ചങ്ങനാശേരി: മഹാഭാരതത്തിൽ ഒരു കഥയുണ്ട്. ച്യവനമഹർഷിയുടെയും സുകന്യയുടെയും കഥ. വയോധികനും അന്ധനുമായ ച്യവനമഹർഷിയെ അശ്വിനീദേവകൾ ചികിത്സിച്ച് യുവകോമളനാക്കി. എന്നിട്ട് അതേവേഷം കെട്ടി അശ്വനീദേവകളും നിരന്നു. ച്യവനമഹർഷിയുടെ ഭാര്യയായ സുകന്യയ്ക്ക് മുന്നിൽ മൂവരും ചെന്നുനിരന്നു നിന്നു. ഒരേ പോലെ മൂന്നുപേർ. ഇതിൽ ആരാണ് യഥാർഥ ച്യവനമഹർഷിയെന്ന് കണ്ടു പിടിച്ച് അയാളെ മാലയിടാൻ അവർ പറഞ്ഞു. സുകന്യ മാലയിട്ടത് സ്വന്തം ഭർത്താവായ ച്യവനമഹർഷിയുടെ കഴുത്തിൽ. സുകന്യയുടെ പാതിവ്രത്യം കണ്ട് അശ്വിനീദേവകൾ സന്തോഷിച്ചു...

ഇതു വെറും കഥയാണെങ്കിലും ഇതു പോലൊരെണ്ണം ഇന്നലെ കൊച്ചിയിലുള്ള പൊലീസ് കംപ്ലെയ്ന്റ് അഥോറിട്ടി ഓഫീസിൽ നടന്നു. ഇവിടെ സുകന്യയായത് ചങ്ങനാശേരിയിലെ ഒരു മീൻകച്ചവടക്കാരൻ. ച്യവനമഹർഷിമാരായത് ചങ്ങനാശേരി ഡിവൈ.എസ്‌പി അടക്കം കുറേ യൂണിഫോമിട്ട പൊലീസുകാർ. സംഗതി ഇത്രയേയുള്ളൂ. തന്റെ കൈയിൽ നിന്ന് മീൻവാങ്ങിയ ശേഷം പണം ചോദിച്ചപ്പോൾ മർദിച്ച പൊലീസ് ഉദ്യോഗസ്ഥനെ മത്സ്യവ്യാപാരി തിരിച്ചറിയണം. മഹാഭാരതത്തിലെ സുകന്യയെപ്പോലെ അത്ര പതിവ്രതൻ അല്ലാത്തതു കൊണ്ടാകണം; യൂണിഫോമിട്ട് നിരന്നു നിന്ന പൊലീസ് ഉദ്യോഗസ്ഥരിൽ തന്നെ മർദിച്ചയാളെ കണ്ടെത്താൻ കഴിയാതെ മീൻകച്ചവടക്കാരൻ സുല്ലിട്ടു. ആളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പൊലീസ് കംപ്ലെയ്ന്റ് അഥോറിട്ടി കേസ് ചുരുട്ടിക്കെട്ടി. ഇതൊക്കെ കേരളത്തിൽ മാത്രമേ നടക്കൂ. പരാതിക്കാരനും പ്രതിയും ചേർന്ന് കേസ് ഒതുക്കുന്ന സുന്ദരമുഹൂർത്തം. അതിന് പക്ഷേ, ഈ നാടകം എന്തിനാണെന്നാണ് ആർക്കും പിടികിട്ടാത്തത്. മീൻകാരൻ നൽകിയ കേസിലെ യഥാർഥ പ്രതി ചങ്ങനാശേരി ഡിവൈ.എസ്‌പി ശ്രീകുമാറായിരുന്നുവെന്ന് എല്ലാവർക്കും അറിയാമായിരുന്നു. പണി അദ്ദേഹത്തിന് കിട്ടുമെന്നായപ്പോൾ ഒത്തുകളിച്ച് കട പൂട്ടി. സംഗതി സിമ്പിൾ.

ചങ്ങനാശേരി ആലപ്പുഴ റോഡരികിൽ പെട്ടി വണ്ടിയിലിട്ട് മത്സ്യം വിറ്റു കൊണ്ടിരുന്ന തന്റെ കൈയിൽ നിന്നും ഒരു പൊലീസുകാരൻ രണ്ടരക്കിലോ മീൻ വാങ്ങുകയും കാശുചോദിച്ചപ്പോൾ മറ്റൊരു ഉദ്യോഗസ്ഥൻ വന്ന് മർദിക്കുകയും മീൻവലിച്ചെറിയുകയും ചെയ്തുവെന്ന് ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഹനീഫ(44)യാണ് പൊലീസ് കംപ്ലെയ്ന്റ് അഥോറിട്ടിക്ക് പരാതി നൽകിയത്. തുടർന്ന് അഥോറിട്ടി ചെയർമാൻ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് ഇരുകൂട്ടരെയും സിറ്റിങ്ങിന് വിളിച്ചു. ആദ്യം പരാതിക്കാരൻ ഹാജരായില്ല. രണ്ടാം തവണ പൊലീസുകാരനും ഹാജരായില്ല. പിന്നെ ചങ്ങനാശേരി ഡിവൈ.എസ്‌പി ഹാജരാകാൻ ഉത്തരവിട്ടു. അദ്ദേഹം ഹാജരായില്ല. അതിന് പകരം ശ്രീകുമാർ എന്ന് പേരുള്ള എഎസ്ഐയെ വിട്ടു. ഇതിനിടെ യഥാർഥ പ്രതി ഡിവൈ.എസ്‌പിയാണെന്ന് അഥോറിട്ടിക്കും ബോധ്യമായി. കോട്ടയം എസ്‌പിയും ഈ സൂചന നൽകി. ഇനിയാണ് കളി നടന്നത്.

പരാതിക്കാരനുമായി പുറത്ത് ഒത്തു തീർപ്പുണ്ടാക്കിയാകണം ഇന്നലെ കേസ് ഒത്തു തീർപ്പാക്കിയതെന്ന് വ്യക്തം. കുറ്റക്കാരനെ കണ്ടെത്താൻ തിരിച്ചറിയൽ പരേഡിൽ കഴിഞ്ഞില്ല എന്ന കാരണം പറഞ്ഞ് കേസൊതുക്കി. എന്നാൽ, കുറ്റക്കാരനെ കണ്ടെത്തിയിട്ടു മതി കേസ് ക്ലോസ് ചെയ്യുന്നത് എന്ന് അഥോറിട്ടിയും തീരുമാനിച്ചില്ല. ചുരുക്കിപ്പറഞ്ഞാൽ ഔദ്യോഗികപരമായും നിയമപരമായും എല്ലാം ശുഭം. നാട്ടുകാരുടെ കണ്ണിൽ പൊലീസ് വീണ്ടും ശശി. ദുരൂഹത ബാക്കി നിർത്തിയാണ് കേസ് പൂട്ടിക്കെട്ടിയത്. തന്നെ മർദിച്ച ഉദ്യോഗസ്ഥന്റെ റാങ്കോ പേരോ തിരിച്ചറിയാൻ കഴിയാത്ത മീൻ കച്ചവടക്കാരൻ പൊലീസ് കംപ്ലെയ്ന്റ് അഥോറിട്ടിക്ക് പരാതി നൽകിയതോടെ ഡിവൈ.എസ്‌പി പെട്ടത്. പെട്ടിവണ്ടിയിൽ മത്സ്യവുമായി വന്ന ഹനീഫയിൽ നിന്നും രണ്ടരകിലോ മീനാണ് പൊലീസ് ഉദ്യോഗസ്ഥൻ വാങ്ങിയത്. പണം ചോദിച്ചപ്പോൾ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു. തന്നെ മർദിച്ചത് ഏതു റാങ്കിലുള്ള ഉദ്യോഗസ്ഥനാണെന്ന് ഹനീഫയ്ക്ക് അറിയില്ലായിരുന്നു.

യൂണിഫോമും നക്ഷത്രവും നോക്കി തിരിച്ചറിയാനുള്ള പഠിപ്പൊന്നും ഇയാൾക്കില്ല താനും. പൊതുജനമധ്യത്തിൽ അപമാനിതനായ ഹനീഫ അഭിഭാഷകനെ സമീപിച്ചപ്പോഴാണ് പൊലീസ് കംപ്ലെയ്ന്റ് അഥോറിട്ടിയിൽ പരാതി നൽകാൻ ഉപദേശം കിട്ടിയത്. തുടർന്ന് അഭിഭാഷകൻ മുഖേന പരാതി സമർപ്പിച്ചു. പരാതിയിൽ പറഞ്ഞിരുന്ന ഉദ്യോഗസ്ഥന്റെ പേര് പ്രേംകുമാർ എന്നായിരുന്നു. അഥോറിട്ടിയുടെ സിറ്റിങ്ങിൽ ഹനീഫ തന്നെ മർദിച്ച ഉദ്യോഗസ്ഥന്റെ പേര് കൃത്യമായി അറിയില്ലെന്നും ആളെ കണ്ടാൽ അറിയാമെന്നും ചങ്ങനാശേരി സ്റ്റേഷനിലെ എഎസ്ഐ ആണെന്ന് സംശയിക്കുന്നതായും പറഞ്ഞു. ഉദ്യോഗസ്ഥന്റെ പേര് കൃത്യമായി അറിയാത്തതു കൊണ്ട് രണ്ടുതവണ സിറ്റിങ്ങ് മാറ്റി വച്ചിരുന്നു. അന്വേഷണം നടത്തി അന്ന് പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ കുറിച്ച് അറിയിക്കണമെന്ന് ഐ.ജി. മഹിപാൽ യാദവിനോട് ജസ്റ്റിസ് നിർദ്ദേശിക്കുകയും ചെയ്തു. ഇതു പ്രകാരം ചങ്ങനാശേരി സി.ഐ സഖറിയമാത്യു, എഎസ്ഐ ശ്രീകുമാർ എന്നിവർ കഴിഞ്ഞ എട്ടിന് നടന്ന അഥോറിട്ടി സിറ്റിങ്ങിൽ ഹാജരായി. എന്നാൽ, പ്രതി ഈ ഉദ്യോഗസ്ഥനല്ലെന്ന് ഹനീഫ പറഞ്ഞതോടെ കളിമാറി.

കുറ്റക്കാരനെ അഥോറിട്ടിക്ക് മുന്നിൽ ഹാജരാക്കാതെ പൊലീസ് ഒളിച്ചു കളിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞ ചെയർമാൻ പൊലീസിനെ രൂക്ഷമായി വിമർശിച്ചു. ഡിവൈ.എസ്‌പി സിറ്റിങ്ങിൽ ഹാജരാകാൻ ആവശ്യപ്പെട്ടിടത്ത് സി.ഐയെയും എഎസ്ഐയും വിട്ടതിനെ ജസ്റ്റിസ് താക്കീത് ചെയ്തു. പൊലീസിന്റെ നിലപാട് ശരിയല്ലെന്നും പ്രതിയാരെന്ന് അറിഞ്ഞിട്ടും ഹാജരാക്കാത്തത് അനാസ്ഥയാണെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് വിമർശിച്ചു. കഴിഞ്ഞ 15 ന് നടന്ന സിറ്റിങ്ങിലും പല കാരണം പറഞ്ഞ് ഡിവൈ.എസ്‌പി ഹാജരായില്ല. അതിന് ശേഷമാണ് ഇന്നലെ സിറ്റിങ്ങ് നടന്നതും ഡിവൈ.എസ്‌പി അടക്കം കുറേ ഉദ്യോഗസ്ഥർ ഹാജരായി നാടകം കളിച്ചതും.