മലപ്പുറം: മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയിൽ ആഭ്യന്തര കലഹം മൂർഛിക്കുന്നു. പത്രത്തിന്റെ ഭാവി തന്നെ പ്രതിസന്ധിയിലാവും വിധത്തിലാണ് ആഭ്യന്തര സംഘർഷങ്ങൾ നടക്കുന്നത്. ചീഫ് എഡിറ്റർ ടി.പി ചെറൂപ്പയും എഡിറ്റർ സി.പി സെയ്തലവിയും തമ്മിലുള്ള ശീതസമരമാണ് ചന്ദ്രികയുടെ നിലനിൽപിന് തന്നെ ഭീഷണിയാകുംവിധം അനാരോഗ്യകരമായി വളർന്നിരിക്കുന്നത്.

മാസങ്ങൾക്ക് മുമ്പ് ടി.പി ചെറൂപ്പയെ തരംതാഴ്‌ത്തി പാർട്ടിയുടെയും പത്രത്തിന്റെയും പരമാധികാരി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നടപടി സ്വീകരിച്ചിരുന്നു. മുസ്ലിംലീഗ് വിരുദ്ധനായ ടി.പി ചെറൂപ്പ പത്രത്തെ തകർക്കാൻ ആസൂത്രിത ശ്രമം നടത്തുന്നുണ്ടെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആരോപണം. എന്നാൽ പാർട്ടി പത്രം എന്നതിനപ്പുറം മതന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് വിവിധ മുസ്ലിം സംഘടനകളുടെ ഒരു പൊതു പ്ലാറ്റ്‌ഫോമായി ചന്ദ്രികയെ വളർത്താനും പൊതുജനങ്ങളിൽ സ്വീകാര്യത നേടാനും സാധിച്ചുവെന്ന് മറുവിഭാഗവും വാദിച്ചു.

ഇതിനിടെയാണ് ഏതാനും മാസങ്ങൾക്കു മുമ്പ് ചെറൂപ്പക്കെതിരെ നടപടിയുണ്ടായത്. പത്രത്തിന്റെ മുഴുവൻ ചുമതലയും സി.പി സെയ്തലവിക്ക് നൽകി, ചെറൂപ്പക്ക് ആഴ്ചപ്പതിപ്പിന്റെ ചുമതല നൽകി ഒതുക്കുകയായിരുന്നു. മുക്കാൽ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ചന്ദ്രികയെ സാമ്പത്തികമായും ആശയപരമായും നശിപ്പിക്കാൻ വൻഗൂഢാലോചന നടക്കുന്നുണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.

ആഭ്യന്തര കലഹവും വലിയ സാമ്പത്തിക പ്രതിസന്ധിയും ചന്ദ്രികയെ തളർത്തിയിരിക്കുകയാണ്. കൃത്യസമയത്ത് ശമ്പളം ലഭിക്കാത്തത് തൊഴിലാളികൾക്കിടയിൽ മാനേജ്‌മെന്റ് വിരുദ്ധ നിലപാട് വളർത്തിയിട്ടുണ്ട്. രണ്ടുമാസമായി തൊഴിലാളികൾക്ക് ശമ്പളം ലഭിച്ചിട്ടില്ല.
കഴിഞ്ഞ ചെറിയ പെരുന്നാളിന് പോലും ചന്ദ്രികയിൽ തൊഴിലാളികൾക്ക് ശമ്പളം സമയത്ത് ലഭിച്ചില്ല. മുസ്‌ലിം മാനേജ്‌മെന്റ് നടത്തുന്ന ഒരു സ്ഥാപനത്തിൽ പെരുന്നാളിൽ ശമ്പളം കൊടുക്കാതിരുന്നത് ചന്ദ്രിക മാത്രമായിരിക്കും. എന്നിട്ടും ജീവനക്കാർ വാർത്തയാക്കാതെ ക്ഷമിച്ചു. മുസ്‌ലിംലീഗ് കേരളമാകെ ജീവകാരുണ്യപ്രവർത്തനങ്ങളും റിലീഫ് വിതരണവുമായി നടക്കുമ്പോഴും പാർട്ടി പത്രത്തിലെ തൊഴിലാളികൾക്ക് അന്ന് പട്ടിണിപ്പെരുന്നാളായിരുന്നു.

ചന്ദ്രികക്കുള്ളിലെ പ്രശ്‌നങ്ങൾ പലതവണ മുസ്‌ലിം ലീഗ് നേതൃത്വത്തെ തൊഴിലാളികൾ അറിയിച്ചുവെങ്കിലും പാർട്ടി വേണ്ടത്ര ഗൗരവത്തിലെടുക്കുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി. തങ്ങളുടെ പടവും വാർത്തയും വരുത്തുന്നു എന്നതിനപ്പുറം പാർട്ടിക്കും നേതാക്കൾക്കും ചന്ദ്രികയുടെ കാര്യത്തിൽ ഒരു താൽപര്യവുമില്ലെന്നും തൊഴിലാളികൾ ആരോപിക്കുന്നു.
മലപ്പുറം, കണ്ണൂർ എഡിഷനുകൾ മാത്രമാണ് സാമ്പത്തിക ബാധ്യതയില്ലാതെ മുന്നോട്ടുപോകുന്നത്. ഇതിൽ കണ്ണൂർ എഡിഷൻ നല്ല ഒത്തിണക്കത്തോടെ സാമ്പത്തിക അച്ചടക്കവും സുതാര്യതയും നിലനിർത്തി മാതൃകാപരമായാണ് നടന്നുപോവുന്നത്. എന്നാൽ, അടുത്ത കാലത്തായി മലപ്പുറം എഡിഷനിലും ശമ്പളം വൈകുന്നുണ്ട്.

ചന്ദ്രികയെ സമ്പൂർണമായി പാർട്ടിവൽക്കരിക്കണമെന്നു പറഞ്ഞ് എഡിറ്റർ സി.പി സെയ്തലവി ചില തൊഴിലാളികളുടെ സഹായത്തോടെ നടത്തിയ നീക്കമാണ് ടി.പി ചെറൂപ്പയുടെ സ്ഥാനചലനത്തിൽ കലാശിച്ചത്. ടി.പി ചെറൂപ്പവിരുദ്ധരായ തൊഴിലാളികൾ ആദ്യം യൂണിയനെ തങ്ങൾക്കനുകൂലമാക്കുകയാണ് ചെയ്തത്. ശേഷം യൂണിയന്റെ നേതൃത്വത്തിലാണ് സി.പി സെയ്തലവിക്ക് അനുകൂലമായും ടി.പി ചെറൂപ്പക്കെതിരായും നീക്കങ്ങൾ നടത്തിയത്. ചെറൂപ്പയാകട്ടെ, തന്നെയേൽപ്പിച്ച ചില വർക്കുകൾ പൂർത്തീകരിച്ച് ഉടൻ സ്ഥാപനം വിടാനുള്ള നീക്കത്തിലാണെന്നും പറയപ്പെടുന്നു.

ചീഫ് എഡിറ്റർ, ജനറൽ മാനേജർ, പീരിയോഡിക്കൽസ് എഡിറ്റർ, കാർട്ടൂണിസ്റ്റ് എന്നിവരെ പിരിച്ചുവിടണമെന്നായിരുന്നു ചെറൂപ്പ വിരുദ്ധരുടെ പ്രധാന ആവശ്യം. ഇവർ ചന്ദ്രികക്ക് സാമ്പത്തിക ബാധ്യതയാണെന്നും അവർ പറ്റുന്ന ശമ്പളത്തിനനുസരിച്ച് സേവനം ലഭ്യമാകുന്നില്ലെന്നുമായിരുന്നു ഇവരുടെ വിമർശം. എന്നാൽ ഡയറക്ടർ ബോർഡ് ഇതംഗീകരിച്ചില്ല. ചീഫ് എഡിറ്ററെ പരീക്ഷണാടിസ്ഥാനത്തിൽ തരംതാഴ്‌ത്താൻ മാത്രമാണ് മാനേജ്‌മെന്റ് തയ്യാറായത്.

പരസ്യ വരുമാനം വർധിപ്പിക്കാനാവശ്യമായ നിർദേശങ്ങളും ഗൾഫ് എഡിഷനുകളിൽ നിന്ന് വരുമാനം ഉറപ്പാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളാനും ജീവനക്കാരുടെ യൂണിയൻ ആവശ്യപ്പെട്ടിരുന്നു. പ്രതിമാസം പത്തുലക്ഷം രൂപ ഗൾഫ് എഡിഷനുകളിൽ നിന്ന് ലഭ്യമാക്കുന്നതിന് നടപടിയുണ്ടാവണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യത്തിൽ ഒരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ല. ഗൾഫ് എഡിഷനുകളിൽ നിന്ന് മാസം കൃത്യമായ ഒരു തുക എത്തിക്കാനായാൽ തീരാവുന്ന പ്രശ്‌നമേ ചന്ദ്രികയിലുള്ളുവെന്നാണ് തൊഴിലാളികളുടെ പക്ഷം.

നിലവിൽ ദുബായ്, ബഹ്‌റിൻ, ഖത്തർ, റിയാദ്, ജിദ്ദ, ദമാം എന്നിങ്ങനെ ആറ് ഗൾഫ് എഡിഷനുകളാണുള്ളത്. ഇതിൽ എല്ലാ ഗൾഫ് എഡിഷനുകളും നടത്തുന്നത് സ്വകാര്യ വ്യക്തികളാണ്. വലിയ പരസ്യവരുമാനം ഉണ്ടെങ്കിലും ചന്ദ്രികക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ലെന്നു മാത്രം. രണ്ട് എഡിഷനുകളിൽ നിന്ന് ഓരോ ലക്ഷം വീതം രണ്ടു ലക്ഷം രൂപ മാത്രമാണ് ചന്ദ്രികക്ക് ഗൾഫ് എഡിഷനുകളിൽ നിന്നും ലഭിക്കുന്നത്. ഗൾഫ് എഡിഷനുകളിലേക്കുള്ള ജോലിക്കായി കോഴിക്കോട് ഗൾഫ് ഡസ്‌കിൽ ജോലി ചെയ്യുന്ന മൂന്നുപേരുടെ ശമ്പളം പോലും ഗൾഫ് എഡിഷനുകൾ നൽകുന്നില്ലത്രെ.

അതിനിടക്ക് ഒരു ഗൾഫ് എഡിഷൻ ആരുമറിയാതെ ഒരു സമ്പന്നന് വിൽപന നടത്തിയതായും ആരോപണമുണ്ട്. ഗൾഫ് എഡിഷനുകളിൽ നിന്ന് ഡയറക്ടർ ബോർഡ് അംഗങ്ങൾക്കും മറ്റും അവിഹിത സഹായങ്ങൾ ലഭിക്കുന്നുണ്ടെന്ന ആരോപണവും ഇരു ചേരികളിലും ശക്തമാണ്. ഖത്തർ എഡിഷനുമായി ടി.പി ചെറൂപ്പക്കും സൗദി എഡിഷനുമായി സി പി സെയ്തലവിക്കുമുള്ള ബന്ധമാണ് ഗൾഫ് എഡിഷനുകളിൽ നിന്ന് കൃത്യമായൊരു വിഹിതം വാങ്ങാനുള്ള നടപടിക്ക് തടസ്സമാവുന്നതെന്നും ആരോപണങ്ങളുണ്ട്.

രണ്ടുമാസമായി ശമ്പളമില്ലാത്തതിനാൽ വലിയ പ്രതിസന്ധിയിലും പ്രയാസത്തിലുമാണ് തൊഴിലാളികൾ. കഴിഞ്ഞ ദിവസം തൊഴിലാളികൾ ജനറൽ മാനേജറെ തടഞ്ഞുവെക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു. ഇവിടെ പണമില്ലെന്നും കിട്ടുമ്പോൾ വാങ്ങിക്കോളൂ എന്നുമാണ് ജനറൽ മാനേജർ തൊഴിലാളികളോട് പറഞ്ഞത്. നിരുത്തരവാദപരമായാണ് മാനേജ്‌മെന്റും അധികാരികളും പ്രവർത്തിക്കുന്നത്. എഡിറ്റർ സി.പി സെയ്തലവിയും തൊഴിലാളികളുടെ പ്രശ്‌നത്തിൽ ഇടപെടാൻ തയ്യാറായിട്ടില്ല. ഡയറക്ടർ ബോർഡ് അംഗവും പ്രിന്റർ ആൻഡ് പബ്ലിഷറുമായ പികെകെ ബാവ രണ്ടു ദിവസത്തെ സമയം ചോദിച്ചതിന്റെ അടിസ്ഥാനത്തിലാണ് തൊഴിലാളികൾ സമര പരിപാടികൾ നീട്ടിവച്ചിരിക്കുന്നത്.

ഇനിയും നടപടിയൊന്നുമുണ്ടായില്ലെങ്കിൽ വലിയ പ്രക്ഷേഭത്തിനു തന്നെയാവും ചന്ദ്രിക സാക്ഷ്യം വഹിക്കുക. എല്ലാ മാസവും ശമ്പളം കൃത്യമായി ലഭിക്കാനുള്ള സാഹചര്യമൊരുക്കണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യം. ഇത് പരിഹരിച്ചില്ലെങ്കിൽ പ്രശ്‌നം പൊതു സമൂഹത്തിനു മുമ്പിൽ അവതരിപ്പിക്കാനാണ് നീക്കം.