നാണ്യവിനിമയച്ചട്ടം ലംഘിച്ചതിന് ചന്ദ്രസ്വാമിക്കെതിരേ സുപ്രീം കോടതി ശിക്ഷ വിധിച്ചിരുന്നു.

നേമി ചന്ദ് എന്നാണ് ചന്ദ്രസ്വാമിയുടെ ശരിയായ പേര്. രാജസ്ഥാനിലെ ബെഹ്‌റൂറിലാണ് ജനനം. കുട്ടിയായിരിക്കുമ്പോഴേ കുടുംബത്തോടൊപ്പം ഹൈദരാബാദിലേക്കു പോയി. താന്ത്രിക വിദ്യയിൽ അക്കാലത്തേ താൽപര്യം ജനിച്ചു. കുട്ടിക്കാലം കഴിയും മുമ്പേ വീടുവിട്ടു ഉപാധ്യാർ അമർ മുനിയുടെയും പണ്ഡിറ്റഇ ഗോപിനാഥ് കവിരാജിന്റെയും ശിഷ്യനായി. പിന്നീട് ധ്യാനത്തിനെന്ന പേരിൽ ബിഹാറിലെ വനാന്തരങ്ങളിലേക്ക് ജീവിതം മാറ്റി.

അസാധാരണ സിദ്ധികൾ ലഭിച്ചെന്ന അവകാശവാദവുമായാണു നാലു വർഷത്തിനുശേഷം ചന്ദ്രസ്വാമി വനത്തിൽനിന്നു പുറത്തേക്കു വന്നത്. പ്രധാനമന്ത്രിയായിരുന്ന പി വി നരസിംഹറാവുവുമായുള്ള അടുപ്പമാണ് ചന്ദ്രസ്വാമിയെ ദേശീയ ശ്രദ്ധയിലേക്ക് എത്തിച്ചത്. നരസിംഹറാവുവിന്റെ ആത്മീയ ഉപദേശകനായിരുന്നു ചന്ദ്രസ്വാമിയെന്നു വരെ മാധ്യമങ്ങൾ വിശേഷിപ്പിച്ചു. 1991-ൽ അപ്രതീക്ഷിതമായി നരസിംഹറാവു രാജ്യത്തിന്റെ പ്രധാനമന്ത്രിയായതിനു പിന്നാലെ ചന്ദ്രസ്വാമി ഡൽഹിയിലെ ഖുത്തബ് ഇൻസ്റ്റിറ്റിയൂഷണൽ ഏരിയയിൽ വിശ്വ ധർമയാതൻ സൻസ്ഥാൻ എന്ന പേരിൽ ആശ്രമം പണിതു.

ഇന്ദിരാഗാന്ധി സൗജന്യമായി നൽകിയ സ്ഥലത്തായിരുന്നു ആശ്രമം പണിതതെന്നത് ആദ്യകാലത്തു വിവാദത്തിന് വഴിവച്ചിരുന്നു. ഇന്ത്യയിൽ മാത്രമായിരുന്നില്ല ചന്ദ്രസ്വാമിക്ക് അനുയായികൾ ഉണ്ടായിരുന്നത്. ബ്രൂണെ സുൽത്താൻ, ബഹ്‌റൈൻ ഭരണാധികാരിയായിരുന്ന ഷെയ്ഖ് ഇസ ബിൻ അൽ ഖലിഫ, നടി എലിസബത്ത് ടെയ്‌ലർ, ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ, അധോലോകനായകൻ ദാവൂദ് ഇബ്രാഹിം തുടങ്ങിയവരാണ് ഈ പട്ടികയിലുള്ളത്.

സാമ്പത്തിക തട്ടിപ്പുകളിലൂടെയാണ് ചന്ദ്രസ്വാമി വിവാദതലക്കെട്ടുകളിൽ ഇടംപിടിച്ചത്. ലണ്ടനിലുള്ള ബിസിനസുകാരനെ തട്ടിപ്പു നടത്തിയ കേസിൽ 1996-ലാണ് ആദ്യമായി ചന്ദ്രസ്വാമി അറസ്റ്റിലായത്. വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചതിനായിരുന്നു അറസ്റ്റ്. ആയുധവ്യാപാരി അഡ്‌നൻ ഖസോഗിയുമായുള്ള നിയമം ലംഘിച്ചുള്ള ഇടപാടുകളുടെ രേഖകൾ സ്വാമിയുടെ ആശ്രമത്തിൽ നടത്തിയ റെയ്ഡിൽ ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. രാജീവ് ഗാന്ധിയുടെ കൊലപാതകത്തിൽവരെ ചന്ദ്രസ്വാമിക്കു പങ്കുള്ളതായി സംശയിക്കുന്നതായി ജെയിൻ കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു.