തൃശ്ശൂർ: 'എന്റെ, മക്കളൊന്ന് എൻജീയറാകട്ടെ, എന്നിട്ടും വേണം എനിക്ക് അൽപ്പം വിശ്രമിക്കാൻ, മക്കൾക്ക് വേണ്ടിയാണ് ഉറക്കവും വെടിഞ്ഞുള്ള ഇപ്പോഴത്തെ കഷ്ടപ്പാട്, എല്ലാം ദൈവസഹായത്താൽ മാറും' - കൂടെ ജോലി ചെയ്യുന്നവരോട് ചന്ദ്രബോസ് തന്റെ നല്ലഭാവിയെ കുറിച്ച് ഇങ്ങനെ ഇടയ്ക്കിടെ പറയുമായിരുന്നു. കഷ്ടപ്പാടുകൾക്ക് നടുവിലും പഠനത്തിൽ മിടുക്കിയായ മകൾ രേവതിൽ ഏറെ പ്രതീക്ഷയായിരുന്നു അദ്ദേഹത്തിന്. കോഴിക്കോട് ഗവ. എൻജിനീയറിങ്് കോളേജിൽ ബി.ടെക്കിന് പഠിക്കുന്ന മകൾ എൻജിനീയറായി തിരിച്ചുവരുന്നത് കാണാൻ കാത്തിരിക്കുകയായിരുന്നു ഈ അച്ഛൻ. കഷ്ടപ്പാടുകളും ദുരിതങ്ങളും താണ്ടി മകൾ എൻജിനീയറായി തിരിച്ചെത്തുമ്പോൾ കുടുംബം രക്ഷപെടുമല്ലോയെന്നും കരുതി. എന്നാൽ, മകൾ മികച്ച ജോലിയും സമ്പാദിച്ച് തിരിച്ചുവരുന്നത് കാണാൻ കണ്ണിൽ എണ്ണയൊഴിച്ച് കത്തിരുന്ന ആ പിതാവ് ഇനിയില്ല. പണത്തിന്റെ ഹുങ്കിൽ മുഹമ്മദ് നിസാം എന്ന അതിക്രൂരൻ, മർദ്ദിച്ചും കാർ ഇടിപ്പിച്ചും കൊലപ്പെടുത്തിയത് ഒരു കുടുംബത്തിന്റെ മുഴുവൻ പ്രാരാബ്ധം ചുമലിൽ ഏറ്റിയിരുന്ന ഗൃഹനാഥനെ ആയിരുന്നു.

ഓട്ടോ റിക്ഷയോടിച്ചും പെയിന്റിങ് പണിക്ക് പോയും കുടുംബത്തെ പുലർത്തിയിരുന്ന ചന്ദ്രബോസ് രോഗം മൂലം വയ്യാതായതോടെയാണ് ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ജോലി ഏറ്റെടുത്തത്. 9000 രൂപ മാസശമ്പളത്തിൽ കുടുംബം പ്രതീക്ഷകളിലൂടെ മുന്നോട്ട് പോകുകയയിരുന്നു. കഷ്ടപ്പാടുകൾക്ക് നടുവിലും ഒരു ചെറിയ സ്ഥലത്ത് വീടുയർത്താനുള്ള ശ്രമത്തിയായിരുന്നു അദ്ദേഹം. പഞ്ചായത്തിന്റെ സഹായത്തോടെ നിർമ്മിച്ച വീട് പൂർത്തിയാക്കാൻ ഇനിയും സാധിച്ചിട്ടില്ല. പഠനത്തിൽ മിടുക്കിയായ മകളുടെ എൻജിനീയറിങ്ങ് പഠനം ഇനി തുടരാൻ സാധിക്കുമോയെന്ന് യാതൊരു നിശ്ചയവുമില്ല. വീട്ടുജോലിക്കു ഭാര്യയുടെ വരുമാനം പട്ടിണിയില്ലാതെ കഴിയാൻ തികയുമോ എന്നും ഉറപ്പില്ല. ഇങ്ങനെ നിരവധി പേരുടെ പ്രതീക്ഷകളും ജീവിതവുമാണ് നിസാമിന്റെ കൊടുക്രൂരതയിൽ പൊലിഞ്ഞത്.

കണ്ടശാംകടവ് വിളക്കുംകാൽ വടക്ക് കാട്ടുങ്ങൽ ചന്ദ്രബോസ് ആദ്യം ഓട്ടോ ഓടിച്ചാണു ജീവിതത്തിനു വക തേടിയിരുന്നത്. നടുവേദന മൂലം ഓട്ടോ ഓടിക്കാൻ കഴിയാതായതോടെ വീടുകളുടെ പെയിന്റിങ്ങിലേക്കു തിരിഞ്ഞു. ആ ജോലിയും ചെയ്യാൻ കഴിയാതായതോടെ എട്ടു വർഷമായി സെക്യൂരിറ്റി ജോലിയിലായിരുന്നു. ഭാര്യ ജമന്തി അയൽവാസികളുടെ സഹായത്തോടെ കുറച്ചുനാൾ ഗൾഫിൽ ജോലി ചെയ്തിരുന്നു. അങ്ങനെയാണ് നാലു സെന്റ് സ്ഥലം വാങ്ങിയതും അവിടെ പഞ്ചായത്തിന്റെ സഹായത്തോടെ വീട് നിർമ്മാണം തുടങ്ങിയതും

പിന്നിലെ രണ്ടു മുറികളുടെ കോൺക്രീറ്റിങ് കഴിഞ്ഞ് തട്ട് പൊളിച്ചതിന്റെ പിറ്റേന്നാണ് ചന്ദ്രബോസ് കൊടുംക്രൂരതയ്ക്ക് ഇരയായത്. 18 ദിവസം പ്രാണനുവേണ്ടി മല്ലടിച്ച് ചന്ദ്രബോസ് പിരിഞ്ഞു പോകുമ്പോൾ ജമന്തി തനിച്ചാണ്, ഒരു കുടുംബത്തിന്റെ മുഴുവൻ പ്രാരാബ്ധം മുഴുവൻ ചുമലിലേറ്റാൻ. ചന്ദ്രബോസിന്റെ അയൽക്കാരിയായിരുന്നു ജമന്തി. പ്രണയിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. സന്തുഷ്ട കുടുംബമായിരുന്നു ഇവരുടേത്. മക്കൾ രേവതിയും അമൽദേവും വളർന്നു തുടങ്ങിയപ്പോൾ പഠിപ്പിക്കാനുള്ള ചെലവു കൂടിയായി. അമ്മ അംബുജാക്ഷിക്ക് പ്രായമേറുകയാണ്. മക്കളെ പഠിപ്പിക്കാൻ കൂടി പണം കണ്ടെത്താൻ വേണ്ടിയായിരുന്നു ജമന്തി അയൽവീടുകളിൽ ജോലിക്ക് പോയിതുടങ്ങ്ങിയത്. ഇവരുടെ അമൽദേവ് തൃശൂരിലെ സ്‌കൂളിൽ ഒമ്പതാം ക്‌ളാസുകാരൻ. ഇനി ഇവർക്ക് അമ്മ ജമന്തിയുടെ അധ്വാനം മാത്രമാണ് താങ്ങ്.

ജനുവരി 29ന് പുലർച്ചെ മൂന്നോടെയായിരുന്നു കിങ്‌സ് ഗ്രൂപ്പ് ഉടമ മുറ്റിച്ചൂർ അടക്കാപ്പറമ്പിൽ മുഹമ്മദ് നിസാം ചന്ദ്രബോസിനെ ആക്രമിച്ചത്. മദ്യപിച്ചെത്തിയ നിസാമിന് കടന്നുപോകാൻ ശോഭാ സിറ്റിയിലെ ഫ്‌ളാറ്റ് സമുച്ചയത്തിന്റെ ഗേറ്റ് തുറക്കാൻ വൈകിയതിനായിരുന്നു ആക്രമണം. ആദ്യം നിലത്തിട്ട് മർദ്ദിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ചന്ദ്രബോസിനെ ആഡംബര കാറായ ഹമ്മറിൽ പിന്നാലെ ചെന്ന് മതിലിൽ ചേർത്തിടിച്ചു. നിലത്തുവീണ ചന്ദ്രബോസിനെ ജീപ്പിൽ വലിച്ചുകയറ്റി പാർക്കിങ് ഏരിയയിലെത്തിച്ച് കമ്പ് കൊണ്ട് തല അടിച്ച് പൊട്ടിച്ചു. ബഹളം കേട്ട് ആൾക്കാർ ഓടിയെത്തിയപ്പോഴാണ് നിസാം പിൻവാങ്ങിയത്.

ആക്രമണത്തിൽ ചന്ദ്രബോസിന്റെ നട്ടെല്ലും വാരിയെല്ലും തകർന്നിരുന്നു. ശ്വാസകോശത്തിന് സാരമായ പരിക്കേറ്റതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായതോടെ കഴിഞ്ഞ ആഴ്ച വെന്റിലേറ്ററിൽ നിന്ന് മാറ്റി. എന്നാൽ, വൻകുടലിലും ചെറുകുടലിലും പൊട്ടലുകൾ വീണതോടെ വീണ്ടും ശസ്ത്രക്രിയ നടത്തി വെന്റിലേറ്ററിലേക്ക് മാറ്റി. വയറിൽ ഗ്യാസ് നിറയാൻ തുടങ്ങിയതോടെ കഴിഞ്ഞ ദിവസം വീണ്ടും ശസ്ത്രക്രിയ നടത്തി.

അർദ്ധബോധാവസ്ഥയിൽ ആയിരുന്നെങ്കിലും വിളിച്ചാൽ ചന്ദ്രബോസ് കണ്ണു തുറക്കുമായിരുന്നു. ഇന്നലെ രാവിലെയും ഡോക്ടർമാരുടെ വിളിയോട് പ്രതികരിച്ചു. എന്നാൽ ഉച്ചയോടെ ആരോഗ്യനില വഷളായി മരണത്തിന് കീഴടങ്ങുകയായിരുന്നു. മരണസമയത്ത് ഭാര്യ ജമന്തിയും ബന്ധുക്കളും ആശുപത്രിയിലുണ്ടായിരുന്നു. മരണം സ്ഥിരീകരിച്ചതായി ഡോക്ടർമാർ അറിയിച്ചപ്പോൾ ജമന്തിയെ ആശ്വസിപ്പിക്കാൻ ബന്ധുക്കളും നാട്ടുകാരും പാടുപെട്ടു. വിവരമറിഞ്ഞ് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും നാട്ടുകാരുമായി വൻ ജനാവലി ആശുപത്രിയിലെത്തി. സിറ്റി പൊലീസ് കമീഷണർ ആർ നിശാന്തിനി, അസി. കമീഷണർ ജയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി. നിസാമിന്റെ ശോഭാസിറ്റിയിലെ ഫ്‌ളാറ്റിലും കമീഷണറുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ചൊവ്വാഴ്ചയാണ് പോസ്റ്റ്‌മോർട്ടം.

ചന്ദ്രബോസിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മർദ്ദനമേറ്റ സെക്യൂരിറ്റി ഓഫീസർ കിഴക്കഞ്ചേരി ചീരക്കുഴി കല്ലിങ്കൽ അനൂപും ചികിത്സയിലാണ്. ആശുപത്രിയിൽ ചന്ദ്രബോസിനെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സന്ദർശിച്ചിരുന്നു. സാമ്പത്തിക സഹായവും സൗജന്യ ചികിത്സയും വാഗ്ദാനം ചെയ്‌തെങ്കിലും ഒന്നും നൽകിയില്ല. ഇതുവരെ ആറുലക്ഷം രൂപ ചികിത്സയ്ക്കായി ചെലവായെന്ന് ചന്ദ്രബോസിന്റെ ബന്ധുക്കൾ അറിയിച്ചു. ചികിത്സാ ചെലവുകൾ കൂടി കണ്ടെത്തേണ്ട സ്ഥിതിയിലാണ് നിരാലംബരായ ഈ കുടുംബം.