- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കൽ കേസ്: ആരോപണം തെളിയിക്കപ്പെടുന്നതിന് മുമ്പ് വിചാരണ വേണ്ട; കുഞ്ഞാലിക്കുട്ടിക്ക് പിന്തുണയുമായി കെ സുധാകരൻ
തൊടുപുഴ: കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണം തെളിയിക്കപ്പെടുന്നതിന് മുമ്പ് വിചാരണ വേണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി. ആരോപണം ആർക്കും ഉന്നയിക്കാം. കെ.ടി ജലീലിന്റെ പരിഹാസത്തിന് താൻ എന്ത് പറയാനാണെന്നും കെ സുധാകരൻ പ്രതികരിച്ചു. ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുസ്ലിം ലീഗ് മുതിർന്ന നേതാവ് പികെ കുഞ്ഞാലിക്കുട്ടി ഇ.ഡി ചോദ്യം ചെയ്തതിലാണ് പ്രതികരണവുമായി കെ സുധാകരൻ രംഗത്തെത്തിയത്.
താൻ ബിജെപി നിലപാടുള്ള ആളാണെന്ന പിസി ചാക്കോയുടെ പരാമർശത്തിൽ പ്രതികരണത്തിനില്ലെന്നും സുധാകരൻ തൊടുപുഴയിൽ വ്യക്തമാക്കി. നേരത്തെ കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് കെടി ജലീൽ രംഗത്തുവന്നിരുന്നു. കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയിൽ വെന്തില്ലെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിപ്പിൽ കുറിച്ചു. കാരാത്തോട്ടെ പരിപ്പ് ഈഡിക്കുടുക്കയിൽ വെന്തില്ല. ചന്ദ്രികയിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ ചോദ്യം ചെയ്യലിന് വിധേയനാകാൻ മൂപ്പരെത്തി. കാലം പോയ പോക്കെയ്. തെറ്റിദ്ധരിച്ചാരും എന്റെ വീട്ടിലേക്ക് മാർച്ച് ചെയ്യേണ്ട. വഴിയിൽ തടയുകയും വേണ്ട. വെറുതെ ഒന്ന് ഓർമ്മിപ്പിച്ചതാ. ജലീൽ ഫെയിസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു.
അതേസമയം തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ചന്ദ്രികയുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വ്യാജ വാർത്തകളിൽ വ്യക്തത വരുത്താൻ ആണ് ഇ.ഡി വിളിപ്പിച്ചതെന്നും കുഞ്ഞാലിക്കുട്ടി നേരത്തെ പറഞ്ഞിരുന്നു. സാക്ഷി എന്ന രീതിയിൽ മൊഴി കൊടുക്കാൻ ആണ് എത്തിയത്.
ഹരിതയുമായി ബന്ധപ്പെട്ടെടുത്ത നടപടികൾ പാർട്ടി വിശദമായി ചർച്ചചെയ്യുമെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. 'ഹരിതയുമായി ബന്ധപ്പെട്ട് ദേശീയ കമ്മിറ്റി അടക്കം എടുത്ത എല്ലാ നടപടികളും വിശദമായി പാർട്ടി ചർച്ച ചെയ്യും. പെൺകുട്ടികളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തിയതിൽ മുസ്ലിം ലീഗിന് വലിയ പങ്കുണ്ട്.'
പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച കോഴപ്പണം ചന്ദ്രിക വഴി വെളുപ്പിച്ചുവെന്നാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണം. കുഞ്ഞാലിക്കുട്ടിയുടെ മകനും വിഷയത്തിൽ പങ്കുണ്ടെന്ന് കെ.ടി ജലീൽ ആരോപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ