ന്യൂഡൽഹി: യുപി അടക്കം അഞ്ചു നിയമസഭകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പുകൾക്കുശേഷം കേരളത്തിൽ കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പു പ്രക്രിയ തുടങ്ങും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഈ നിർദ്ദേശം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി അംഗീകരിച്ചു. ഇതോടെ ഡിസിസി പ്രസിഡന്റുമായി ബന്ധപ്പെട്ട തർക്കങ്ങളും എതിർ്പ്പുകളും മറന്ന് കോൺഗ്രസിന്റെ സംഘടനാ പ്രവർത്തനത്തിൽ ഉമ്മൻ ചാണ്ടിയും സജീവമാകും. ഉമ്മൻ ചാണ്ടിയുടെ സമ്മർദ്ദങ്ങൾ ഹൈക്കമാണ്ടിനെ സ്വാധീനിച്ചുവെന്നും ഇതോടെ വ്യക്തമാവുകയാണ്.

ഹൈക്കമാൻഡ് തിരഞ്ഞെടുപ്പിനെതിരല്ല, പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ സംഘടനാ തിരഞ്ഞെടുപ്പു തന്നെയാണു മാർഗം, അഖിലേന്ത്യാ തലത്തിൽ തിരഞ്ഞെടുപ്പു മാറ്റിവയ്‌ക്കേണ്ടിവന്നത് അനിവാര്യ രാഷ്ട്രീയസാഹചര്യങ്ങളാലാണ് എന്ന നിലപാടാണു ഉമ്മൻ ചാണ്ടിയോട് രാഹുൽ പറഞ്ഞത്. എന്നാൽ കേരളത്തിൽ തിരഞ്ഞെടുപ്പ് കൂടിയേ തീരൂവെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചു. നോമിനേഷനിലൂടെ പാർട്ടി അണികളിൽ സ്വാധീനമുള്ളവർ പിന്തള്ളപ്പെടുന്നു. ഇത് അംഗീകരിക്കാവുന്നതല്ലെന്ന് രാഹുലിനോട് ഉമ്മൻ ചാണ്ടി വ്യക്തമാക്കി. ഈ ഒറ്റ നിർദ്ദേശം മാത്രമായിരുന്നു ഉമ്മൻ ചാണ്ടിക്ക് അവതരിപ്പിക്കാനുണ്ടായിരുന്നത്. ഇത് അംഗീകരിക്കാതിരിക്കാൻ രാഹുലിന് കഴിയാത്ത സാഹചര്യമായിരുന്നു.

ബൂത്തുതലത്തിൽ മാത്രം നേരിട്ടു തിരഞ്ഞെടുപ്പു നടത്തുക, ബ്ലോക്, നിയോജകമണ്ഡലം, ഡിസിസി തലങ്ങളിൽ ആനുപാതിക പ്രാതിനിധ്യമനുസരിച്ചു പ്രതിനിധികളെ നിശ്ചയിക്കുകയെന്ന നിർദേശമാണ് ഉമ്മൻ ചാണ്ടി മുന്നോട്ടുവയ്ക്കുന്നത്. ഒരാൾ ജയിക്കുകയും മറ്റൊരാൾ തോൽക്കുകയും ചെയ്യുന്ന സമ്പ്രദായം ഇതോടെ ഇല്ലാതാകും. നിശ്ചിത വോട്ട് ലഭിച്ച പലർക്കും പാർട്ടിയുടെ വിവിധ തലങ്ങളിൽ ഉത്തരവാദിത്തം ലഭിക്കും. എഐസിസി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതു പിസിസികളിൽ നിന്ന് ആനുപാതിക പ്രാതിനിധ്യ രീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങൾ ചേർന്നാണ്. ഇക്കാര്യത്തിൽ ഒരു സംസ്ഥാനത്തും തർക്കമുണ്ടാകാറില്ലെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

രാഹുൽഗാന്ധിയുമായി തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ചയിൽ താൻ സംതൃപ്തനാണെന്ന് ഉമ്മൻ ചാണ്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. മുതിർന്നനേതാവെന്ന നിലയിൽ ഉമ്മൻ ചാണ്ടിയുടെ വാക്കുകൾക്ക് വിലകൽപ്പിക്കുന്നെന്ന വ്യക്തമായ സന്ദേശം രാഹുൽ കൂടിക്കാഴ്ചയിൽ നൽകിയതായാണ് സൂചന. ഉമ്മൻ ചാണ്ടിയും ഹൈക്കമാൻഡും തമ്മിൽ അടുത്തകാലത്ത് നിലനിന്നിരുന്ന അകൽച്ച കൂടിക്കാഴ്ചയോടെ ഇല്ലാതായി എന്ന് കോൺഗ്രസ് കേന്ദ്രനേതൃത്വവുമായി ബന്ധപ്പെട്ടവർ അവകാശപ്പെട്ടു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കും സന്നിഹിതനായിരുന്നു. പ്രവർത്തകസമിതിയംഗം എ.കെ. ആന്റണിയുമായും അദ്ദേഹം ചർച്ച നടത്തി. മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങുമായും ഉമ്മൻ ചാണ്ടി കൂടിക്കാഴ്ച നടത്തി.

ഇനിയുള്ള കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. 'ഞാൻ ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. ഹൈക്കമാൻഡ് വിളിച്ചു, വന്നു, സംഘടനാപരമായ കാര്യങ്ങൾ കോൺഗ്രസ് ഉപാധ്യക്ഷനെ ധരിപ്പിച്ചു. ചർച്ചചെയ്ത കാര്യങ്ങൾ വെളിപ്പെടുത്താനില്ല. ചർച്ചയിൽ സംതൃപ്തനാണ്'' -മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അദ്ദേഹം പറഞ്ഞു. രാഷ്ടീയകാര്യസമിതി യോഗം ഉൾപ്പടെ ഒരു യോഗത്തിലും പങ്കെടുക്കില്ലെന്ന് പറഞ്ഞിട്ടില്ല. രാഷ്ടീയകാര്യസമിതിയിൽ പങ്കെടുക്കാൻ സൗകര്യമുണ്ടായിരുന്നില്ല. അത് നേരത്തേതന്നെ വ്യക്തമാക്കിയതാണ്- ഉമ്മൻ ചാണ്ടി പറഞ്ഞു. തുടർന്നുള്ള യോഗങ്ങളിൽ പങ്കെടുക്കുമെന്ന സൂചനയും അദ്ദേഹം നൽകി.

ഉമ്മൻ ചാണ്ടിയുടെ പുതിയ നിർദ്ദേശത്തോട് . രാഹുൽ ഗാന്ധിക്കും തത്വത്തിൽ യോജിപ്പാണ്. എന്നാൽ, ഇതു നടപ്പാക്കുന്നതിന് എഐസിസി സമ്മേളനം ചേർന്നു പാർട്ടി ഭരണഘടന ഭേദഗതി ചെയ്യേണ്ടിവരും. തികച്ചും സംതൃപ്തനാണെന്നായിരുന്നു കൂടിക്കാഴ്ചയ്ക്കുശേഷം ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. രാഹുൽ ഗാന്ധിയെ കണ്ടതു പരാതി പറയാനല്ല, കാണാൻ ആവശ്യപ്പെട്ടതു കൊണ്ടാണ്. പാർട്ടി ഉപാധ്യക്ഷനുമായി ചർച്ചചെയ്ത കാര്യങ്ങളിൽ തുടർനടപടിയെടുക്കേണ്ടതു ഹൈക്കമാൻഡാണ് അദ്ദേഹം പറഞ്ഞു. വി എം സുധീരനുമായി പിണങ്ങിയ ഉമ്മൻ ചാണ്ടി കെപിസിസിയുടെ യോഗങ്ങളുമായി സഹകരിക്കുന്നുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് രാഹുൽ നേരിട്ട് ഉമ്മൻ ചാണ്ടിയെ ചർച്ചയ്ക്ക് വിളിച്ചത്.

പ്രവർത്തകസമിതിയംഗം എ.കെ. ആന്റണിയും വാസ്‌നിക്കുമായി ചർച്ച നടത്തിയ ശേഷമാണ് ഉമ്മൻ ചാണ്ടി രാഹുലിനെ കണ്ടത്. രണ്ടുരേഖകൾ ഉമ്മൻ ചാണ്ടി രാഹുലിനു കൈമാറി. നേതാക്കൾക്കിടയിൽ പരസ്പര വൈരം ഒഴിവാക്കിയും കാര്യക്ഷമമായും തിരഞ്ഞെടുപ്പു നടത്തുന്നതിനുള്ള നിർദേശമായിരുന്നു ഒന്ന്. നോട്ട് റദ്ദാക്കലിനുശേഷം വിവാദ യുകെ കമ്പനിക്കു പ്ലാസ്റ്റിക് കറൻസി അച്ചടിക്കുന്നതിനു കരാർ നൽകാനുള്ള നീക്കത്തെക്കുറിച്ചുള്ളതായിരുന്നു രണ്ടാമത്തേത്. ദേശീയ തലത്തിൽ മോദി സർക്കാരിനെതിരെ പ്രചരണം ശക്തമാക്കണമെന്നും രാഹുലിനോട് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടിരുന്നു.

അതിനിടെ കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് അപ്രായോഗികമല്ലെങ്കിലും കേരളത്തിനു മാത്രമായി തിരഞ്ഞെടുപ്പ് അസാധ്യമെന്നു പാർട്ടിയുടെ തിരഞ്ഞെടുപ്പ് വിഭാഗം ചെയർമാൻ കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇതേസമയം, അഖിലേന്ത്യാ സമയക്രമം നിശ്ചയിച്ചു നടത്തുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ കേരളത്തെ ഉൾപ്പെടുത്താനാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പു പ്രക്രിയ തുടങ്ങുന്നതിന് എഐസിസി സമ്മേളനം ചേരണം. അംഗത്വവിതരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഭരണഘടനാ ഭേദഗതി ചെയ്തശേഷം തിരഞ്ഞെടുപ്പു നടത്താനാണു പ്രവർത്തകസമിതിയുടെ തീരുമാനം.