- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പ്രൊഫഷണലിസം' തലവേദനയായപ്പോൾ രാഷ്ട്രീയക്കാരുടെ ഇംഗിതം ജയിച്ചു; ചന്ദ്രികയിൽ ചീഫ് എഡിറ്റർക്കു 'തരംതാഴ്ത്തൽ'; ടി പി ചെറൂപ്പയെ പീരിയോഡിക്കൽസിലേക്കു മാറ്റി; പത്രത്തിന്റെ പൂർണ ചുമതല എഡിറ്റർ സി പി സെയ്തലവിക്ക്; ശീതസമരത്തിന്റെ തുടർച്ചയായ നടപടിക്കു വേഗം കൂട്ടിയത് പാർട്ടി ട്രഷറർ പി കെ കെ ബാവയുടെ ഇടപെടൽ
കോഴിക്കോട്: മുസ്‌ലിം ലീഗ് മുഖപത്രമായ ചന്ദ്രികയിൽ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്ന് ചീഫ് എഡിറ്റർ ടി പി ചെറൂപ്പയെ മുഖ്യ ചുമതലകളിൽനിന്നു നീക്കി, പീരിയോഡിക്കൽസിലേക്കു തരംതാഴ്‌ത്തി. എഡിറ്ററും വാഗ്മിയുമായ സി പി സെയ്തലവിക്കാണ് പകരം ചുമതല. പാർട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന മുസ്
കോഴിക്കോട്: മുസ്‌ലിം ലീഗ് മുഖപത്രമായ ചന്ദ്രികയിൽ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്ന് ചീഫ് എഡിറ്റർ ടി പി ചെറൂപ്പയെ മുഖ്യ ചുമതലകളിൽനിന്നു നീക്കി, പീരിയോഡിക്കൽസിലേക്കു തരംതാഴ്‌ത്തി. എഡിറ്ററും വാഗ്മിയുമായ സി പി സെയ്തലവിക്കാണ് പകരം ചുമതല. പാർട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന മുസ്‌ലിം പ്രിന്റിങ് ആൻഡ് പബ്ലിഷിങ് ട്രസ്റ്റ് ഡയറക്ടർ ബോർഡ് യോഗത്തിന്റേതാണ് ഈ തീരുമാനം.
ടി പി ചെറൂപ്പയെ അനുകൂലിക്കുന്നവരും സി പി സെയ്തലവിയെ പിന്തുണയ്ക്കുന്ന ഒരു വിഭാഗവും തമ്മിൽ ഏറെ നാളായി തുടരുന്ന ശീതസമരത്തിന്റെ തുടർച്ചയാണ് ഇളക്കി പ്രതിഷ്ഠ. എന്നാൽ ശമ്പളത്തിലോ മറ്റു അലവൻസുകളിലോ സ്ഥാനപ്പേരിലോ നടപടി ബാധകമാകില്ല. ആറു മാസത്തേക്കാണ് നടപടി. ചീഫ് എഡിറ്റർ ടി പി ചെറൂപ്പക്കെതിരെ ചില പരാതികൾ ഉയർന്നപ്പോൾ ജോലിമാറ്റത്തെക്കുറിച്ച് ചെറൂപ്പ തന്നെ നിർദേശിച്ചതനുസരിച്ചാണ് ഡയറക്ടർ ബോർഡ്‌യോഗ തീരുമാനമെന്നും അറിയുന്നു.
എന്നാൽ പ്രസ്തുത തീരുമാനം സർക്കുലറായി പ്രചാരണം നൽകാൻ എതിർചേരി കടുത്ത ഉത്സാഹം കാണിച്ചതായാണ് റിപ്പോർട്ട്. പത്രത്തിന്റെ ചില ആവശ്യങ്ങൾക്കായി ചെറൂപ്പ ഡൽഹിയിൽ പോയപ്പോൾ ഡയറക്ടർ ബോർഡ് യോഗ തീരുമാനം നടപ്പാക്കാൻ ചില കേന്ദ്രങ്ങൾ കാണിച്ച അത്യുത്സാഹം തിരിച്ചുവന്നപ്പോഴാണത്രെ ചെറൂപ്പക്കു മനസ്സിലായത്. ഇതേ തുടർന്ന് അതിനു പിന്നിൽ പ്രവർത്തിച്ച ഒരു ഡയറക്ടർ ബോർഡ് അംഗം ഉൾപ്പെടെയുള്ളവരെ ചെറൂപ്പ തന്റെ ക്യാബിനിൽ വിളിച്ചുവരുത്തി താൻ ചന്ദ്രികയിലേക്കു വന്ന സാഹചര്യവും മറ്റും വിശദീകരിക്കുകയുണ്ടായി.
സാധാരണ ഡയറക്ടർ ബോർഡ് യോഗ തീരുമാനം സർക്കുലറായി ജീവനക്കാർക്കു നേരിട്ട് അയക്കുന്ന പതിവില്ല. എന്നാൽ, കഴിഞ്ഞദിവസം ഓഫീസിൽ ചേർന്ന ജീവനക്കാരുടെ യോഗത്തിൽ പുതിയ സർക്കുലർ സംബന്ധിച്ച് ചോദ്യമുയർന്നപ്പോൾ ചെറൂപ്പ ഒരക്ഷരം പ്രതികരിച്ചില്ലപോൽ. എഡിറ്റർ സി പി സെയ്തലവി സർക്കുലർ പരസ്യമായി വായിക്കുകയുംചെയ്തു. സ്വയം നിർദേശിച്ചതനുസരിച്ചാണ് മാനേജ്‌മെന്റ് തീരുമാനമെങ്കിലും തരംതാഴ്‌ത്തലിൽ ചെറൂപ്പക്കു കടുത്ത വിയോജിപ്പുണ്ടെന്നാണ് മനസ്സിലാവുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ അദ്ദേഹം പ്രസ്തുത സ്ഥാനത്തു തുടരുമോ എന്നതിലും ആശങ്കയുണ്ട്.
ഏകദേശം അഞ്ചു വർഷം മുമ്പാണ് ടി പി ചെറൂപ്പ ചീഫ് എഡിറ്ററായി ചന്ദ്രികയിൽ ചുമതലയേറ്റത്. സ്ഥാനം ഏറ്റെടുത്തതോടെ പ്രൊഫഷണലിസത്തിന്റെ ഭാഗമായുള്ള ചില ഇടപെടലുകൾ പത്രത്തിൽ നടത്തിയപ്പോൾ അത് പാർട്ടി പ്രവർത്തകരുടെ വികാരങ്ങൾ മാനിക്കാതെയാണെന്നു വിമർശം ഉയർന്നിരുന്നു. പാർട്ടി മുഖപത്രം എന്നതിനപ്പുറം ഒരു സ്വതന്ത്ര മുഖം നൽകാനും എല്ലാ മുസ്‌ലിം സംഘടനകളുടെയും പൊതു പ്ലാറ്റ്‌ഫോമായി പക്ഷംചേരാതെ ഇടംപിടിക്കാനും ചെറൂപ്പ മനസ്സുവച്ചു. ഇതിന്റെ ഭാഗമായി അദ്ദേഹം സ്വീകരിച്ച ചില നടപടികൾക്കു പാർട്ടി നേതൃത്വം കലവറയില്ലാത്ത പിന്തുണയും നൽകി.
എന്നാൽ ചെറൂപ്പയുടെ ഇടപെടലുകൾ ചില കേന്ദ്രങ്ങൾക്കു അത്ര രസിച്ചില്ല. ഇതേ തുടർന്നുള്ള സ്വരചേർച്ചയില്ലായ്മ ഏറെ നാളുകളായി പത്രത്തിൽ പുകയുകയായിരുന്നു. എല്ലാ ചൊവ്വാഴ്ചകളിലും ചേരാറുള്ള, ഏറ്റവും ഒടുവിൽ ചേർന്ന ഒരു യോഗത്തിൽ പത്രത്തിന്റെ പ്രിന്ററും പബ്ലിഷറും മുന്മന്ത്രിയും പാർട്ടി സംസ്ഥാന ട്രഷററുമായ പി കെ കെ ബാവയുടെ ഒരു ചോദ്യത്തോടുള്ള ചെറൂപ്പയുടെ പ്രതികരണം അദ്ദേഹത്തിന് അത്ര രസിച്ചില്ലപോൽ. ആ നീരസം ബാവ, പാർട്ടി ദേശീയ പ്രസിഡന്റ് ഇ അഹമ്മദിനെയും സംസ്ഥാന പ്രസിഡന്റ് പാണക്കാട് തങ്ങളെയും പാർലമെന്ററി പാർട്ടി ലീഡർ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയെയും അറിയിച്ചതോടെ നടപടിക്കു വേഗത കൂടി.
എൻ എസ് എസ് നേതാവ് പി കെ നാരായണപ്പണിക്കർക്കെതിരെ ചന്ദ്രികയിൽ വന്ന ചില വിവാദ പരാമർശങ്ങളിൽ മാപ്പു പറയണമെന്ന് നേരത്തെ നിർദേശമുയർന്നുവെങ്കിലും ചെറൂപ്പ അതിനു മുഖംകൊടുത്തില്ലത്രെ. സാമുദായിക സംഘടനകളെ പ്രകോപിപ്പിച്ച് കേസിലേക്കു വരെ കാര്യങ്ങൾ നീണ്ടതിലും പാർട്ടി പ്രവർത്തകർക്കു പത്രത്തിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നുമുള്ള ആക്ഷേപവും ഇതിനിടയിൽ ശക്തമായി. ഇതു കൂടാതെ സ്ഥാപനത്തിലെ ചില സാമ്പത്തിക അച്ചടക്കങ്ങളുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്നതിലും വീഴ്ചയുണ്ടായതായി വിമർശമുയർന്നു. ഇതെല്ലാം ചെറൂപ്പയുടെ എതിരാളികൾ ആയുധമാക്കിയതോടെ ചീഫ് എഡിറ്റർ പദവിയിൽ നിലനിർത്തിക്കൊണ്ടുതന്നെ പീരിയോഡിക്കൽസിന്റെ ചുമതലയിലേക്ക് അദ്ദേഹത്തെ മാറ്റുകയാണുണ്ടായത്.
ഒപ്പം പത്രത്തിന്റെ പൂർണ ചുമതല നിലവിലുള്ള എഡിറ്റർ സി പി സെയ്തലവിക്ക് നൽകുകയും ചെയ്തു. പത്രത്തിന്റെയും സ്‌പെഷ്യൽ പതിപ്പുകൾ ഉൾപ്പെടെയുള്ള അനുബന്ധ പ്രസിദ്ധീകരണങ്ങളുടെയും നയപരമായ കാര്യങ്ങളും എല്ലാ യൂണിറ്റുകളുടെ ഏകോപനവും എഡിറ്റോറിയൽ നിയന്ത്രണവും സി പി സെയ്തലവിക്കാണ്. എന്നാൽ ചിലരുടെ ഇംഗിതങ്ങൾക്കു വഴങ്ങാത്തതും പാർട്ടി പത്രത്തിനപ്പുറത്തേക്കു ചന്ദ്രികയെ വളർത്താനുള്ള ചില ഇടപെടലുകളാണ് ചെറൂപ്പക്കു വിനയായതെന്നു സംസാരമുണ്ട്. പ്രൊഫഷണലിസവും സത്യസന്ധതയുമൊക്കെ പറയാമെന്നല്ലാതെ പാർട്ടി പ്രവർത്തകരുടെ വികാരങ്ങൾ മാനിക്കാതിരുന്നാലുള്ള ശിക്ഷയാണ് തരംതാഴ്‌ത്തലിലേക്കു കാര്യങ്ങൾ എത്തിച്ചതെന്നും ഇവർ പറയുന്നു.
മുസ്‌ലിംലീഗ് പിളർന്നപ്പോൾ അഖിലേന്ത്യാ ലീഗ് ആരംഭിച്ച ലീഗ് ടൈംസ് പത്രത്തിലായിരുന്നു ചെറൂപ്പ ആദ്യം ജോലി ചെയ്തത്. എന്നാൽ അഖിലേന്ത്യാ ലീഗ് മുസ്‌ലിംലീഗിൽ ലയിച്ചതോടെ, ലീഗ് ടൈംസിലെ മിക്കവരും ചന്ദ്രികയിലേക്ക് തിരിച്ചുവന്നപ്പോൾ ചെറൂപ്പ ജമാഅത്തെ ഇസ്‌ലാമിയുടെ നിയന്ത്രണത്തിലുള്ള മാദ്ധ്യമത്തിലേക്കാണ് പോയത്. പിന്നീട് മാദ്ധ്യമത്തിൽ നിന്ന് അടർത്തി 2010 മാർച്ചിലാണ് ചെറൂപ്പയെ ചന്ദ്രികയിൽ ചീഫ് എഡിറ്ററാക്കിയത്. കുറഞ്ഞകാലം കൊണ്ട് പത്രത്തിൽ കാര്യമായ ചില മാറ്റങ്ങൾ ഉണ്ടായെന്നു സമ്മതിക്കുമ്പോൾ തന്നെയും 'ഇളക്കി പ്രതിഷ്ഠ' നേതൃത്വം ഇതുവരെയും പരസ്യമാക്കിയിട്ടില്ല. പുതിയ സാഹചര്യത്തിൽ എന്തു സമീപനം കൈക്കൊള്ളണമെന്ന കാര്യത്തിൽ ചെറൂപ്പയും അന്തിമതീരുമാനം എടുത്തിട്ടില്ലെന്നാണ് അറിയുന്നത്. പാണക്കാട് ഹൈദരലി തങ്ങൾ, ഇ അഹമ്മദ്, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, മന്ത്രി എം കെ മുനീർ, പി വി അബ്ദുൽ വഹാബ് എം പി അടക്കമുള്ള 11 അംഗ ഡയറക്ടർ ബോർഡ് യോഗത്തിൽ ചെറൂപ്പക്കെതിരെ തീരുമാനമെടുത്ത യോഗത്തിൽ പാർട്ടി ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എംപി, മന്ത്രി വി കെ ഇബ്രാഹീംകുഞ്ഞ് എന്നിവർ പങ്കെടുത്തിരുന്നില്ല.