കോട്ടയം: പിതാവ് അധികാരസ്ഥാനത്തിരിക്കുന്ന ആളാണെങ്കിൽ മക്കൾക്ക് വിവാഹാലോചന ഉന്നത ധനാഢ്യരിൽ നിന്നുമുണ്ടാകുമെന്നതാണ് പൊതുവേയുള്ള കീഴ്‌വഴക്കം. കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ മകനാണെങ്കിൽ കൂടുതൽ പറയേണ്ട കാര്യവുമില്ല. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മന്റെ വിവാഹ നിശ്ചയം കഴിഞ്ഞ രണ്ട് ദിവസം മുമ്പ് കഴിഞ്ഞു. അയ്യായിരം കോടി രൂപയുടെ പ്രഖ്യാപിത ആസ്തിയുള്ള വ്യവസായ പ്രമുഖന്റെ കൊച്ചുമകളെയാണ് ചാണ്ടി ഉമ്മൻ വിവാഹം ചെയ്യുന്നത്.

കേരളത്തിലെ സമ്പന്നരുടെ പട്ടികയിൽ മുമ്പിലുള്ള സി വി ജേക്കബിന്റെ കൊച്ചുമകൾ നീതിയെയാണ് ചാണ്ടി ഉമ്മൻ വിവാഹം ചെയ്യുന്നത്. കോലഞ്ചേരി മെച്ചുപ്ലാടം വീട്ടിൽ സിന്തൈറ്റ് ഗ്രൂപ്പ് ഉടമ സി.വി.ജേക്കബിന്റെ മകൻ വിജു ജേക്കബ്-മിനി ദമ്പതികളുടെ മകളാണ് നീതി. ചാക്കൂട്ടി ചേട്ടൻ എന്ന സി.വി.ജേക്കബിന്റെ രണ്ട് ആൺമക്കളിൽ ഒരാളാണ് വിജു ജേക്കബ്. രണ്ടു പെൺകുട്ടികൾ ഉള്ള വിജു ജേക്കബിന്റെ ഇളയമകളാണ് നീതി. 

വ്യാഴാഴ്ച വൈകിട്ട് കടയിരുപ്പിൽ നടന്ന വിവാഹ നിശ്ചയ ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുൾപ്പടെയുള്ളവർ പങ്കെടുത്തിരുന്നു. ഏപ്രിൽ മാസം പുതുപ്പള്ളി പള്ളിയിൽ വച്ചുതന്നെ വിവാഹം നടക്കുമെന്നാണ് അറിയുന്നത്. വിവാഹത്തോടെ ചാണ്ടി ഉമ്മൻ സിന്തൈറ്റ് ഗ്രൂപ്പ് തലപ്പത്തെത്തുമെന്നുമാണ് റിപ്പോർട്ടുകൾ.

വിജു ജേക്കബിന്റെ മൂത്ത മകളെ കോട്ടയം സ്വദേശിയായ ചാർട്ടേട് അക്കൗണ്ടന്റ് വിവാഹം കഴിച്ചിരുന്നു. കൊച്ചിൻ എയർപോർട്ട് ഡയറക്ടറും, കോലഞ്ചേരി മെഡിക്കൽകോളേജ് ചെയർമാനുമാണ് സി.വി.ജേക്കബ്. 25ലധികം കമ്പനികളുടെ സാരഥ്യം വഹിക്കുന്നയാൾ. ലോകത്തെ ഏറ്റവും വലിയ സ്‌പൈസസ് എക്‌സ്‌പോർട്ടറുടെ സ്ഥാനത്താണ് അ്‌ദ്ദേഹം.

പ്രവാസികൾ അടക്കിവാഴുന്ന കേരളത്തിലെ ധനമേഖലയിൽ അങ്ങനെയല്ലാത്ത മലയാളികളിൽ ഒരാളാണ് സി വി ജേക്കബ്. സി വി ജേക്കബും ഉമ്മൻ ചാണ്ടിയും വളരെ കാലമായി അടുത്ത സുഹൃത്തുക്കളാണ്. കുടുംബങ്ങൾ തമ്മിലും നല്ല ബന്ധമുണ്ട്. അതുകൊണ്ടു കൂടിയാണ് ഇങ്ങനെയൊരു വിവാഹത്തിന് അവസരം ഒരുങ്ങിയതും. സ്‌പൈസസ് ബോർഡ് മെമ്പർ കൂടിയാണ് വിജു ജേക്കബാണ് കേരളത്തിൽ ആദ്യമായി ലമ്പോർഗിനി സ്വന്തമാക്കിയ ആൾ. ലംബോർഗിനി അടക്കം നിരവധി ആഢംബര കാറുകളുടെ ഉടമയാണ് വിജു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ ചാണ്ടി ഉമ്മനെ രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായാണ് വിലയിരുത്തുന്നത്.